'Nervous Nineties ' ക്രിക്കറ്റിലെ ഏറ്റവും പ്രധാനപെട്ട വാക്കുകളിൽ ഒന്നാണത്. ബാറ്റ്സ്മാൻ 90 റൺസ് വരെ ആക്രമിച്ച് കളിച്ചശേഷം സെഞ്ചുറിയിലേക്ക് എത്താനുള്ള ഒരു നെടുവീർപ്പുണ്ട്. പത്തു റൺസിന്  വേണ്ടി ടെൻഷൻ അടിച്ച്  കളിച്ച് വിക്കറ്റ് വലിച്ചെറിഞ്ഞ് പോകുന്ന സച്ചിൻ ടെണ്ടുൽക്കർ ആയിരുന്നു അതിലെ ഏറ്റവും വലിയ പ്രതീകം. 

2003 വേൾഡ്  കപ്പിൽ പാകിസ്താന്റെ ഫാസ്റ്റ് ബൗളിംഗ് ഫാക്ടറിയെ തല്ലികൂട്ടിയതിനുശേഷം 90 കളിൽ ഔട്ട് ആയി പോകുന്നൊരു സച്ചിന്റെ ഇമേജ് ഇപ്പോഴും മനസിലുണ്ട്. അയാളോളം 90's കിഡ്സിന്റെ ബ്രാൻഡ് അംബാസിഡറായ മറ്റൊരാളില്ല. സച്ചിന്റെ  'Nervous Nineties ' ഒരു പക്ഷെ ആ തലമുറയുടെയും സ്വഭാവത്തെ സൂചിപ്പിക്കുന്നുണ്ട്. എല്ലാം അടിപൊളിയായി ചെയ്തിട്ട് അതിന്റെ പൂർണതയിൽ എത്തുമ്പോൾ പുറകോട്ടൊരു ഒരു വലിവ് വരുന്നുണ്ട്. നമ്മുടെ കുട്ടികാലത്തൊക്കെ നമുക്കിടയിൽ കുട്ടി ശാസ്ത്രഞന്മാരും, ജൂനിയർ സച്ചിന്മാരും, മൈക്കൽ ജാക്‌സൺ ലൈറ്റ് വേർഷ്യനും ഒക്കെ ഉണ്ടായിരുന്നു. 

എന്നാൽ ഈ  NERVOUS സ്വഭാവം അവരെ എങ്ങും എത്തിച്ചില്ല. എന്നാൽ ഒരു ചെറിയ പുഷ് കിട്ടിയിരുന്നെങ്കിൽ അവർ എവിടെയെങ്കിലും എത്തിയേനെ. സ്വന്തം കുടുംബം നോക്കാൻ വേണ്ടി സ്വപ്‌നങ്ങൾ ഒക്കെ വിട്ടുകളഞ്ഞ മനുഷ്യരുടെ കൂട്ടങ്ങളാണവർ. അത്തരം കൂട്ടങ്ങൾ ഏറ്റവും കൂടുതൽ ഉള്ളത് 90's കിഡ്‌സിനിടയിലാണ്. അവരുടെ കഥ പറയുന്ന സിനിമയാണ് പല്ലൊട്ടി. ആത്‌മവിശ്വാസ കുറവുള്ള മനുഷ്യർക്ക് സൗഹൃദമാണ് ഏറ്റവും വലിയ ജീവൻ ടോൺ എന്ന് ഈ സിനിമ പറഞ്ഞു വെക്കുന്നുണ്ട്. 90s ലെ സൗഹൃദങ്ങൾ എത്രത്തോളം സ്പെഷ്യൽ ആണെന്ന് സിനിമ കാണിച്ചു തരുന്നുണ്ട്. 

പലപ്പോഴും ആത്മവിശ്വാസകുറവുകൊണ്ട് പിന്നോട്ട് പോകുന്ന മനുഷ്യരെ ചേർത്ത് പിടിക്കണമെന്ന് പല്ലൊട്ടി അടിവരയിട്ട് പറയുന്നു. 90 കാലഘട്ടത്തിൽ അവരുടെ കുട്ടിക്കാലം ആസ്വദിച്ച മനുഷ്യരുടെ കഥയാണ് പല്ലൊട്ടി. ആ ഗോൾഡൻ ജനറേഷന്റെ ലൈവ് സ്ട്രീമിംഗ് ആണ് പല്ലൊട്ടി. ആ തലമുറക്ക് കണക്ട് ചെയ്യാനുള്ള എല്ലാ എലെമെന്റുകളും സിനിമയിലുണ്ട്. സിനിമയിൽ പ്രധാന റോളുകൾ അവതരിപ്പിച്ച മാസ്റ്റർ ഡാവിഞ്ചി സന്തോഷ്, മാസ്റ്റർ നീരജ് കൃഷ്‌ണ എന്നിവർ മികച്ച പ്രകടനം കാഴ്ചവെക്കുന്നുണ്ട്. സിനിമാ പ്രാന്തൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ നടനും സംവിധായകനുമായ സാജിദ് യഹിയ, നിതിൻ രാധാകൃഷ്ണൻ എന്നിവർ നിർമ്മിച്ച് നവാഗതനായ ജിതിൻ രാജ് സംവിധാനം ചെയ്യ്ത 'പല്ലൊട്ടി 90's കിഡ്സ്'. റിലീസിന് മുൻപ് തന്നെ 3 സംസ്ഥാന പുരസ്കാരങ്ങൾ, ജെ സി ഡാനിയൽ ഫൗണ്ടേഷൻ പുരസ്കാരം, ബാഗ്ലൂർ ഇൻറെർ നാഷണൽ ഫിലിം ഫെസ്റ്റിവലിൽ മികച്ച ഇന്ത്യൻ സിനിമ കാറ്റഗറിയിലിലേക്ക് തിരഞ്ഞെടുക്കയും തുടങ്ങി നിരവധി പുരസ്കാരങ്ങൾ ചിത്രം ഇതോടകം കരസ്ഥമാക്കിയിട്ടുണ്ട്.

ENGLISH SUMMARY:

Live streaming of 90's kids lives; Pallotty 90's Kids Review