saju-navodayas-reaction-about-lakshmi-nakshathras-social-media-involvement-inkollam-sudhis-family

അന്തരിച്ച നടന്‍ കൊല്ലം സുധിയുടെ കുടുംബവുമായി ബന്ധപ്പെട്ട് അവതാരക ലക്ഷ്മി നക്ഷത്ര നേരിടുന്ന വിമര്‍ശനങ്ങളില്‍ പ്രതികരണവുമായി നടന്‍ സാജു നവോദയ. ‘ജനങ്ങളുടെ മോശം പ്രതികരണത്തിന് കാരണമാകുന്നതെന്തെങ്കിലും ഇട്ടു കൊടുത്ത ശേഷം പരാതി പറഞ്ഞിട്ട് കാര്യമില്ല.അത് കിട്ടണമെന്നേ ഞാന്‍ പറയൂ. എന്തെങ്കിലും ചെയ്യണമെങ്കിൽ രഹസ്യമായി ചെയ്യുക.പബ്ലിസിറ്റിക്ക് വേണ്ടിയല്ലെങ്കില്‍ സഹായം വീട്ടില്‍ കൊണ്ടുപോയി കൊടുക്കുക’.ഒരു ഓണ്‍ലൈന്‍ ചാനലിന് നല്‍കിയ അഭിമുഖത്തിലായിരുന്നു സാജുവിന്‍റെ പ്രതികരണം.

സുധിയെ വിറ്റ് കാശാക്കുന്നുവെന്ന രീതിയില്‍ പ്രവർത്തിച്ചാല്‍ ജനങ്ങള്‍ക്കും അങ്ങനെ തോന്നും. സുധിയുടെ കാര്യത്തിനായി രാജേഷ് പറവൂര്‍ അടക്കമുള്ളര്‍ക്കൊപ്പം പ്രവര്‍ത്തിച്ചിരുന്നു.  പക്ഷെ ഞങ്ങള്‍ക്കാർക്കും സൈബർ ആക്രമണം നേരിടേണ്ടി വന്നിട്ടില്ല.‍  ചീത്ത കേള്‍ക്കാൻ പാകത്തിന് എന്തെങ്കിലും ഇട്ട് കൊടുത്തിട്ടുണ്ടെങ്കില്‍ അത് കിട്ടണമെന്ന് തന്നെയേ ഞാൻ പറയൂ. ചെയ്തിട്ടുള്ളതുകൊണ്ടാണ് ആളുകള്‍ അങ്ങനെ പറയുന്നത്. അല്ലെങ്കില്‍ എന്തെങ്കിലും ചെയ്യണമെങ്കില്‍ രഹസ്യമായി ചെയ്യുക. പബ്ലിസിറ്റിക്ക് വേണ്ടിയല്ലെങ്കില്‍ എന്തെങ്കിലുമുണ്ടെങ്കില്‍ വീട്ടില്‍ കൊണ്ടുപോയി കൊടുക്കുക.‘‘അയ്യോ ഞങ്ങള്‍ അറിയാതെ വേറൊരാള്‍ ഷൂട്ട് ചെയ്ത് ഇട്ടതാണെന്ന്’ പറഞ്ഞാലും ഓക്കെയാണ്. അല്ലാതെ ഇവർ തന്നെ എല്ലാം ചെയ്തിട്ട് പിന്നെ പറഞ്ഞിട്ട് കാര്യമില്ല– സാജു പറഞ്ഞു.

 മുന്‍പ് സുധിക്കെതിരെ സൈബർ ആക്രമണം  നടന്ന സമയത്ത് സുധിക്ക് വേണ്ടി വിഡിയോ ഇടാൻ ആരും വന്നതായി ഞാൻ കണ്ടില്ല. പക്ഷേ ഇങ്ങനൊരു അവസ്ഥ വന്നപ്പോള്‍ അതൊക്കെ മാക്സിമം ഉപയോഗിക്കുകയാണെന്നാണ് എല്ലാവർക്കും ചിന്ത പോയത്. സാധാരണ ഒരു ബുദ്ധിയുള്ളവർക്ക് അങ്ങനെയാണ് തോന്നുക. അതിന് പബ്ലിക്കിനെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല. ജെനുവിൻ ആയിരുന്നുവെങ്കില്‍ അത് രഹസ്യമായി ചെയ്യണമായിരുന്നു.

