‘എന്തൊരു കലാകാരനാണ് സാര്‍ അയാള്‍. അതുപോലൊരു നാച്ചുറല്‍ ആര്‍ട്ടിസ്റ്റിനെ ഞാന്‍ എന്‍റെ ജീവിതത്തില്‍ കണ്ടിട്ടില്ല. ഹാറ്റ്സ് ഓഫ് ടു ഹിം... ഹാറ്റ്സ് ഓഫ്!’ പറയുന്നത് സാക്ഷാല്‍ സൂപ്പര്‍സ്റ്റാര്‍ രജനീകാന്ത്. ആരെക്കുറിച്ചാണെന്നല്ലേ. മലയാളത്തിന്‍റെ സ്വന്തം ഫഹദ് ഫാസിലിനെക്കുറിച്ച്. തന്‍റെ പുതിയ ചിത്രം ‘വേട്ടൈയാന്‍റെ’ ഓഡിയോ ലോഞ്ചിലാണ് രജനീകാന്തിന്‍റെ വാക്കുകള്‍. ഫഹദിന്‍റെ അഭിനയം കണ്ട് ത്രില്ലടിച്ച കഥയും ഫഹദിനെ സിനിമയിലെത്തിക്കാന്‍ നടത്തിയ ശ്രമങ്ങളെക്കുറിച്ചും അദ്ദേഹം തുറന്നുപറഞ്ഞു.
‘വേട്ടൈയാനിലെ കഥാപാത്രങ്ങള്‍ക്ക് പറ്റിയ അഭിനേതാക്കളെ നോക്കിയ സമയത്ത് സംവിധായകന്‍ ജ്ഞാനവേല്‍ ആദ്യം അമിതാഭ് ബച്ചനെയും റാണ ദഗ്ഗുബട്ടിയെയും നിശ്ചയിച്ചു. അതിനുശേഷം വളരെ വ്യത്യസ്തമായ ഒരു കഥാപാത്രത്തെക്കുറിച്ച് സംസാരിച്ചു. അത് ഫഹദ് ഫാസില്‍ ചെയ്താല്‍ മാത്രമേ നന്നാകൂ. അദ്ദേഹത്തെക്കൊണ്ട് എങ്ങനെയും ഈ റോള്‍ ഏറ്റെടുപ്പിക്കണം എന്നാവശ്യപ്പെട്ടു. ഒരു എന്‍റര്‍ടെയ്നര്‍ സ്വഭാവത്തിലുള്ള കാരക്ടറായിരുന്നു അത്. ഫഹദിന്‍റെ രണ്ട് തമിഴ് സിനിമകള്‍ മാത്രമേ ഞാന്‍ കണ്ടിട്ടുള്ളു. വിക്രം വേദയും മാമന്നനും. രണ്ടിലും വില്ലന്‍ ടച്ചുള്ള വളരെ സീരിയസ് കാരക്ടറുകള്‍. അതൊക്കെ ചെയ്ത നടന്‍ ഇങ്ങനെയൊരു കാരക്ടര്‍ ചെയ്താല്‍ എങ്ങനെ ശരിയാകുമെന്ന് ഞാന്‍ ചോദിച്ചു.’ അതിന് ജ്ഞാനവേല്‍ തന്ന മറുപടി ‘അയാള്‍ ചെയ്ത മലയാള സിനിമകള്‍ കാണണം സാര്‍, സൂപ്പര്‍ ആര്‍ട്ടിസ്റ്റാണ്...’ എന്നായിരുന്നു. ശരി താങ്കള്‍ സംസാരിച്ചുനോക്കൂ എന്ന് രജനി പറഞ്ഞു.
