bachan

TOPICS COVERED

ഇന്ത്യയുടെ ബിഗ് ബിക്ക് 82ാം പിറന്നാള്‍. വെള്ളിത്തിരയിൽ അഞ്ച് പതിറ്റാണ് പിന്നിട്ടിട്ടും    പുതുമയും ആവേശവും പകരുകയാണ് ഈ പ്രായത്തിലും അമിതാഭ് ബച്ചന്‍. രജനീകാന്തിനൊപ്പമുള്ള വേട്ടയ്യനാണ് ബച്ചന്‍ ആരാധകര്‍ക്ക് നല്‍കുന്ന പിറന്നാള്‍ സമ്മാനം.  

 

ഉത്തരാഖണ്ഡിലുള്ള നൈനിറ്റാളിലെ ഷെർവുഡ് കോളജിൽ നാടകം അവതരിപ്പിച്ചുതുടങ്ങിയ ഒരു പൊക്കക്കാരന്‍ പയ്യന്‍ പറഞ്ഞറിയിക്കാന്‍ പറ്റാത്ത ഉയരത്തിലേക്ക് നടന്നുകയറിയിട്ട് അന്‍പതുപതിറ്റാണ്ട്. ആപയ്യന്  പിന്നീട് അമിതാഭ് ബച്ചന്‍ എന്ന പേര്. വളര്‍ന്നുവളര്‍ന്ന് ബിഗ് ബി എന്ന ലോകമറിയുന്ന ചെറിയ പേരായി മാറി. 

ഡൽഹിയിലെ കോളജ് വിദ്യാഭ്യാസത്തിനുശേഷം ആകാശവാണിയിൽ അനൗൺസറുടെ ജോലിക്കു ശ്രമിച്ചെങ്കിലും പരാജയപ്പെട്ട കൗമാരം. ശബ്ദവും ഉച്ചാരണവും പ്രക്ഷേപണയോഗ്യമല്ല എന്ന് ആകാശവാണി വിധിയെഴുതി. ആ ശബ്ദം പിന്നീട് ഇന്ത്യന്‍ സിനിമയെ ഭരിച്ചു എന്നത് ചരിത്രം.  സിനിമയ്ക്ക് പിന്നില്‍ നിന്നാണ് ബച്ചന്‍ തുടങ്ങിയത്. 

1969ൽ ഇതിഹാസ സംവിധായകന്‍ മൃണാൾ സെൻ സംവിധാനം ചെയ്ത ഭുവൻഷോമെ എന്ന സിനിമയിൽ പശ്ചാത്തല വിവരണം.  ആവര്‍ഷം തന്നെ   സാഥ് ഹിന്ദുസ്ഥാനിയിൽ വേഷമിട്ടുകൊണ്ട് വെള്ളിവെളിച്ചത്തിലേക്ക് ബച്ചന്‍ കയറി.  ആദ്യകാലങ്ങളില്‍ ബച്ചന്‍ ചിത്രങ്ങളില്‍ മിക്കതും പരാജയമായിരുന്നു. മുപ്പത് വയസായപ്പോള്‍ പൂര്‍ത്തിയാക്കിയത് പതിനാല് ചിത്രങ്ങള്‍.   രണ്ടെണ്ണം മാത്രം വിജയം. ബാക്കി പന്ത്രണ്ടും തകര്‍ന്നടിഞ്ഞു.

 നായകനാകാനില്ലെന്ന് പലരും പറഞ്ഞൊഴിഞ്ഞൊരു ചിത്രത്തില്‍  ക്ഷുഭിത യൗവനമായി വന്ന് അമിതാഭ് ബച്ചന്‍ എന്ന നടന്‍ ഇന്ത്യന്‍ സിനിമയില്‍ തന്‍റെ തലപ്പൊക്കം തീര്‍ത്തു. 1973 ല്‍ പുറത്തിറങ്ങിയ സഞ്ജീര്‍ സൂപ്പര്‍ ഡ്യൂപ്പര്‍ ഹിറ്റ്. റൊമാന്‍റിക് ഹീറോ സങ്കല്‍പ്പങ്ങള്‍ ആ പൊക്കത്തിന് മുന്നില്‍ തകര്‍ന്നടിഞ്ഞു. ഇന്ത്യൻ സിനിമയുടെ കിരീടംവയ്ക്കാത്ത ചക്രവർത്തിയുടെ അരിയിട്ടുവാഴ്ചയായിരുന്നു.

പിന്നാലെ ദീവാര്‍, ശേഷം ഷോലെ. അതിലെ ജയ് എന്ന കഥാപാത്രത്തിലൂടെ ഇന്ത്യന്‍ സിനിമയുടെ ജയ്‌വിളി അമിതാഭ് ബച്ചന്‍ പിന്നീടിങ്ങോട്ട് തന്‍റേതുമാത്രമാക്കി.

അറുപത്തിമൂന്നാം വയസില്‍ പതിമൂന്നുകാരനായി പരകായം ചെയ്ത പ്രതിഭ.

രാജീവ് ഗാന്ധിയുടെ ഉറ്റ സുഹൃത്ത്. ബച്ചനെ രാജ്യസഭയിലേക്കയക്കണമെന്ന് രാജീവ് ഗാന്ധി ആവശ്യപ്പെട്ടെങ്കിലും ഇന്ദിരാ ഗാന്ധി സമ്മതിച്ചില്ല. അഭിനയം നിര്‍ത്താറായില്ല എന്നായിരുന്നു ഇന്ദിരയുടെ പക്ഷം. എണ്‍പത്തിനാലില്‍ ബച്ചന്‍ ലോക്സഭയിലേക്ക്. രാഷ്ട്രപതിയാകാന്‍ അമിതാഭ് ബച്ചന്‍ യോഗ്യനാണെന്ന ചൂടുപിടിച്ച ചര്‍ച്ചകള്‍ വരെ നടന്ന ഇന്നലകള്‍.  പത്മശ്രീ, പത്മഭൂഷണ്‍, പത്മവിഭൂഷണ്‍, ദാദാ സാഹിബ് ഫാല്‍ക്കേ. ഇതിനപ്പുറം മറ്റൊരു പുരസ്കാരവും ബച്ചന് നല്‍കാനായി നിലവില്‍ രാജ്യത്ത് ബാക്കിയില്ല. ഇന്ത്യന്‍ ടെലിവിഷന്‍ സ്ക്രീനിലെയും വിലയേറിയ താരം മറ്റൊരാളല്ല. എണ്‍പത്തിരണ്ടാം വയസിലും ബിഗ് സ്ക്രീനില്‍ ബിഗ് ബി ഉണ്ട്. പ്രഭ തെല്ലും താഴാതെ.

ENGLISH SUMMARY:

Amitabh Bachchan celebrates his 82nd birthday, continuing to bring novelty and excitement to the silver screen even after five decades in the film industry. Fans are treated to a special birthday gift as he shares the screen with Rajinikanth in the upcoming film "Vettaikaran."