മലയാളികളുടെ അഭിമാനവും അഹങ്കാരവുമായി മാറിയ ശബ്ദം, സോഷ്യല്‍മീഡിയ നിറയുന്ന റീലുകളില്‍ ‘അങ്ങുവാന കോണിലെ’ എന്നുതുടങ്ങുന്ന ഈ മധുരശബ്ദമാണ്. ഷിരൂര്‍ മണ്ണിടിച്ചിലില്‍ മരിച്ച കോഴിക്കോട് കണ്ണാടിക്കല്‍ സ്വദേശി അര്‍ജുന്റെ മൃതദേഹം വഹിച്ച വിലാപയാത്രയിലും ഇതേ പാട്ടായിരുന്നു പ്ലേ ചെയ്തത്. എആര്‍എം എന്ന സിനിമയിലെ വൈക്കം വിജയലക്ഷ്മി പാടിയ പാട്ട് ജനഹൃദയങ്ങളിലേക്കങ്ങനെ ആഴത്തിലെത്തിക്കഴിഞ്ഞു. ഒക്ടോബര്‍ 7ന് വൈക്കം വിജയലക്ഷ്മിക്ക് 43 വയസ് തികയും. ഇത്തവണത്തെ പിറന്നാള്‍ ഏറെ സന്തോഷമുള്ളതെന്ന് ഗായിക മനോരമന്യൂസ് ഡോട്ട്കോമിനോട്...
സ്പെഷ്യല്‍ ജന്‍മദിനം
ഏറെ സന്തോഷമുള്ളൊരു അവസരത്തിലാണ് ഈ പിറന്നാളാഘോഷമെന്ന് വൈക്കം വിജയലക്ഷ്മി. എആര്‍എം സിനിമയില്‍ പാടിയ ‘അങ്ങു വാന കോണില്’ എന്ന ഗാനം വമ്പന്‍ഹിറ്റായി കഴിഞ്ഞു. പാട്ടിനെക്കുറിച്ചു പറയാനും അഭിനന്ദിക്കാനുമെത്തുന്ന കോളുകളുടെ ബഹളമാണ് വിജയലക്ഷ്മിയുടെയും മാതാപിതാക്കളുടെയും ഫോണില്‍. പാട്ട് ഹിറ്റായ ശേഷമുള്ള ആദ്യ പിറന്നാളാഘോഷം മറ്റെല്ലാ തവണത്തേതും പോലെ തന്നെ ക്ഷേത്രദര്‍ശനത്തില്‍ തുടങ്ങും. ചാത്തന്‍കുടി ദേവീക്ഷേത്രത്തിലാണ് കൂടുതലായും സന്ദര്‍ശനം നടത്തുക. ഇത്തവണ നവരാത്രി ആഘോഷവേള കൂടിയായതുകൊണ്ട് പ്രശസ്തമായ പടിഞ്ഞാറേ ഭദ്രവിളക്കുമനയിലാണ് പിറന്നാള്‍ സദ്യ. നവരാത്രി ആഘോഷങ്ങളില്‍ പങ്കെടുക്കും. വൈകുന്നേരം വിട്ടിലൊരു കേക്ക് മുറിക്കും. ജന്‍മനാളായ ഉത്രാടം ഒക്ടോബര്‍ 11നാണ്, അന്നുപക്ഷേ മറ്റു പരിപാടികള്‍ ഉള്ളതിനാല്‍ തിയ്യതിക്ക് തന്നെ പിറന്നാളോഘം നടത്താമെന്ന് കരുതി.
എആര്‍എം ഹിറ്റായ വഴി
തീംസോങ് ആണെന്നു കേട്ടപ്പോള്‍ തന്നെ നല്ല പ്രതീക്ഷയുണ്ടായിരുന്നു. പാടിക്കഴിഞ്ഞപ്പോള്‍ എല്ലാവരും പറഞ്ഞു ഹിറ്റാകുമെന്ന്. ഒരു അവാര്‍ഡിന്റെ മണമടിക്കുന്നുണ്ടോയെന്നാണ് പാടിക്കഴിഞ്ഞപ്പോള്‍ അച്ഛന്‍ പറഞ്ഞത്. സംഗീതസംവിധായകന്‍ ദിബു നൈനാന്‍ തോമസിന്റെ കനാ എന്ന തമിഴ് ചിത്രത്തില്‍ വൈക്കം വിജയലക്ഷ്മി പാടിയ ‘വായാടി പേത്ത പുള്ള’ എന്ന ഗാനം സൂപ്പര്‍ ഹിറ്റായിരുന്നു. അതിലൂടെയാണ് എആര്‍എമ്മില്‍ അവസരം ലഭിച്ചത്. പാടിക്കഴിഞ്ഞപ്പോള്‍ തന്നെ വലിയ സന്തോഷവും ആത്മവിശ്വാസവും തോന്നിയെന്നും വിജയലക്ഷ്മി പറയുന്നു. ആദ്യം ട്രാക്ക് അയച്ചു തന്നു, അത് കേട്ടാണ് പഠിച്ചത്, പിന്നീട് എറണാകുളത്ത് പോയാണ് പാട്ട് പാടിയത്. എല്ലാ ഭാഷയിലും പാടണമെന്നും ടീം ആവശ്യപ്പെട്ടിട്ടുണ്ട്.
