സംവിധായകനെന്ന നിലയില്‍ തന്‍റെ ആദ്യ സിനിമ പ്രഖ്യാപിച്ച് സാബുമോന്‍. പ്രയാഗ മാർട്ടിനാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. സ്പൈർ പ്രൊഡക്ഷൻസിന്‍റെ ആറാമത്തെ ചിത്രത്തിലാണ് സാബുമോന്‍ സംവിധായക കുപ്പായമണിയുന്നത്. സഞ്ജു ഉണ്ണിത്താനാണ് ചിത്രത്തിന്‍റെ നിർമ്മാതാവ്.
‘ഞാന്‍ ഒരു അഭിഭാഷകനാണ്. എന്‍റെ ആദ്യസിനിമ കോടതിമുറിയില്‍ത്തന്നെ ഉദയം കൊള്ളുമെന്ന് എനിക്കറിയാമായിരുന്നു. കൂടുതലൊന്നും വെളിപ്പെടുത്താനാവില്ല. യാഥാര്‍ഥ്യങ്ങളില്‍ ഊന്നിയുള്ള ഒരു ലീഗല്‍ ഡ്രാമയായിരിക്കും ഞാന്‍ സംവിധാനം ചെയ്യുന്ന ആദ്യസിനിമ എന്നുമാത്രം പറയാം...’ സാബുമോന്‍ ഫെയ്സ്ബുക്കില്‍ കുറിച്ചു.
കഴിവുറ്റ കലാകാരിയാണ് പ്രയാഗ മാര്‍ട്ടിനെന്നും അവരെ നായികയായി ലഭിച്ചതില്‍ ആവേശഭരിതനാണെന്നും സാബുമോന്‍ പറഞ്ഞു. ‘കൂടുതല്‍ വിശദാംശങ്ങള്‍ പിന്നീട് വെളിപ്പെടുത്താം. എല്ലാവരുടെയും അചഞ്ചലമായ സ്നേഹത്തിനും പിന്തുണയ്ക്കും നന്ദി’.
ലഹരിക്കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം പ്രയാഗ മാര്‍ട്ടിന്‍ അന്വേഷണസംഘത്തിനുമുന്നില്‍ ചോദ്യംചെയ്യലിന് ഹാജരായപ്പോള്‍ സാബുമോനും ഒപ്പമുണ്ടായിരുന്നു. പ്രയാഗയും താനും സുഹൃത്തുക്കളാണെന്നും ലീഗല്‍ ടീമിന്‍റെ ഭാഗമായാണ് പൊലീസ് സ്റ്റേഷനില്‍ പോയതെന്നും സാബുമോന്‍ വ്യക്തമാക്കി. കേസില്‍ ഇടപെട്ടെന്ന പേരിൽ ഉണ്ടാകുന്ന വിമര്‍ശനങ്ങളെ ഭയമില്ല. സുഹൃത്തുക്കളെ സഹായിക്കുന്നതിൽ തെറ്റില്ലെന്നും സാബുമോൻ പറഞ്ഞു.