nayanthara

'പാഷന്‍ ങ്കിര്‍ത് ആമ്പിളെങ്കള്‍ക്ക് മട്ടും താനാ, പൊണ്ണുങ്കള്‍ക്ക് ഇര്‍ക്കകൂടാതാ..'! സിനിമ ഡയലോഗ് പോലെ ആണ്‍ ആധിപത്യത്തിന് മറുവാക്കായി ഇന്ത്യന്‍ സിനിമയില്‍ ജ്വലിച്ചുനില്‍ക്കുന്ന പെണ്‍കരുത്ത്. ജീവിതത്തില്‍ പോരാടി ജയിച്ച നയന്‍സ്. അവസരങ്ങളില്ല എന്ന് മുറവിളി കൂട്ടുന്നവരുടെയല്ല അവസരങ്ങള്‍ ഉണ്ടാക്കിയെടുക്കേണ്ടതാണ് എന്ന് ഉറച്ചുവിശ്വസിക്കുന്നവരുടെ തലൈവി.

nayans-7

ഒരു സിനിമ ചെയ്യാന്‍ വാങ്ങുന്നത് കോടികള്‍, പതിനൊന്ന് മണിക്കേ സെറ്റിലെത്തൂ, വീടിന് 20 കിലോമിറ്റര്‍ ചുറ്റളവില്‍ മാത്രമേ ഷൂട്ടിങ്ങിന് വരൂ... നയന്‍താരയെക്കുറിച്ച്  പലപ്പോഴായി ഉയര്‍ന്ന ആരോപണങ്ങളാണ് ഇതൊക്കെ. പെണ്‍പ്രാധാന്യമില്ലെന്ന് പലരും ഇടക്കിടെ മുറവിളി കൂട്ടുന്ന സിനിമാരംഗത്ത് ഒരു നടിക്ക് എങ്ങനെയാണ് ഇത്തരം നിബന്ധനകള്‍ മുന്നോട്ടുവയ്ക്കാനാകുക? അവിടെയാണ് തമിഴകത്തിന്‍റെ ഇന്നത്തെ സിനിമാ തലൈവിയുടെ, മലയാളിയായ ഡയാന കുര്യന്‍റെ, ഇന്ത്യന്‍ സിനിമയിലെ നയന്‍താര എന്ന നയന്‍സിന്‍റെ കരിയര്‍ പാഠപുസ്തകമാകുന്നതും ആ പേര് താരരാജാക്കന്‍മാര്‍ക്കൊപ്പം എഴുതിച്ചേര്‍ക്കപ്പെടുന്നതും.

 
തിരുവല്ലയിലെ യാഥാസ്ഥിതിക കുടുംബത്തിലാണ് ഡയാന കുര്യന്‍റെ ജനനം. ജാംനഗര്‍, ഗുജറാത്ത്, ഡല്‍ഹി എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. ചാര്‍ട്ടേഡ് അക്കൗണ്ടന്‍റാകാനായിരുന്നു ആഗ്രഹം. ഇതിനിടെ പാര്‍ട്ട് ടൈം മോഡലിങ്ങിലേക്കിറങ്ങുന്നു. ‘ബെസ്റ്റ് മോഡല്‍ ഇന്‍ കേരള ഫിനാലെ’യില്‍ റണ്ണര്‍ അപ്പായി. കോളജ് പഠനത്തിന് ശേഷം ടെലിവിഷന്‍ അവതാരകയായി. അക്കാലത്ത് യുവാക്കളുടെ മനസില്‍ മായാത്ത മുഖമായി ഡയാനയുടേത്.

