തെന്നിന്ത്യന്‍ സിനിമ ലോകം ഏറെ ആഘോഷിച്ച ചിത്രമാണ് ലോകേഷ് കനകരാജ്–വിജയ് കോമ്പോയിലെത്തിയ ലിയോ. ആക്ഷന്‍ ജോണറിലെത്തിയ ചിത്രത്തില്‍ ലിയോ, പാര്‍ത്ഥിപന്‍ എന്നിങ്ങനെ രണ്ട് ഗെറ്റപ്പിലാണ് വിജയ് അഭിനയിച്ചത്. രണ്ട് കഥാപാത്രങ്ങളെന്ന നിലയില്‍ പുരോഗമിച്ച ചിത്രത്തിന്‍റെ ഒടുവിലാണ് രണ്ടും ഒരാള്‍ തന്നെയാണെന്ന് വെളിപ്പെടുത്തിയത്. രണ്ടാം ഭാഗമുണ്ടെന്ന സൂചനയിലാണ് ചിത്രം അവസാനിപ്പിച്ചതും.
ചിത്രത്തിന് ലിയോ എന്ന് പേരിടാനുള്ള കാരണം പറയുകയാണ് ലോകേഷ് കനകരാജ്. ഇനി ഒരു രണ്ടാം ഭാഗമുണ്ടായാല്‍ ആ ചിത്രത്തിന് എന്താകും പേരെന്നും ലോകേഷ് വെളിപ്പെടുത്തി. ഒരു ഫിലിം ഡിസ്കഷനിലാണ് ലിയോയെ പറ്റി ലോകേഷ് സംസാരിച്ചത്.
'ലിയോ എന്ന് പേര് വെച്ചപ്പോള്‍ ഒരു ആക്ഷന്‍ ഫിലിം മൂഡ് ലഭിച്ചു. പാര്‍ത്ഥിപന്‍ തന്നെയാണ് ലിയോ എന്ന് എല്ലാവര്‍ക്കും മനസിലാകും. തീര്‍ച്ചയായും ആളുകള്‍ അത് കണ്ടുപിടിക്കും. തിയേറ്ററില്‍ വരുന്ന എല്ലാവര്‍ക്കും അത് മനസിലാവും. ട്രെയ്ലറിലും കാണിച്ചിരുന്നു. അത് അറിഞ്ഞുകൊണ്ട് തന്നെയാണ് സിനിമ ചെയ്തത്. സ്ക്രീന്‍ പ്ലേയില്‍ പരമാവധി മറയ്ക്കാന്‍ ശ്രമിച്ചു. ഇനിയും ഒരു അവസരം ലഭിച്ച് രണ്ടാം ഭാഗം എടുക്കാന്‍ പറ്റുകയാണെങ്കില്‍ അതിന് പാര്‍ത്ഥിപന്‍ എന്ന് പേര് വെക്കാം,' ലോകേഷ് പറഞ്ഞു.