തോല്‍വികളില്‍ നിന്നും ചവിട്ടുപടികള്‍ ഓരോന്നായി കയറിയെത്തിയ അമിതാഭ് ബച്ചന്റെ ബോളിവുഡിലെ ബിഗ് ബി ആയുള്ള യാത്ര വരും തലമുറയ്ക്കും പ്രചോദനമാകുന്നതാണ്. ആദ്യ സിനിമകള്‍ നിരാശയുടെ ഭാരങ്ങള്‍ അമിതാഭിന് മേല്‍ വന്ന് നിറഞ്ഞപ്പോള്‍ 1973ല്‍ സഞ്ജീറിലൂടെയായിരുന്നു വളര്‍ച്ചയുടെ തുടക്കം. ഇപ്പോള്‍ പിതാവ് നേരിട്ട സാമ്പത്തിക പ്രയാസങ്ങളെ തുടര്‍ന്ന് ജീവിതം ദുഷ്കരമായതിനെ കുറിച്ച് പ്രതികരിക്കുകയാണ് മകന്‍ അഭിഷേക് ബച്ചന്‍.
സത്യം പറഞ്ഞാല്‍ ഞാന്‍ സര്‍വകലാശാലയിലെ പഠനം ഉപേക്ഷിച്ചു. ബോസ്റ്റണ്‍ സര്‍വകലാശാലയിലാണ് ഞാന്‍ പഠിച്ചിരുന്നത്. പിതാവ് സാമ്പത്തിക സാമ്പത്തികമായി ബുദ്ധിമുട്ടുകയായിരുന്നു. എബിസിഎല്‍ എന്നൊരു ബിസിനസ് അദ്ദേഹം തുടങ്ങിയിരുന്നു. രാത്രി ഭക്ഷണത്തിനുള്ള വക എങ്ങനെ കണ്ടെത്തും എന്നറിയാതെ അദ്ദേഹം അവിടെ നില്‍ക്കുമ്പോള്‍ എനിക്ക് ബോസ്റ്റണില്‍ തുടരാന്‍ തോന്നിയില്ല. അത്രയും മോശമായിരുന്നു സാഹചര്യം. ഭക്ഷണത്തിനായി ജീവനക്കാരുടെ കൈകളില്‍ നിന്ന് അദ്ദേഹത്തിന് പണം ആവശ്യപ്പെടേണ്ടി വന്നു, അഭിഷേക് ബച്ചന്‍ പറയുന്നു.
ഞാന്‍ അച്ഛനെ വിളിച്ചു. എന്നെക്കൊണ്ട് സാധിക്കും വിധം സഹായിക്കാനായി ഞാന്‍ നാട്ടിലേക്ക് വരികയാണെന്ന് ഞാന്‍ അദ്ദേഹത്തോട് പറഞ്ഞു. ഒന്നുമില്ലെങ്കിലും പ്രതിസന്ധി ഘട്ടത്തില്‍ അദ്ദേഹത്തിന്റെ മകന്‍ അടുത്തുണ്ട് എന്ന് ആശ്വാസം എങ്കിലും അദ്ദേഹത്തിനുണ്ടാവുമല്ലോ, അഭിഷേക് പറയുന്നു.
44 വര്‍ഷത്തെ തന്റെ കരിയറിലെ ഏറ്റവും മോശം സമയമായിരുന്നു അതെന്നതില്‍ ഒരു സംശയവും ഇല്ലെന്നാണ് ഒരു അഭിമുഖത്തില്‍ അമിതാഭ് ബച്ചന്‍ പറഞ്ഞത്. പണം കടം നല്‍കിയവര്‍ വീട്ടില്‍ വന്ന് മോശമായി സംസാരിച്ചിരുന്ന ദിനങ്ങളുണ്ടായിരുന്നു. പണം തിരികെ ലഭിക്കാനായി പല തരത്തില്‍ അവര്‍ ഭീഷണിപ്പെടുത്തിയിരുന്നു, അമിതാഭ് ഒരിക്കല്‍ പറഞ്ഞു.