ത്രീഡി ഗ്ലാസും എആര്‍എം സിനിമയും
എആര്‍എം സിനിമ കാണാന്‍ തിയറ്ററില്‍ പോയി. കാണുകയല്ലല്ലോ, കേള്‍ക്കുകയല്ലേ ഞാന്‍, അവിടെ ചെന്നപ്പോള്‍ ത്രീഡി ഗ്ലാസും തന്നു. ഞാന്‍ ചോദിച്ചു ഇതന്തിനാ എനിക്കെന്ന്, അപ്പോള്‍ അമ്മായി പറഞ്ഞു, ചുമ്മാവച്ചു നോക്ക് ,എന്താണെന്നറിയാലോ എന്ന്, ഞാന്‍ കുറച്ചുസമയം ത്രീഡി ഗ്ലാസ്‌വച്ചിരുന്നു, തലവേദന തോന്നിയതോടെ എടുത്തുമാറ്റി. അര്‍ജുനൊപ്പം എന്റെ പാട്ടും ഷിരൂരില്‍ മരിച്ച അര്‍ജുന്റെ വിലാപയാത്രക്കൊപ്പം എന്റെ പാട്ടും പ്ലേ ചെയ്തെന്ന് കേട്ടപ്പോള്‍ വല്ലാത്ത സങ്കടം തോന്നി. ഇത്രയും ദിവസങ്ങള്‍ ആ കുടുംബം നോക്കിനോക്കിയിരുന്നിട്ടും ഈ രീതിയിലാണല്ലോ തിരിച്ചുകിട്ടിയത്. വളരെ വിഷമം തോന്നി.
അമ്മ കൈ പിടിച്ചാല്‍ ഉള്‍ക്കാഴ്ച
റെക്കോര്‍ഡിങ്ങിന് പോകുന്ന സമയത്ത് അമ്മയും അച്ഛനുമാണ് കൂടെവരാറുള്ളത്. അത് ഇന്ത്യക്കകത്തായാലും പുറത്തായാലും ഇരുവരും കൂടെ വേണമെന്ന് നിര്‍ബന്ധമുണ്ട്. അമ്മ കൈ പിടിച്ചാല്‍ ആണ് ആത്മവിശ്വാസവും ധൈര്യവും കിട്ടുക. അമ്മയും അച്ഛനുമാണ് ധൈര്യം. മറ്റാരെങ്കിലും കൈ പിടിച്ചാല്‍ അവരുടെ ശ്രദ്ധ മാറിപ്പോകുമോ എന്ന ഭയം തോന്നും, നടക്കാന്‍ ബുദ്ധിമുട്ട് തോന്നും.
അഞ്ചാം വയസ് മുതല്‍ ഗായിക
അഞ്ചു വയസുള്ളപ്പോഴാണ് പാട്ടിനോട് ഇത്രയും സ്നേഹവും ആകര്‍ഷണവും തോന്നിയത്. കാസറ്റുകള്‍ കേട്ടാണ് അന്ന് പാട്ട് പഠിച്ചിരുന്നത്. പിന്നീട് ഏഴാം വയസിലാണ് ഗുരുമുഖത്തുനിന്നും പഠിക്കാനാരംഭിച്ചത്. ദാസേട്ടന് ഗുരുദക്ഷിണ സമര്‍പ്പിച്ച ശേഷമാണ് അരങ്ങേറ്റം കുറിച്ചത്. ഇപ്പോഴും കച്ചേരിക്ക് പോവാറുണ്ടെന്നും വിജയലക്ഷ്മി. സിനിമയിലെത്തിയ ശേഷമാണ് ആളുകള്‍ അറിഞ്ഞുതുടങ്ങുന്നത്.
