നടന്‍ പൃഥ്വിരാജിന് ഇന്ന് നാല്‍പത്തിരണ്ടാം പിറന്നാള്‍ ദിനം. എമ്പുരാന്‍ പോസ്റ്റര്‍ പങ്കിട്ട് പൃഥ്വിക്ക് ലാലേട്ടന്റെ പിറന്നാളാശംസ. ‘ജനറലിനു പിറന്നാളാശംസ, ദൈവം ഉപേക്ഷിച്ചു, സാത്താന്‍ വളര്‍ത്തിയെടുത്തു’ എന്ന കാപ്ഷനോടെയാണ് മോഹന്‍ലാല്‍ ആശംസ നേര്‍ന്നത്. ചക്രവര്‍ത്തിയുടെ ജനറല്‍ ആയ സയിദ് മസൂദ് എന്ന കഥാപാത്രമായാണ് പൃഥ്വിരാജ് എമ്പുരാനിലെത്തുന്നത്. എമ്പുരാന്‍, എല്‍2ഇ, സയിദ് മസൂദ് എന്നീ ഹാഷ്ടാഗോടെയാണ് ആശംസ പോസ്റ്റ് ചെയ്തത്.
മലയാളം, തമിഴ്, തെലുഗു, കന്നഡ, ഹിന്ദി എന്നീ ഭാഷകളിലാണ് സിനിമ പ്രേക്ഷകര്‍ക്കു മുന്‍പിലെത്തുക. മോഹന്‍ലാല്‍ ആശംസ അറിയിച്ചതിനു താഴെ പ്രേക്ഷകരും പൃഥ്വിക്ക് ആശംസാ കമന്റുകള്‍ ചൊരിയുകയാണ്. ചക്രവര്‍ത്തിയും ചക്രവര്‍ത്തിയുടെ ജനറലും ബോക്‌സ്ഓഫീസ് കീഴടക്കാനെത്തുമെന്നാണ് പ്രേക്ഷകവാക്കുകള്‍. വിമർശകരെ കൊണ്ട് പോലും കയ്യടിപ്പിക്കുകയും അഹങ്കാരി എന്ന് വിളിച്ചവരെ കൊണ്ട് അവരുടെ അഹങ്കാരം ആണ് എന്ന് പറയിപ്പിക്കുകയും ചെയ്ത മനുഷ്യൻ ആണ് പൃഥ്വിയെന്നും ലാലേട്ടന് ശേഷം മലയാളത്തിൽ ഇന്ന് ഏറ്റവും ഇഷ്ടമുള്ള നടനാണെന്നും ഒരാള്‍ കമന്റ് ചെയ്യുന്നു.
ആദ്യ സിനിമയില്‍നിന്നുള്ള ഇരുപത്തിരണ്ട് വര്‍ഷക്കാലത്തിനിപ്പുറം സിനിമയുടെ സമസ്തമേഖലകളിലും പൃഥ്വിരാജിന്റെ കയ്യൊപ്പുണ്ട്. പിറന്നാള്‍ ദിനമായ ഇന്ന് മുംബൈയില്‍ ചെലവഴിച്ച ശേഷം പ്രേക്ഷകര്‍ ഏറെ കാത്തിരിക്കുന്ന എമ്പുരാന്റെ തിരുവനന്തപുരം ലൊക്കേഷനിലേക്ക് നാളെ പൃഥ്വിരാജ് എത്തിച്ചേരും.2002ല്‍ തന്റെ ഇരുപതാംവയസില്‍ സിനിമയില്‍ എത്തുമ്പോള്‍ നടന്‍ സുകുമാരന്റെ മകന്‍ എന്നത് മാത്രമായിരുന്നു പൃഥ്വരാജിന്റെ മേല്‍വിലാസം. നക്ഷത്രക്കണ്ണുള്ള രാജകുമാരന്‍ അവനുണ്ടൊരു രാജകുമാരി, നന്ദനം എന്നീ ചിത്രങ്ങളിലൂടെ സിനിമയില്‍ വരവറിയിച്ച നടന്‍.
ഇരുപത്തിരണ്ട് വര്‍ഷത്തിനിപ്പുറം ഇരുന്നൂറ് കോടി വരുമാനം നേടിയ ഒരു ചിത്രത്തിന്റെ രണ്ടാം ഭാഗം ഒരുക്കുകയാണ് പൃഥ്വിരാജ് എന്നറിയാത്തവരുമല്ല നമ്മള്‍. അച്ഛന്റെ പേരില്‍വന്ന് അത്യധ്വാനത്തിലൂടെ മലയാളസിനിമയില്‍ സ്വന്തം പേരെഴുതി ചേര്‍ത്ത മകന്‍. 2006ല്‍ വാസ്തവം എന്ന ചിത്രത്തിലൂടെ മികച്ച അഭിനേതാവിനുള്ള ആദ്യ സംസ്ഥാന അവാര്‍ഡ് സ്വന്തമാക്കുമ്പോഴേക്കും സിനിമ സംഘടനകളുടെ അപ്രഖ്യാപിത വിലക്കടക്കം നേരിട്ടാണ് സ്വന്തംവഴി പൃഥ്വിരാജ് പരുവപ്പെടുത്തിയതും. അഭിപ്രായങ്ങള്‍ തുറന്നുപറഞ്ഞതിന്റെ പേരില്‍ വര്‍ഷങ്ങളോളം ഇത്രയധികം ട്രോള്‍ ചെയ്യപ്പെട്ട ഒരു നടനും മലയാളത്തിലുണ്ടായിട്ടില്ല.
രാജ്യാന്തരതലത്തില്‍ ശ്രദ്ധിക്കപ്പെട്ട ആടുജീവിതം മാത്രമല്ല പാന്‍ ഇന്ത്യന്‍ തലത്തില്‍ ശ്രദ്ധിക്കപ്പെട്ട ഒട്ടനവധി ചിത്രങ്ങളുടെകൂടി ഭാഗമായും ബ്രാന്‍ഡായും മാറി പൃഥ്വിരാജ്. മമ്മൂട്ടിയെയും മോഹന്‍ലാലിനെയും പോലെ മലയാള സിനിമയുടെ ബ്രാന്‍ഡ് അംബാസഡറാകണമെന്നതാണ് തന്റെ ലക്ഷ്യമെന്ന് പറഞ്ഞതിന്റെ പേരില്‍ ട്രോള്‍ ചെയ്യപ്പെട്ട നടന് സംവിധായകന് പൃഥ്വിരാജിന് ഈ പിറന്നാള്‍ ദിനത്തിലും പ്രേക്ഷകര്‍ കയ്യടിക്കുകയാണ്.