dulquer-pranav

പ്രണവ് മോഹന്‍ലാലിനൊപ്പമുള്ള ബന്ധത്തെ പറ്റി സംസാരിക്കുകയാണ് ദുല്‍ഖര്‍ സല്‍മാന്‍. പ്രണവിനൊപ്പമുള്ള തന്‍റെ ഓര്‍മകള്‍ മുഴുവന്‍ ചെറുപ്പത്തിലായിരുന്നുവെന്നും മുതിര്‍ന്നതിന് ശേഷം താന്‍ അദ്ദേഹത്തിനോട് അങ്ങനെ സംസാരിച്ചിട്ടില്ലെന്നും ദുല്‍ഖര്‍ പറഞ്ഞു. അവരുടെ കുടുംബത്തില്‍ ഇപ്പോള്‍ താന്‍ സംസാരിക്കാറുള്ളത് സുചിത്ര ആന്‍റിയോടാണെന്നും ഒരു യുട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ദുല്‍ഖര്‍ പറഞ്ഞു. രണ്ട് സൂപ്പര്‍ സ്റ്റാറുകളുടെ മക്കളെന്ന നിലയ്ക്ക് സിനിമകളെ പറ്റി പരസ്​പരം സംസാരിക്കാറുണ്ടായിരുന്നോ എന്നായിരുന്നു ചോദ്യം. 

'പ്രണവിനോടൊപ്പമുള്ള എന്‍റെ ഓര്‍മകളെല്ലാമുള്ളത് ചെറുപ്പത്തിലേതാണ്. അന്ന് ഞാന്‍ സ്​കൂളില്‍ ഒമ്പതിലോ പത്തിലോ പഠിക്കുകയാണ്. പ്രണവ് എന്നെക്കാളും ഇളയതാണ്. അന്നേ കുട്ടികളെ എനിക്ക് ഇഷ്​ടമാണ്. അതുകൊണ്ട് അവരുടെ വീട്ടില്‍ പോകുമ്പോള്‍ പ്രണവിനൊപ്പം കളിക്കുകയും സംസാരിക്കുകയുമൊക്കെ ചെയ്യും. 

അതിനുശേഷം ഞാന്‍ കോളേജില്‍ പോയി, അവന്‍ കോളേജില്‍ പോയി. ഞങ്ങള്‍ ഒരുമിച്ചിരുന്ന് സിനിമയെ പറ്റി അങ്ങനെ സംസാരിച്ചിട്ടൊന്നുമില്ല. എന്നാല്‍ അവന് നല്ല സിനിമകള്‍ ഉണ്ടാവുമ്പോള്‍ എനിക്ക് സന്തോഷം തോന്നാറുണ്ട്. സുചിയാന്‍റിയോടാണ് ഞാന്‍ സംസാരിക്കാറുള്ളത്. കാരണം പ്രണവ് സോഷ്യല്‍ മീഡിയയില്‍ ഇല്ലല്ലോ. മുതിര്‍ന്നതിന് ശേഷം പ്രണവിനോട് അങ്ങനെ സംസാരിച്ചിട്ടില്ല. അവന്‍ എപ്പോഴും യാത്രയിലും ട്രക്കിങ്ങിലുമൊക്കെയാണ്. അങ്ങനെ അവന് ഇഷ്​ടമുള്ള രീതിയില്‍ ജീവിക്കുന്നതില്‍ സന്തോഷമുണ്ട്,'  ദുല്‍ഖര്‍ പറഞ്ഞു. 

ലക്കി ഭാസ്​കറാണ് ഉടന്‍ റിലീസിന് ഒരുങ്ങുന്ന ദുല്‍ഖര്‍ സല്‍മാന്‍ ചിത്രം. വെങ്കി അറ്റ്​ലൂരി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മീനാക്ഷി ഛൗധരിയാണ് നായിക. മലയാളം അടക്കം അഞ്ച് ഭാഷകളിലാണ് ചിത്രം റിലീസ് ചെയ്യുന്നത്. 

ENGLISH SUMMARY:

Dulquer Salmaan talks about his relationship with Pranav Mohanlal