ഏതാനും ദിവസങ്ങള്‍ കഴിഞ്ഞ് ജ്ഞാനവേല്‍ രജനീകാന്തിനെ വിളിച്ചു. അഞ്ചുമിനിറ്റ് സംസാരിക്കാന്‍ കഴിയുമോ എന്നാരാഞ്ഞു. കാണാമെന്ന് മറുപടി. ഫഹദ് ഫാസിലിന് കഥയും കഥാപാത്രവും വളരെ വളരെ ഇഷ്ടപ്പെട്ടു, ഉറപ്പായും ചെയ്യാം എന്നുപറഞ്ഞു. പൈസ കിട്ടിയില്ലെങ്കിലും ഞാന്‍ ഈ കഥാപാത്രം ചെയ്യും എന്നായിരുന്നു ഫഹദിന്‍റെ നിലപാട്. പക്ഷേ ഒറ്റ പ്രശ്നം! ആ സമയത്ത് ഭയങ്കര തിരക്കായിരുന്നു. രണ്ടുമാസം സമയം തന്നാല്‍ ഷൂട്ട് മുഴുവന്‍ തീര്‍ത്ത് വന്നേക്കാം എന്ന് ഫഹദ് അറിയിച്ചുവെന്ന് ജ്ഞാനവേല്‍ രജനീകാന്തിനോട് പറഞ്ഞു. രണ്ടുമാസം കാത്തിരിക്കാമോ സാര്‍ എന്ന് സംവിധായകന്‍ ചോദിച്ചപ്പോള്‍ ‘സണ്‍ പിക്ചേഴ്സിന്‍റെ സിനിമ കരാറായിട്ടുണ്ട്. അവരോടും സംവിധായകന്‍ ലോകേഷ് കനകരാജിനോടും ചോദിക്കേണ്ടിവരും’ എന്ന് രജനി മറുപടി നല്‍കി.
രജനീകാന്ത് സണ്‍ പിക്ചേഴ്സിനോട് ചോദിച്ചപ്പോള്‍ ലോകേഷിനോട് ചോദിക്കാനായിരുന്നു അവരുടെ മറുപടി. ലോകേഷിനോട് ചോദിച്ചപ്പോള്‍ ‘ഒരു കുഴപ്പവുമില്ല സാര്‍...എത്ര സമയം വേണമെങ്കിലും എടുത്തുകൊള്ളൂ’ എന്നായിരുന്നു പ്രതികരണം. ‘അയാള്‍ കഥ എഴുതിക്കാണില്ല, അതുകൊണ്ടാവും എത്ര സമയം വേണമെങ്കിലും എടുത്തുകൊള്ളാന്‍ പറഞ്ഞത്’ എന്ന് രജനി ലോകേഷിനെ ട്രോളിയത് സദസില്‍ കൂട്ടച്ചിരി ഉയര്‍ത്തി. അതായിരുന്നു ഫഹദ് ഫാസില്‍ വേട്ടൈയാനില്‍ എത്തിയ കഥ.
ഫഹദിന്‍റെ അഭിനയം അസാധ്യമായിരുന്നുവെന്ന് സൂപ്പര്‍സ്റ്റാറിന്‍റെ സാക്ഷ്യം. ‘അയാളെ സെറ്റില്‍ നോക്കിയാല്‍ അധികം കാണില്ല. കാരവനിലും കാണില്ല. എവിടെയെങ്കിലും പോയിരിക്കും. ഷോട്ട് റെഡിയായാല്‍ പെട്ടെന്ന് എവിടെ നിന്നെങ്കിലും ഓടിയെത്തും. ടപ്പേന്ന് ചെയ്തിട്ട് പോകും. എന്തൊരു കഴിവാണ്. അസാധ്യം! അപാരം ! പടം കാണൂ, അയാള്‍ സൂപ്പറാണ്.’ ഫഹദ് ഫാസിലിനുപുറമേ അമിതാഭ് ബച്ചന്‍, മഞ്ജു വാരിയര്‍, റാണ ദഗ്ഗുബട്ടി തുടങ്ങി വന്‍ താരനിരയാണ് വേട്ടൈയാനില്‍ അണിനിരക്കുന്നത്. നാളെയാണ് റിലീസ്.