nayans-4


 
അതിനിടെയാണ് ഫാസില്‍ 'കയ്യെത്തും ദൂരത്ത്' എന്ന സിനിമയുടെ ഓഡിഷനില്‍ സ്വന്തം മകന്‍റെ നായികയായി ഡയാനയെ വിളിക്കുന്നത്. എന്നാല്‍ ഓഡിഷനില്‍ തൃപ്തി വരാത്തതിനാല്‍ അവരെ പറഞ്ഞയച്ചു. മറ്റൊരാളെ നായികയാക്കി. എന്നാല്‍ ഫാസിലിന്‍റെ മനസില്‍ നിന്ന് ആ പെണ്‍കുട്ടിയുടെ മുഖം മാഞ്ഞില്ല. സത്യന്‍ അന്തിക്കാട് ചിത്രത്തിലേക്ക് ഡയാനക്ക് വീണ്ടും വിളി വന്നു. ഫാസിലിന്‍റെ നിര്‍ദേശപ്രകാരമായിരുന്നു അത്. എന്നാല്‍ സിനിമയില്‍ അഭിനയിക്കാന്‍ താല്‍പര്യമില്ലെന്ന് ഡയാന കട്ടായം പറഞ്ഞു. എന്നാല്‍ ഒടുവില്‍ സത്യന്‍ അന്തിക്കാടിന്‍റെ വാക്കുകളില്‍ ആ പെണ്‍കുട്ടി കണ്‍വിന്‍സ്ഡ് ആയി. ഒടുവില്‍ 'മനസ്സിനക്കരെ' എന്ന ചിത്രത്തില്‍ ജയറാമിന്‍റെ നായികയായി അവള്‍ ബിഗ് സ്ക്രീനിലെത്തി. ചിത്രത്തിനൊപ്പം നായികയും ഹിറ്റായി. അവളുടെ മുഖം പ്രേക്ഷക മനസില്‍ പതിഞ്ഞു. സത്യന്‍ തന്നെയാണ് നായികമാര്‍ക്ക് അനുയോജ്യമായ ചില പേരുകള്‍ എഴുതി ഡയാനക്ക് നല്‍കുന്നത്. അതില്‍ നിന്നും അവള്‍ തിരഞ്ഞെടുത്ത പേരാണ് നയന്‍താര. പിന്നിട് വിസ്മയത്തുമ്പത്ത്, നാട്ടുരാജാവ്, തസ്‌കരവീരന്‍, രാപ്പകല്‍ എന്നീ ചിത്രങ്ങളിലും താരം വേഷമിട്ടു. എന്നിട്ടും മലയാളത്തില്‍ നയന്‍സിന് രാശിയുണ്ടായില്ല.

nayans-3



തമിഴിലേക്കുള്ള നയന്‍സിന്‍റെ ചുവടുമാറ്റം അവരുടെ കരിയര്‍ ഗ്രാഫ് കുത്തനെ ഉയര്‍ത്തി. തുടക്കകാലത്ത് മറ്റേതൊരു നായികയേയും പോലെ നായകന്‍റെ തണലില്‍ നില്‍ക്കാനായിരുന്നു വിധി. അക്കാലത്തും വേഷമിട്ടതൊക്കെ മുന്‍നിര നായകന്‍മാര്‍ക്കൊപ്പം. ചന്ദ്രമുഖിയില്‍ രജനിയുടെ നായികയായി. എന്നാല്‍ കാലം പിന്നിട്ടപ്പോള്‍ കഥ മാറി. ഏത് പുതുമുഖ നടനൊപ്പമാണെങ്കിലും നയന്‍താരയാണ് നായികയെങ്കില്‍ ജനം തിയറ്ററിലേക്കെത്തും എന്നായി അവസ്ഥ. അഭിനയിച്ച ചിത്രങ്ങള്‍ പണം വാരിക്കൂട്ടിയതോടെ ഭാഗ്യനായികയായി അറിയപ്പെട്ടു. ഇതിനിടെ തെലുങ്കിലും നയന്‍സ് സ്ഥാനം ഉറപ്പിച്ചു. ബിഗിലില്‍ നായകന്‍റെ നിഴലല്ല നായികയെന്നും, നായികയെന്നാല്‍ എന്നാല്‍ നായിക തന്നെയാണെന്നും അടിവരയിട്ട് പറഞ്ഞു. അന്നേവരെ അല്ലെങ്കില്‍ ഇന്നേവരെ മറ്റൊരു നടിക്കും കൊയ്യാന്‍ കഴിയാത്ത ബിസിനസാണ് നയന്‍സ് എന്ന ഒറ്റപ്പേര് തമിഴ് സിനിമ ലോകത്ത് ഉണ്ടാക്കിയെടുത്തത്. മലയാള സിനിമയില്‍ താരറാണി പട്ടം കിട്ടിയില്ലെങ്കിലും താരത്തിന്‍റെ തമിഴ് സിനിമകള്‍ക്ക് കേരളത്തില്‍ സ്വീകാര്യത ലഭിച്ചു.

