പണി സിനിമയിലെ ബലാല്‍സംഗ സീനിനെ വിമര്‍ശിച്ച റിവ്യൂവറെ ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തിയതോടെ, സമൂഹമാധ്യമങ്ങളിലാകെ നടനും ചിത്രത്തിന്‍റെ സംവിധായകനുമായ ജോജു ജോര്‍ജിന് പൊങ്കാല. ചിത്രത്തിലെ ബലാല്‍സംഗ സീനിനെതിരായ റിവ്യൂവര്‍ ആദര്‍ശിന്‍റെ വിമര്‍ശനം വസ്തുതാപരമാണെന്ന് വ്യക്തമാക്കി മനോജ് വെള്ളനാട് എഴുതിയ ഫെയ്സ്ബുക്ക് കുറിപ്പാണ് ശ്രദ്ധേയമായിരിക്കുന്നത് .കുറിപ്പിനോടുള്ള പ്രതികണങ്ങളിലേറെയും ജോജു ജോര്‍ജിനുള്ള വിമര്‍ശനമാണ്.
'സിനിമ കണ്ടപ്പോൾ തനിക്ക് തോന്നിയ കാര്യമാണ്, ബലാല്‍സംഗ സീന്‍ സ്ത്രീകേന്ദ്രീകൃതമായി ചിത്രീകരിച്ച് കാഴ്ചക്കാരനെ അതിന്‍റെ ആസ്വാദകനാക്കുന്ന സമീപനം ശരിയായില്ല. അതിനെ വിമർശിക്കാൻ പ്രേക്ഷകന് അവകാശമുണ്ട്. എത്ര കാശു മുടക്കി സിനിമ നിർമ്മിച്ച ആളാണെങ്കിലും പ്രേക്ഷകൻ്റെ അവകാശത്തെ ചോദ്യം ചെയ്യാൻ മുതിരുന്നത് അപക്വവും താൻപോരിമയുമാണ്. അതാണ് ജോജു ചെയ്തതും.
ആ സീനിൻ്റെ ബാക്കിയായി വരുന്ന സീനുകളിലും ചില പ്രശ്നങ്ങൾ എനിക്ക് തോന്നിയിരുന്നു. ബലാല്‍സംഗം ചെയ്യപ്പെട്ട സ്ത്രീയോട് അമ്മായിയമ്മ തുടര്‍ന്ന് പറയുന്നവാക്കുകളും ആശാസ്യമയി തോന്നുന്നില്ല .മേമ്പൊടിക്ക് മുപ്പതോ നാൽപ്പതോ വർഷം മുമ്പ്മാധവിക്കുട്ടിയെഴുതിയ വാക്കുകള്‍ ആ ഭാഗത്ത് ഉദ്ധരിക്കപ്പെടുന്നുമുണ്ട് . മാധവിക്കുട്ടി അതെഴുതുന്ന കാലത്ത് പെണ്ണിൻ്റെ ശുദ്ധി ഒക്കെ വലിയ കാര്യമായിരുന്നു. അന്നതൊക്കെ പൊളിച്ചെറിയുന്നത് വിപ്ലവമായിരുന്നു. ഇന്നും അതിനെ ചുറ്റിപ്പറ്റി തന്നെ നിൽക്കുന്നത്, മനുഷ്യത്വ രഹിതമായ ഒരു കുറ്റകൃത്യത്തിന്‍റെ കാഠിന്യം കുറയ്ക്കാനും ഇരയായ വ്യക്തിയുടെ അവകാശങ്ങളെ വില കുറച്ച് കാണിക്കാനുമേ ഉപകരിക്കൂ.
സിനിമയിൽ സംഭവിക്കുമ്പോൾ നായകൻ പോയി പ്രതികാരം ചെയ്യുമെന്നും കാഴ്ചക്കാർ അതുകണ്ട് സംതൃപ്തരാവുമെന്നും നമുക്കറിയാം. പക്ഷെ മംഗലത്ത് ഗിരിയെ പോലെ ഒരു ഗ്ലോറിഫൈഡ് ഗുണ്ടയുടെ ബന്ധുവല്ലാത്ത സ്ത്രീകൾക്ക് ഈ അനുഭവം ഉണ്ടായാൽ എന്ത് ചെയ്യണം? കുളിച്ച്, ഡ്രസ് മാറ്റി പഴയതു പോലെ ജീവിക്കുമോ അവർ? നിസഹായരായ സാധാരണ മനുഷ്യരെ കൂടുതൽ നിസഹായരാക്കുന്ന സംഭാഷണമാണതെന്നാണ് എനിക്ക് തോന്നിയത്. സിനിമകളിൽ കൂടിക്കൂടി വരുന്ന വയലൻസിനെ ഉത്കണ്ഠയോടെ കാണുന്ന ഒരാളാണ് ഞാൻ. അതിനെ പറ്റിയൊന്നും തൽക്കാലം എഴുതുന്നില്ല. പക്ഷെ സിനിമയിൽ വയലൻസിന് കിട്ടുന്ന അപ്ഡേഷൻ ജീവിതത്തിലെ കാഴ്ചപ്പാടുകൾക്ക് കിട്ടുന്നില്ല, അത് കലയിൽ പ്രകടമാകുന്നുണ്ട് എന്നത് പറഞ്ഞു എന്ന് മാത്രം. ഇത് പറഞ്ഞതിൻ്റെ പേരിൽ ജോജു എന്നെ വിളിക്കണമെന്നില്ല. നിർബന്ധിച്ചാലും ആരും അദ്ദേഹത്തിന് എൻ്റെ നമ്പർ കൊടുക്കരുത്, പ്ലീസ്'. – മനോജ് വെള്ളനാട് ഫെയ്സ്ബുക്കില്‍ കുറിച്ചു.