TOPICS COVERED

ഫസ്റ്റ് ഷോ ബോക്‌സ് ഓഫീസ് ഹിറ്റ്. ഇന്നലെ വരെ തിയറ്റര്‍ വെളിച്ചത്തില്‍ കണ്ടുപരിചയിച്ച ഭാവമായിരുന്നില്ല വില്ലുപുരത്തെ വിക്രവാണ്ടിയില്‍ കണ്ടത്. ഇത് പുതു റോള്‍,  തൂവെള്ള ഷര്‍ട്ടും ചന്ദനനിറത്തിലുള്ള പാന്റ്സും കഴുത്തില്‍ മഞ്ഞയും ചുവപ്പും കലര്‍ന്ന ഷാളുമണിഞ്ഞ് തമിഴക രാഷ്ട്രീയക്കളരിയിലേക്ക് ടിവികെയുടെ നാഥന്‍ വിജയ്‍യുടെ വരവ്. ആദ്യ സമ്മേളനമെന്നോ പുത്തന്‍ രാഷ്ട്രീയക്കാരനെന്നോ ഉള്ള ഭാവമൊന്നും മുഖത്തോ ശരീരഭാഷയിലോ ഇല്ല, രാഷ്ട്രീയം കലക്കിക്കുടിച്ചവനെന്ന തോന്നലുണ്ടാക്കി ഷര്‍ട്ടിന്റെ കൈ ചുരുട്ടിമടക്കി ദളപതിയുടെ വരവ്.

വരവ് രണ്ടും കല്‍പ്പിച്ചല്ല. കരുതലോടെ, കളമറിഞ്ഞുതന്നെ. പക്ഷേ ഒന്നുണ്ട്. മുന്നോട്ടുവച്ച കാല്‍ എന്തുവന്നാലും പിന്നോട്ടെടുക്കില്ല. ടിവികെയുടെ സംവിധാന ചാര്‍ട്ടില്‍ തമിഴക രാഷ്ട്രീയം സഞ്ചരിക്കുമെന്ന പ്രതീതി. ഉയിര്‍വണക്കം ചൊല്ലി അഴകിയ അരസിയല്‍ മന്നന്‍  രാഷ്ട്രീയത്തെ പാമ്പിനോട് ഉപമിച്ച്  തുടങ്ങി.ജനത്തെ വിഡ്ഢികളാക്കുന്ന ഭരണകൂടങ്ങള്‍ക്കെതിരെ ആഞ്ഞടിച്ചു, രാഷ്ട്രീയ എതിരാളികളാരെന്ന് ഉറക്കെ പ്രഖ്യാപിച്ചു.

സിനിമാ കരിയറിന്റെ ഉന്നതിയില്‍ നില്‍ക്കുമ്പോള്‍ രാഷ്ട്രീയത്തിലേക്ക് ചേക്കേറിയത് പലതും പഠിച്ച് പരിചയിച്ചാണ്. അത്രമാത്രം ഒഴുക്കോടെയാണ്  പാര്‍ട്ടിയുടെ ലക്ഷ്യവും ശൈലിയും മാര്‍ഗവും അധ്യക്ഷന്‍ അണികളെ പറഞ്ഞുപഠിപ്പിച്ചത്. ദ്രാവിഡ കക്ഷികളെ ആഞ്ഞുതല്ലി, വിഭജനരാഷ്ട്രീയത്തെ വലിച്ചുകീറി. വ്യക്തികളുടെയും പാര്‍ട്ടികളുടെയും പേര് പരാമര്‍ശിക്കാത്തതിനുമുണ്ടായി നേര്‍ക്കുനേര്‍ മറുപടി. അങ്ങനെയുള്ള ചക്കളത്തിപ്പോരാട്ടങ്ങളില്‍ താല്‍പര്യമില്ല, സമയവുമില്ല. ഒരു പാര്‍ട്ടിയുടേയും എ ടീമോ ബി ടീമോ അല്ല ടിവികെ... 2026 തിരഞ്ഞെടുപ്പില്‍ എല്ലാ സീറ്റുകളിലും മല്‍സരിക്കുമെന്നും തമിഴ് ജനത വോട്ടുചെയ്യുമെന്നും വിജയ് ഉറപ്പിക്കുന്നു.