nayans


 
താരറാണിയെന്ന് പേരെടുത്തിട്ടും സ്വന്തം പേരില്‍ ഒരു സിനിമ വില്‍ക്കാന്‍ കഴിയാത്ത നായികമാര്‍ക്കിടയിലാണ് നയന്‍സ് അല്‍ഭുതം സൃഷ്ടിക്കുന്നത്. ‍ലേ‍ഡി സൂപ്പര്‍സ്റ്റാര്‍ എന്ന് വിശേഷിപ്പിക്കുന്ന ഉര്‍വശിക്കോ  മഞ്ജു വാരിയർക്കോ താരറാണിമാരെന്ന് വിശേഷിപ്പിക്കപ്പെട്ട പാര്‍വതി തിരുവോത്തിനോ ശോഭനക്കോ അവരുടെ പീക്ക് ടൈമില്‍ പോലും തങ്ങള്‍ അഭിനയിക്കുന്നു എന്നതിന്റെ പേരില്‍ മാത്രം നയന്‍സിനോളം സിനിമയുടെ വാണിജ്യനേട്ടത്തില്‍ പങ്ക് അവകാശപ്പെടാന്‍ കഴി​ഞ്ഞിട്ടില്ല. അവിടെയാണ് നായകന്‍റെ പേരില്‍ മാത്രം ഒതുങ്ങി നില്‍ക്കുന്ന ഒന്നല്ല സിനിമയെന്നും പെണ്ണിനും ചിലതൊക്കെ കഴിയുമെന്നും അവര്‍ തെളിയിച്ചത്. ഏത് താരരാജാവിനൊപ്പമാണെങ്കിലും സിനിമയുടെ ബിസിനസില്‍ നയന്‍താര എന്ന പേര് പ്രധാനഘടകമായി.

nayans


 
ഇക്കാലത്തും നയന്‍സിന്‍റെ വ്യക്തിജീവിതം ആരാധകരെ പലതട്ടിലാക്കി. അടിക്കടി ഗോസിപ്പ് കോളങ്ങളില്‍ അവരുടെ പേരുവന്നു. ചിമ്പുവിന്‍റെയും പ്രഭുദേവയുടെയും പേരിനൊപ്പം ചര്‍ച്ചകള്‍ ചൂടുപിടിച്ചു. വിവാഹിതനായ പ്രഭുദേവയുടെ ചിത്രം ടാറ്റൂ ചെയ്തതിന്‍റെ പേരില്‍ അന്ന് ആരാധകര്‍ ആക്രോശിച്ചു. പോസ്റ്ററുകള്‍ വലിച്ചുകീറി. സമരങ്ങള്‍ പോലും നടന്നു. ഒടുവില്‍ അഭ്യൂഹങ്ങള്‍ക്കെല്ലാം തിരശീലയിട്ട് നയന്‍സ് ജീവിതപങ്കാളിയെ കണ്ടെത്തി. വൈകാതെ ഉയിരും ഉലകും അവര്‍ക്കൊപ്പമെത്തി. വാടകഗര്‍ഭപാത്രം ഉപയോഗിച്ചു എന്നതടക്കം അവിടെയും വിവാദങ്ങള്‍ക്ക് കുറവുണ്ടായില്ല. പക്ഷേ കുലുങ്ങാതെ നിലപാടില്‍ ഉറച്ചുനിന്ന താരത്തിന് കയ്യടികളായിരുന്നു ഏറെയും.



വിവാഹം കഴിയുമ്പോള്‍ സിനിമാജീവിതം അവസാനിക്കുന്ന പതിവിന് അല്‍ഭുതകരമായാണ് നയന്‍സ് കട്ട് പറഞ്ഞത്. വിഘ്നേഷും മക്കളും നോക്കി നില്‍ക്കേ അവര്‍ പുതിയ ഉയരങ്ങള്‍ കീഴടക്കുന്നതാണ് പിന്നീട് കണ്ടത്. 2022ല്‍ ആദ്യമായി ഒരു നായികയുടെ സോളോ കട്ടൗട്ടര്‍ ചെന്നൈ നഗരത്തില്‍ ഉയര്‍ന്നു. തമിഴരുടെ പുതിയ സിനിമാത്തലൈവി ആ നഗരത്തെ നോക്കി പുഞ്ചിരിച്ചു. നായകന്‍മാര്‍ക്കൊപ്പമോ അതിലേറെയോ പ്രതിഫലം വാങ്ങുന്ന ഒരു നായിക.  ലേഡി ചേര്‍ക്കാതെ തന്നെ സൂപ്പര്‍സ്റ്റാര്‍. ജീവിതത്തില്‍ പോരാടി ജയിച്ച അവള്‍ ഇന്ത്യന്‍ സിനിമയുടെ തന്നെ അഭിമാനമായി. നയന്‍താരയുടെ വിവാഹത്തിന് പറന്നിറങ്ങിയ ബോളിവുഡ് സൂപ്പര്‍താരങ്ങളുടെ നിര നോക്കിയാല്‍ മതി അവരുടെ സ്വാധീനത്തിന്‍റെ വ്യാപ്തി അറിയാന്‍. മുന്‍പും ശേഷവും എന്ന ചരിത്രമില്ല ആ വിജയത്തിന്. നയന്‍താര എന്ന പേരിന്.

nayan-marriage