nimart-kaur-dating-abhishek

അഭിഷേക് ബച്ചന്‍–ഐശ്വര്യ റായ് വിവാഹ മോചന വാര്‍ത്തകള്‍ ഗോസിപ്പ് കോളങ്ങളില്‍ നിറയുന്നതിനിടെ അഭിഷേകുമായുള്ള ബന്ധങ്ങള്‍ തുറന്നു പറഞ്ഞ് ബോളിവുഡ് നടി നിമ്രത് കൗര്‍ . നിമ്രത്  അഭിഷേകുമായി പ്രണയത്തിലാണെന്ന രീതിയില്‍ പല മാധ്യമങ്ങളിലും വാര്‍ത്തകള്‍ പ്രത്യക്ഷപ്പെട്ടതിന് പിന്നാലെയാണ് അവര്‍ സ്വകാര്യ മാധ്യമത്തോട് മനസ് തുറന്നത്. ' എന്താണ് ഞാന്‍ വിവാഹം കഴിക്കാത്തതെന്നാണ് എല്ലാവരും ചോദിക്കുന്നത്. എന്ത് പറഞ്ഞാലാണ് ആളുകള്‍ക്ക് മനസിലാവുകയെന്ന് എനിക്കറിയില്ല. വിവാഹം കഴിക്കാത്തത് കൊണ്ട് ഏതെങ്കിലും തരത്തിലുള്ള പ്രശ്നങ്ങള്‍ എനിക്കിപ്പോള്‍ ഇല്ല. അതിന്‍റെ സമയത്ത് , ശരിയായ ആളെ കണ്ടെത്തിക്കഴിയുമ്പോള്‍ വിവാഹം നടക്കും. ഇത്തരം കാര്യങ്ങളൊന്നും മുന്‍കൂട്ടി ആലോചിച്ച് നടപ്പിലാക്കാന്‍ പറ്റുന്നതല്ല'  എന്നായിരുന്നു നിമ്രത്തിന്‍റെ മറുപടി. 

'ദസ്​വി' യുടെ പ്രമോനായി അഭിഷേകും നിമ്രത്തും ഒന്നിച്ചെത്തിയ പഴയ വിഡിയോ ഇതിന് പിന്നാലെ സമൂഹമാധ്യമങ്ങളില്‍ വൈറലാവുകയാണ്. നിമ്രത്തുമൊത്തുള്ള വേദിയില്‍ തന്നെ ഐശ്വര്യയെ വാനോളം അഭിഷേക് പുകഴ്ത്തി സംസാരിക്കുന്നുമുണ്ട്. 'അമ്പരപ്പിക്കുന്ന തരത്തിലെ വൈകാരിക പിന്തുണയാണ് എന്‍റെ ഭാര്യ എനിക്ക് നല്‍കുന്നത്. അക്കാര്യത്തില്‍ ഞാനും ഞങ്ങളുടെ കുടുംബമാകെ ഭാഗ്യം ചെയ്തവരാണ്. ഐശ്വര്യയ്ക്ക് ബോളിവുഡിനെ നന്നായി അറിയാം. ഞാന്‍ അഭിനയത്തിലെത്തുന്നതിനും മുന്‍പ് തന്നെ ഇവിടെ ചുവടുറപ്പിച്ച ആളാണ് ഐശ്വര്യ. ഈ ലോകത്തെ കുറിച്ചും  ഇവിടെ നടക്കുന്ന കാര്യങ്ങളെ കുറിച്ചും ഐശ്വര്യ തീര്‍ത്തും ബോധവതിയാണ്. അക്കാര്യങ്ങള്‍ അറിഞ്ഞാണ് ഐശ്വര്യ പെരുമാറുന്നതെന്നും അഭിഷേക് കൂട്ടിച്ചേര്‍ത്തു. 

'അങ്ങേയറ്റം മനോഹരമായി കൈയടക്കത്തോടെ, തികഞ്ഞ ശാന്തതയോടും പക്വതയോടെയുമാണ് ഐശ്വര്യ പല പ്രശ്നങ്ങളെയും നേരിടുന്നത്. ഞാനത് പലപ്പോഴും കണ്ട് അതിശയിച്ച് പോയിട്ടുണ്ട്. അക്കാര്യത്തില്‍ ഐശ്വര്യയോട് എനിക്ക് കടുത്ത ആരാധനയാണ്. അഭിനേതാക്കള്‍ പലപ്പോഴും വൈകാരികമായി പ്രതികരിക്കുന്നവരും അതിലോലമായ മനസുള്ളവരുമാണ്. ചിലപ്പോഴൊക്കെ പൊട്ടിത്തെറിച്ച് പോകുമെന്നെല്ലാം തോന്നും. പക്ഷേ ഐശ്വര്യയെ ഒരിക്കല്‍ പോലും അങ്ങനെ ഞാന്‍ കണ്ടിട്ടില്ല'. ഐശ്വര്യയെ പ്രശംസിച്ച് താരം ഇക്കാര്യം പറയുമ്പോള്‍ നിമ്രത് ഒരു പുഞ്ചിരിയോടെ ഒപ്പമുണ്ടായിരുന്നു. ഐശ്വര്യയെ പോലെ ഒരു പങ്കാളിയെ ലഭിച്ചതില്‍ അഭിഷേക് ഭാഗ്യവാനാണെന്നും താരം കൂട്ടിച്ചേര്‍ത്തു.  2022ലാണ് അഭിഷേകും നിമ്രത് കൗറും ഒന്നിച്ചഭിനയിച്ച 'ദസ്​വി' പുറത്തിറങ്ങിയത്.

Google News Logo Follow Us on Google News

ENGLISH SUMMARY:

Bollywood actress Nimrat Kaur revealed about her plans of getting married, amid Aishwarya Rai and Abhishek Bachchan's divorce rumours. She also said that Abhishek ‘very, very lucky’ to have a partner like Aish.