ഭൂല്‍ ഭുലയ്യയിലെ അമി ജെ തോമാര്‍ 3.0യുടെ റിലീസ് നൃത്ത പ്രകടനത്തിനിടെ വേദിയില്‍ ചുവട് പിഴച്ച് വീണ് ബോളിവുഡ് താരം വിദ്യാബാലന്‍. തികഞ്ഞ മെയ്വഴക്കത്തോടെ എഴുന്നേറ്റ വിദ്യ നൃത്തം തുടരുകയായിരുന്നു. വലിയ കൈയടിയോടെയാണ് വിദ്യയുടെ പ്രകടനം കാണികള്‍ സ്വീകരിച്ചത്. മാധുരി ദിക്ഷീതാണ് വിദ്യയ്ക്കൊപ്പം നിറഞ്ഞാടിയത്. മുംബൈയിലായിരുന്നു താരനിബിഡമായ പരിപാടി. ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന 'ഭൂല്‍ ഭുലയ്യ 3' നവംബര്‍ ഒന്നിനാണ് തീയറ്ററുകളിലെത്തുക.
നൃത്തത്തിനിടെ വിദ്യ നിലത്ത് വീണതും കാണികള്‍ ഒരുനിമിഷം അമ്പരന്നു. വിദ്യയുടെ മുഖത്തും ആ ഭാവം മിന്നി മറഞ്ഞു. പൊടുന്നനവേ അങ്ങേയറ്റം പ്രസന്നതയോടെ വിദ്യ നൃത്തം തുടരുകയായിരുന്നു. മധുരി തനിക്ക് സഹോദരിയെ പോലെയാണെന്നും ഒന്നിച്ച് വേദി പങ്കിടാന്‍ കഴിഞ്ഞത് വലിയ ആദരവായാണ് കാണുന്നതെന്നും വിദ്യ പ്രകടനത്തിന് ശേഷം പറഞ്ഞു. നൃത്തം ചെയ്യുമ്പോഴുള്ള ഓരോ നിമിഷവും താന്‍ ആസ്വദിച്ചാണ് പൂര്‍ത്തിയാക്കിയതെന്നും , ഇടയ്ക്കൊന്ന് വീണെങ്കിലും ആത്മവിശ്വാസത്തോടെ നൃത്തം പൂര്‍ത്തിയാക്കാനായെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
'ഒരു മുറൈ വന്ത്' എന്ന പാട്ടിന് പകരം ഹിന്ദിയില്‍ ഉള്‍പ്പെടുത്തിയ 'അമി ജെ തോമാറി'ന്‍റെ പുതിയ പതിപ്പില്‍ ശ്രേയ ഘോഷാലാണ് പാടിയിരിക്കുന്നത്. ചിന്നി പ്രകാശാണ് നൃത്തസംവിധാനം. പുതിയ ഭാവം പാട്ടിന് കൈവന്നതായാണ് ആരാധകരുടെ പ്രതികരണം. അനീസ് ബാസ്മിയാണ് മൂന്നാം ഭാഗത്തിന്‍റെയും സംവിധായകന്‍. മഞ്ജൂളികയായി തന്നെയാണ് ചിത്രത്തില്‍ വിദ്യ വീണ്ടും പ്രത്യക്ഷപ്പെടുന്നത്. ചിത്രത്തിന്‍റെ ട്രെയിലറടക്കം വന്‍ ചര്‍ച്ച ആയിരുന്നു.
2007ലാണ് പ്രിയദര്‍ശന്‍ സൂപ്പര്‍ഹിറ്റ് ചിത്രം മണിച്ചിത്രത്താഴ് 'ഭൂല്‍ ഭുലയ്യ' എന്ന പേരില്‍ ഹിന്ദിയിലേക്ക് റീമേക്ക് ചെയ്തത്. അന്ന് അക്ഷയ് കുമാറായിരുന്നു നായകന്‍. രണ്ടാം ഭാഗത്തില്‍ കാര്‍ത്തിക് ആര്യനും നായകനായി. 2022ലാണ് രണ്ടാം ഭാഗം റിലീസ് ചെയ്തിരുന്നത്.