ജാതി സെന്‍സസ് അനിവാര്യമെന്ന് പറഞ്ഞ് ബിജെപിയെ നടുക്കി. അഴിമതിയുടെയും കുടുംബവാഴ്ചയുടെ കാര്യം പറഞ്ഞ് ഡിഎംകെയില്‍ പിരിമുറുക്കമുണ്ടാക്കി. എല്ലാവര്‍ക്കും എല്ലാം എന്ന മുദ്രാവാക്യമുയര്‍ത്തി സാധാരണക്കാരെ കയ്യിലെടുക്കുന്നു ദളപതി. രാഷ്ട്രീയ സഖ്യസാധ്യതകള്‍ തള്ളാതെ തുറന്നുവയ്ക്കുന്നിടത്തുണ്ട് പ്രായോഗികതയുടെ തെളിച്ചങ്ങള്‍. ജനങ്ങള്‍ക്കൊപ്പമെന്ന് അവകാശപ്പെട്ട് അവരെ പറ്റിക്കുന്നവരുടെ പിടിയില്‍ നിന്ന് തമിഴ്നാടിനെ രക്ഷിക്കുന്ന ശക്തിയായി  മാറുമെന്ന് വിജയ് തന്റെ ആദ്യ സമ്മേളനത്തില്‍ അടിവരയിട്ടു. 

മാസ് ഡയലോഗ് സിനിമയിലും ജീവിതത്തിലും ഒരേ പോലെ വഴങ്ങുമെന്ന വെളിപ്പെടുത്തല്‍ കൂടിയായിരുന്നു വിക്രവാണ്ടി വേദി. സിനിമാ വ്യവസായത്തില്‍ ഏറ്റവും വലിയ മാര്‍ക്കറ്റുള്ള നടനില്‍ നിന്ന് ടിവികെ നായകനിലേക്കുള്ള മാറ്റം ഗസ്റ്റ് അപ്പിയറന്‍സല്ലെന്ന് തമിഴ് രാഷ്ട്രീയത്തിനാകെ ബോധ്യപ്പെട്ടു. തമിഴ് വികാരത്തെ ചേര്‍ത്ത്  നിര്‍ത്തി, രാഷ്ട്രീയ ലൈന്‍ കൃത്യമായി പറഞ്ഞുവച്ചു വിജയ്. 

വിജയ്‌യുടെ വരവ് കൂടി മുന്നില്‍കണ്ട് ഉദയനിധി സ്റ്റാലിനെ ഉപമുഖ്യമന്ത്രിപദത്തില്‍ നിര്‍ത്തിയ ഡിഎംകെ ടിവികെയുടെ രാഷ്ടീയ എതിരാളിയായി മാറിക്കഴിഞ്ഞു. ഇതുവരെ പ്രതികരിക്കാതിരുന്ന ഡിഎംകെ എന്തുപറയും എന്നാണ് തമിഴകം കാതോര്‍ക്കുന്നത്. ഭരണത്തിലുള്ളതും അല്ലാത്തതുമായ മുന്നണികളിലെ കക്ഷികളെ ഇരുകയ്യും നീട്ടി സ്വീകരിക്കുമെന്ന പ്രഖ്യാപനം ആകാംക്ഷ വര്‍ധിപ്പിച്ചിട്ടുണ്ട്. ഒപ്പമെത്തുന്നവര്‍ക്ക് രാഷ്ട്രീയത്തിലും അധികാരത്തിലും പങ്കുണ്ടാകും എന്ന് പറഞ്ഞത് വെറുതെയല്ല. ഡിഎംകെ സഖ്യകക്ഷികളായ വിസികെയും കോണ്‍ഗ്രസും മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തണം എന്ന് നേരത്തേ പരസ്യമായി ആവശ്യപ്പെട്ടിരുന്നു. ഇത് നടക്കാത്തതാണ് വിജയ്‍യുടെ വാക്കുകള്‍ക്ക് ഭാരം കൂട്ടുന്നത്.