‘സുധി പോയി.ഇനി ആ കുഞ്ഞുങ്ങളുടെ കാര്യം രേണുവിന് നോക്കണം. ചേട്ടൻ പോയിയെന്നും പറഞ്ഞ് ഇരുന്നിട്ട് കാര്യമില്ലല്ലോ. കുറച്ച്‌ ബോള്‍ഡായി നില്‍ക്കുന്നതാകും എപ്പോഴും നല്ലത്. മക്കളില്‍ ഒരാള്‍ കൈകുഞ്ഞാണ്. അവനെ ഇപ്പോഴത്തെ സാഹചര്യത്തില്‍ വളർത്തി വലുതാക്കണമെങ്കില്‍ മൂലയ്ക്ക് ഒതുങ്ങി നിന്നിട്ട് കാര്യമില്ല. നമ്മള്‍ക്ക് ഉള്ള വിഷമത്തിന്‍റെ ഇരട്ടിയുടെ ഇരട്ടി രേണുവിന്‍റെ മനസിലുണ്ടാകും. പിന്നെ രേണുവിനെ കുറ്റം പറയാൻ വരുന്നവർ അവരുടെ ഭാഗം കൂടി ശരിയാണോ എന്നു നോക്കിയിട്ട് വേണം കമന്‍റുകള്‍  എഴുതി കൂട്ടിവയ്ക്കാൻ. ആരാന്‍റെ  അമ്മയ്ക്ക് ഭ്രാന്ത് പിടിച്ചാല്‍ കാണാൻ നല്ല രസമാണെന്ന് പറയാറില്ലേ... ഇതൊക്കെ അവനവന്‍റെ ജീവിതത്തില്‍ സംഭവിക്കുമ്പോഴെ മനസിലാകൂ’.സാജു കൂട്ടിച്ചേര്‍ത്തു.

സുധിയെക്കുറിച്ച്‌ പറയാനാണെങ്കില്‍ ഞങ്ങള്‍ എല്ലാവർക്കും കുറേ പറയാനുണ്ട്. പക്ഷേ അതൊക്കെ ഞങ്ങളില്‍ ഒതുങ്ങുന്ന കാര്യങ്ങളാണ്. പിന്നെ ലക്ഷ്മിക്ക് ശരിയെന്ന് തോന്നുന്നതാവും ലക്ഷ്മി ചെയ്തത്. അതിന് താഴെ വന്ന കമ‌‌‌‌ന്‍റുകള്‍, ആ കമന്‍റിട്ടവരുടെ ശരികളാണ്.

സുധിയുടെ കുടുംബവുമായി ബന്ധപ്പെട്ട് ലക്ഷ്മി നക്ഷത്ര യൂട്യൂബ് ചാനലില്‍ പങ്കുവെക്കുന്ന വിഡിയോകളെ വിമര്‍ശിച്ച് ഒട്ടേറെ പേരാണ് രംഗത്തെത്തിയിരുന്നത്.

ഭാര്യ രേണുവിന്‍റെ ആവശ്യപ്രകാരം സുധിയുടെ അവസാന നിമിഷത്തെ മണം പെര്‍ഫ്യൂമാക്കി നല്‍കിയിരുന്നു. ഇതിന്‍റെ ദൃശ്യങ്ങളും ലക്ഷ്മി സ്വന്തം യൂട്യൂബ് ചാനലില്‍ പങ്കു വെച്ചിരുന്നു. ഇതേ തുടര്‍ന്ന് ലക്ഷ്മിക്കെതിരെ വലിയ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. ‘‘എല്ലാ കാര്യവും നല്ലതാണ്. പക്ഷേ ഒരു പരിധിയിൽ കൂടിയാൽ എല്ലാവരും വെറുക്കും.’’, ‘‘യൂട്യൂബ് തുടങ്ങിയതിനു ശേഷം കാഴ്ചക്കാരെ കൂട്ടാൻ വേണ്ടിയുള്ള മാർഗങ്ങൾ’’, യൂട്യൂബ് ചാനല്‍ റീച്ചാക്കാന്‍ ലക്ഷ്മി കണ്ണീര്‍ വിറ്റ് കാശാക്കുന്നു തുടങ്ങിയവയായിരുന്നു വിഡിയോക്ക് താഴെ വന്ന കമന്‍റുകള്‍.

lakshmi-nakshathra-with-renu

എന്നാല്‍ ഒരു വിഭാഗം ലക്ഷ്മിയെ അനുകൂലിച്ചും കമന്‍റ് ചെയ്തു.മരണപ്പെട്ടവരുടെ മണം കൃതൃമമായി നിര്‍മിക്കാമെന്നത് പുതിയ അറിവായിരുന്നുവെന്നും ആ വിഡിയോ പങ്കുവെച്ചതിലൂടെ ഇതേക്കുറിച്ച് കൂടുതല്‍ അറിയാന്‍ സാധിച്ചെന്നും ചിലര്‍ പ്രതികരിച്ചു.വിവാദത്തിനിടെ രേണു തന്നെ ലക്ഷ്മിയെ പിന്തുണച്ച് രംഗത്തെത്തിയിരുന്നു. 

Google News Logo Follow Us on Google News

ENGLISH SUMMARY:

Saju navodaya's reaction about Lakshmi Nakshathra's social media involvement in kollam sudhis family