വര്‍ക്ക്ഔട്ടിന് ഇടയില്‍ അധികഭാരം എടുത്തുയര്‍ത്തിയ ബോളിവുഡ് താരം രാകുല്‍ പ്രീത് സിങ്ങിന് പരുക്ക്. സപ്പോര്‍ട്ടീവ് ബെല്‍റ്റില്ലാതെ 80 കിലോഗ്രാം ഡെഡ് ലിഫ്റ്റ് ചെയ്തതോടെ താരത്തിന് കഠിനമായ പുറംവേദന അനുഭവപ്പെടുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. ഒക്ടോബര്‍ അഞ്ചിനായിരുന്നു സംഭവം.
80 കിലോഗ്രാം ഭാരം ഡെഡ്ലിഫ്റ്റ് ചെയ്യാന്‍ ആരംഭിക്കുമ്പോള്‍ തന്നെ രാകുലിന് പുറംവേദന അനുഭവപ്പെട്ടിരുന്നു. എന്നാല്‍ ഇത് കാര്യമാക്കാതെ വ്യായാമം തുടരുകയായിരുന്നു. ഇതോടെ ആരോഗ്യനില കൂടുതല്‍ വഷളായി. ചില നാഡികളുടെ പ്രവര്‍ത്തനം സ്തംഭിച്ചു. രക്തസമ്മര്‍ദം കുറയുകയും വിയര്‍ക്കുകയും ചെയ്തു. ഉടന്‍ തന്നെ താരത്തിന് വൈദ്യസഹായം ലഭ്യമാക്കുകയായിരുന്നു. നിലവില്‍ വിശ്രമത്തിലാണ് താരം എന്നാണ് റിപ്പോര്‍ട്ടുകള്‍.
2009ല്‍ 'ഗില്ലി' എന്ന കന്നഡ സിനിമയിലൂടെയാണ് രാകുല്‍ അരങ്ങേറ്റം കുറിക്കുന്നത്. 2011ലെ മിസ് ഇന്ത്യ മത്സരത്തില്‍ പങ്കെടുത്തിരുന്നു. പിന്നാലെ നിരവധി ഹിന്ദി, തമിഴ്, തെലുങ്ക് സിനിമകളില്‍ അഭിനയിച്ചു.