മോളിവുഡ് ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് മോഹന്‍ലാലും പൃഥ്വിരാജും വീണ്ടും ഒന്നിക്കുന്ന എമ്പുരാന്‍. ആദ്യഭാഗമായ ലൂസിഫര്‍ നേടിയ വമ്പന്‍ വിജയം തന്നെയാണ് എമ്പുരാന്‍റെ ഹൈപ്പിന് കാരണം. ആശിര്‍വാദ് ഫിലിംസിന്‍റെ ബാനറില്‍ ആന്‍റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മിക്കുന്നത്. ചിത്രത്തിന്‍റെ പുതിയ വിശേഷങ്ങളോരോന്നും ആവേശത്തോടെയാണ് പ്രേക്ഷകര്‍ ഏറ്റെടുക്കുന്നത്.
ചിത്രവുമായി ബന്ധപ്പെട്ട രസകരമായ പോസ്റ്റുകള്‍ ആന്‍റണി പെരുമ്പാവൂരും പൃഥ്വിരാജും തിരക്കഥാകൃത്ത് മുരളി ഗോപിയും പങ്കുവക്കാറുണ്ട്. അത്തരത്തില്‍ പൃഥ്വിരാജ് പങ്കുവച്ച ഒരു ചിത്രവും അതിന്‍റെ അടിക്കുറിപ്പും ശ്രദ്ധ നേടുകയാണ്. ആന്‍റണി പെരുമ്പാവൂരിനൊപ്പമുള്ള ചിത്രത്തിനൊപ്പം 'ലെ ആന്‍റണി: ഹെലികോപ്റ്റർ വരും എന്ന് ഞാൻ പറഞ്ഞു... ഹെലികോപ്റ്റർ വന്നു ! ഇനി വേറെ എന്തെങ്കിലും?,' എന്നാണ് പൃഥ്വിരാജ് കുറിച്ചിരിക്കുന്നത്. കൈ കൂപ്പിയാണ് ആന്‍റണി ചിത്രത്തില്‍ ഇരിക്കുന്നത്. ഇനി ഒരു പറക്കുംതളിക കൂടി വേണമെന്ന് പറഞ്ഞ് ടൊവിനോ തോമസും കമന്‍റുമായി എത്തി.
അടുത്ത വര്‍ഷത്തോടുകൂടി എമ്പുരാന്‍ റിലീസ് ഉണ്ടാവും. ആദ്യചിത്രത്തിന്‍റെ അവസാനം വെളിപ്പെട്ട ഖുറേഷി എബ്രഹാമിനായിരിക്കും എമ്പുരാനില്‍ പ്രാധാന്യം ഉണ്ടാവുക. സംവിധായകൻ പൃഥിരാജും മോഹൻലാല്‍ നായകനാകുന്ന ചിത്രത്തില്‍ നിര്‍ണായക വേഷത്തിലുണ്ടാകും. ഗോവര്‍ദ്ധനായി ഇന്ദ്രജിത്ത്, ജതിൻ രാംദാസായി ടൊവിനോ തോമസ്, പ്രിയദര്‍ശിനിയായി മഞ്ജു വാര്യര്‍ തുടങ്ങിയവരും ചിത്രത്തിലെത്തും. ഛായാഗ്രാഹണം നിര്‍വഹിക്കുന്നത് സുജിത് വാസുദേവാണ്. മലയാളത്തിനു പുറത്തെയും താരങ്ങള്‍ മോഹൻലാല്‍ ചിത്രത്തില്‍ ഉണ്ടാകും എന്നും റിപ്പോര്‍ട്ടുകളുണ്ട്.