പാര്‍ട്ടിയുടെ വഴികാട്ടികളില്‍ ബി.ആര്‍.അംബദ്കറുണ്ട്. ആ പേര് പറഞ്ഞപ്പോള്‍ സദസ്സില്‍ നിന്നുയര്‍ന്ന ആരവം വിജയ്‍യെ ആഹ്ലാദിപ്പിച്ചെന്നുറപ്പ്. അതിന്‍റെ തുടര്‍ച്ചയാണ് വിടുതലൈ ചിരുതൈകള്‍ കച്ചി അടക്കമുള്ള ദലിത് പാര്‍ട്ടികളോടുള്ള അടുപ്പം. ദലിത് വോട്ടുകള്‍ ഒപ്പം നിന്നാല്‍ പലതും നടക്കുമെന്ന് വി.സി.കെ ബുദ്ധികേന്ദ്രങ്ങള്‍ക്ക് അറിയാം. സ്ത്രീസുരക്ഷ, സ്ത്രീകളുടെ പുരോഗതി എന്നീ മുദ്രാവാക്യങ്ങള്‍ ആവര്‍ത്തിച്ച് പറയുന്നത് ജനസംഖ്യയുടെ വലിയ പാതിയെ ഒപ്പം നിര്‍ത്താന്‍ ലക്ഷ്യമിട്ടുതന്നെ. അണ്ണനായി, തമ്പിയായി, മകനായി, തോഴനായി ഒപ്പമുണ്ടാകും എന്ന് സ്ത്രീകളോട് അയാള്‍ വിളിച്ചുപറയുമ്പോള്‍ ഒരുപാട് പേര്‍ കേള്‍ക്കാനുണ്ടാകുമെന്നുറപ്പ്. ഭരണത്തിലും വിദ്യാഭ്യാസത്തിലും ദ്വിഭാഷ നയമെന്നത് തമിഴ് വികാരവുമായി ചേര്‍ന്ന് നില്‍ക്കുന്ന പ്രഖ്യാപനമാണ്.

വിജയ്‌യും തമിഴക വെട്രികഴകവും ചേര്‍ന്നാല്‍ മഹാവിജയമാകുമോ? എംജിആറിനും ജയലളിതയ്ക്കും എം.കരുണാനിധിക്കും ശേഷം തമിഴ്നാട്ടില്‍ അവരോളം പോന്നൊരു വിജയം നേടാന്‍ ഒരു സിനിമാരാഷ്ട്രീയക്കാരനും ഇതുവരെ കഴിഞ്ഞിട്ടില്ല എന്നത് ചരിത്രം. വിജയകാന്ത് പ്രതിപക്ഷനേതാവിന്‍റെ കസേരയിലിരുന്നത് മാത്രമാണ് അപവാദം. ടിവികെയുടെ ട്രെയിലര്‍ മാസ് തന്നെ. പക്ഷേ 2026ലാണ് യഥാര്‍ഥ രാഷ്ട്രീയചിത്രത്തിന്‍റെ റിലീസ്. ഈ ചെറിയ കാലയളവില്‍ എതിരാളികള്‍ തൊടുക്കുന്ന തീയും കാറ്റും കല്ലും പേമാരിയുമെല്ലാം കടന്ന് ലക്ഷ്യത്തിലെത്താന്‍ അയാള്‍ക്ക് കഴിയുമോ? എല്ലാമറിയുന്ന തമിഴ് ജനത തരും അതിനുള്ള ഉത്തരം.

Actor Vijay TVK first conference at Villpuram, attacks DMK and other ideological enemies:

Actor Vijay TVK first conference at Villpuram, attacks DMK and other ideological enemies.