തനിക്കെതിരെ പ്രചരിക്കുന്ന വ്യാജ വിഡിയോകള്‍ക്കും പ്രചരണത്തിനുമെതിരെ രൂക്ഷവിമര്‍ശനവുമായി നടി ആലിയ ഭട്ട്. താന്‍ കോസ്മെറ്റിക് സര്‍ജറി ചെയ്തത് മാറിപ്പോയെന്നും തന്‍റെ ചിരി ശരിയല്ലെന്നും പറയുന്ന വിഡിയോ പ്രചരിക്കുകയാണെന്നും ക്ലിക്ക് ബൈറ്റിന് വേണ്ടിയാണ് ഇങ്ങനെ ചെയ്യുന്നതെന്നും ആലിയ പറഞ്ഞു. സ്ത്രീകളുടെ ശരീരത്തെ സൂക്ഷ്മമായി നിരീക്ഷിക്കുന്ന ഏര്‍പ്പാടുകള്‍ നിര്‍ത്തണമെന്നും ഓരോരുത്തരുടേയും വ്യക്തിത്വത്തേയും ആഘോഷിക്കാമെന്നും ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവച്ച സ്റ്റോറിയില്‍ അവര്‍ കുറിച്ചു.
'കോസ്മറ്റിക് സര്‍ജറി ചെയ്യുന്നവരെ ഒരു തരത്തിലും ജഡ്ജ് ചെയ്യുന്നില്ല, നിങ്ങളുടെ തിരഞ്ഞെടുപ്പാണത്. പക്ഷെ ഞാന്‍ ബൊട്ടോക്‌സ് ചെയ്തത് പാളിപ്പോയെന്ന് പറഞ്ഞ് ഒരു വിഡിയോ പ്രചരിക്കുകയാണ്. എന്‍റെ ചിരി ശരിയല്ലെന്നും സംസാരത്തില്‍ പ്രശ്‌നമുണ്ടെന്നും പറയുന്ന ഒരുപാട് വീഡിയോകള്‍ പ്രചരിക്കുന്നുണ്ട്. ഇത് ഒരു മനുഷ്യന്‍റെ മുഖത്തെക്കുറിച്ചുള്ള അതിസൂക്ഷ്മമായ മുന്‍വിധിയാണ്.
എന്‍റെ ഒരു വശം തളര്‍ന്നു പോയെന്ന് നിങ്ങളിപ്പോള്‍ ശാസ്ത്രീയമായി വിശദീകരിക്കുകയാണ്. നിങ്ങളെന്താ തമാശ പറയുകയാണോ? ഒരു തെളിവുമില്ലാതെ, ഉറപ്പുമില്ലാതെ ഓരോന്ന് പറയുന്നു? ഈ ചവറ് വിശ്വസിക്കുന്ന ആളുകളെ സ്വാധീനിക്കാനല്ലേ ഇത്തരം വിഡിയോകള്‍ ചെയ്യുന്നത്? ക്ലിക്ക്‌ബൈറ്റിന് വേണ്ടിയല്ലേ? ശ്രദ്ധിക്കപ്പെടാനല്ലേ? അല്ലാതെ ഇതിലൊന്നും ഒരു കാര്യവുമില്ല.
ഒരു കാര്യം വ്യക്തമായി പറയാം. സ്ത്രീകളുടെ മുഖത്തേയും ശരീരത്തേയും വ്യക്തി ജീവിതത്തേയും മുഖക്കുരുവിനെ പോലും വിധിക്കുന്ന അസംബന്ധത്തെ പറ്റി ഇനി സംസാരിക്കാം. നമുക്ക് വ്യക്തിത്വം ആഘോഷിക്കാം, ഒരു മൈക്രോസ്‌കോപ്പിലൂടെ അതിനെ കീറി മുറിക്കണ്ട. ഇത്തരം മുന്‍വിധികള്‍ അയഥാര്‍ഥമായ സങ്കല്‍പങ്ങളെ സൃഷ്ടിക്കും. തങ്ങള്‍ പോര എന്ന ചിന്ത ആളുകളില്‍ ഉണ്ടാക്കും. അത് അപകടകരമാണ്, നിരാശപ്പെടുത്തുന്നതാണ്.
ഏറ്റവും സങ്കടകരമായ കാര്യമെന്തെന്നോ? സ്ത്രീകളില്‍ നിന്നു തന്നെ ഇത്തരം വിധിക്കലുകള്‍ ഉണ്ടാകുന്നുവെന്നതാണ്. ജീവിക്കൂ, ജീവിക്കാന്‍ അനുവദിക്കൂ എന്ന് പറയുന്നതിനൊന്നും യാതൊരു വിലയുമില്ലേ? എല്ലാവര്‍ക്കും അവരുടേതായി തിരഞ്ഞെടുപ്പുണ്ട്,' ആലിയ കുറിച്ചു