തെലുഗുപാട്ട് അന്ന് പണിതന്നു
അന്യഭാഷാ ഗാനങ്ങള്‍ മലയാളം പാട്ടുകള്‍ പാടുംപോലെ തന്നെയാണ് അന്യഭാഷാ ഗാനങ്ങളും. രണ്ടോമൂന്നോ ദിവസം മുന്‍പോ ചിലപ്പോള്‍ ഒരാഴ്ച മുന്‍പോ ട്രാക്ക് അയച്ചുതരും. ട്രാക്ക് കേട്ട് കാണാതെ പഠിച്ചിട്ടാണ് റെക്കോര്‍ഡിങ്ങിനു പോകുന്നത്. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി, സംസ്കൃതം, ബംഗാളി ഗാനങ്ങള്‍ വരെ പാടിയിട്ടുണ്ട്. ഒരു തവണ തെലുങ്ക് പാട്ട് പാടാനായി അണിയറക്കാര്‍ ട്രാക്ക് അയച്ചു തന്നില്ല. സ്റ്റുഡിയോയില്‍ ചെന്ന ശേഷം പഠിക്കാമെന്നായിരുന്നു പറഞ്ഞത്. അന്നുപക്ഷേ ഞാന്‍ പെട്ടുപോയി, തെലുങ്കല്ലേ ഭാഷ, ആകെ സ്‌ട്രസും ടെന്‍ഷനും കൂടി റെക്കോര്‍ഡിങ്ങിനിടെ ഇടയ്ക്ക് കിടക്കേണ്ടി വന്നു. അന്നു ഞാന്‍ പറഞ്ഞു, എന്റ പൊന്നുസാറേ ഇനി ഇങ്ങനെ ട്രാക്ക് അയക്കാതെ പാടാന്‍ പറ്റില്ലെന്ന്.. അവര്‍ക്കെന്തോ ഒരു വിശ്വാസമില്ലായ്മ ആയിരുന്നു, ട്രാക്ക് മറ്റാരെയെങ്കിലും കേള്‍പ്പിക്കുമോയെന്ന്. അതൊരു മോശം അനുഭവമായിരുന്നു.
കുപ്പിവളയും പാദസരവും
കിലുകിലാ കുലുങ്ങുന്ന കുപ്പിവളയും ചില്‍ചില്‍ ശബ്ദത്തോടെ നടക്കുന്ന പാദസരവും ക്രേസ് ആണ്. നിറയെ മണിയുള്ള ഒരു പാദസരം മുന്‍പ് മൗറീഷ്യസില്‍ നിന്നും ഗിഫ്റ്റായി കിട്ടി, അന്നുമുതല്‍ കാലിലുണ്ട് മണിയുള്ള പാദസരങ്ങള്‍. നോണ്‍ വെജിറ്റേറിയന്‍ ഭക്ഷണത്തോടാണ് ഏറെ പ്രിയം. പ്രത്യേകിച്ച് മീന്‍ വിഭവങ്ങള്‍. റെക്കോര്‍ഡിങ് ഇല്ലാത്ത സമയത്ത് നാട്ടിലാണെങ്കിലും ഇടയ്ക്ക് പുറത്തൊക്കെ പോയി ഭക്ഷണം കഴിക്കുന്ന ശീലവുമുണ്ട്.
ആക്ടീവാണ് സോഷ്യല്‍മീഡിയ
ഇരിങ്ങാലക്കുടയിലെ മിഥുന്റെ സഹായത്തോടെ സോഷ്യല്‍മീഡിയയിലും ആക്ടീവാണ്. ലിങ്കുകളും മറ്റും അയച്ചുകൊടുക്കും. പക്ഷേ മറ്റു കാര്യങ്ങളിലോ വിവാദങ്ങളിലോ ഒന്നും അഭിപ്രായം പറയാന്‍ പോവാറില്ല, എന്തിനാ വെറുതെ ഓരോ പണിമേടിക്കുന്നത്, ചുമ്മാ പാട്ടുംപാടി ഇരുന്നാല്‍ പോരെ ഓരോ വയ്യാവേലി എടുത്ത് തലയില്‍ വയ്ക്കാനൊക്കെ നല്ല പേടിയുണ്ട്. അതുകൊണ്ട് അഭിപ്രായപ്രകടനത്തിനൊന്നും പോവാറില്ല.