ലോകേഷ് കനകരാജിന്‍റെ ‘വിക്രം’ എന്ന സിനിമയൂടെ ക്ലൈമാക്സ് അത്രത്തോളം പവര്‍ഫുള്‍ ആക്കാന്‍ സൂര്യയ്ക്കല്ലാതെ മറ്റാര്‍ക്കും സാധിക്കുമായിരുന്നില്ല എന്നതില്‍ ആരാധകര്‍ക്ക് മറിച്ചൊരു അഭിപ്രായമില്ല. എന്നാല്‍ റോളക്സിനായി തനിക്ക് ഒന്നു ചെയ്യേണ്ടി വന്നില്ലെന്ന് വെളിപ്പെടുത്തുകയാണ് നടന്‍ സൂര്യ
ഷൂട്ടിങ്ങിന്റെ അന്ന് രാവിലെയാണ് സ്ക്രിപ്റ്റ് പോലും കിട്ടുന്നത്. എന്താണ് ചെയ്യേണ്ടതെന്ന് സ്ക്രിപ്റ്റില്‍ എഴുതിയിരുന്നില്ല. കഥാസന്ദര്‍ഭത്തെക്കുറിച്ച് വ്യക്തമായിരുന്നു. അവിടെവച്ച് കാന്‍ഡിഡ് ആയി ചെയ്ത കാര്യങ്ങള്‍ക്കാണ് സ്ക്രീനില്‍ കിട്ടിയ കയ്യടിയൊക്കെയും എന്ന് താരം വെളിപ്പെടുത്തുന്നു.
‘സിനിമയില്‍ ഞാന്‍ എനിക്കുവേണ്ടിയുണ്ടാക്കിയ നിയമങ്ങള്‍ പോലും റോളക്സിനായി മാറ്റിവയ്ക്കേണ്ടി വന്നു. 20 വര്‍ഷത്തോളമായി ഞാന്‍ സ്ക്രീനില്‍ പോലും സിഗരറ്റ് തൊട്ടിട്ടില്ല. എന്നാല്‍ റോളക്സ് ഒരു വില്ലനാണ്. അവന്‍ പുകവലിക്കും. റോളക്സിന്‍റെ ലോകം എങ്ങനെയുള്ളതായിരിക്കും എന്ന് ഞാന്‍ മനസ്സില്‍ ആലോചിച്ചു. ഷൂട്ട് തുടങ്ങുന്നതിനു തൊട്ടുമുന്‍പ് ഒരു സിഗരറ്റ് വേണമെന്ന് പറഞ്ഞു. റോളക്സ് എങ്ങനെ പെരുമാറും എന്ന് മനസ്സില്‍ കണ്ടാണ് അഭിനയിച്ചത്’
അര ദിവസത്തെ ഷൂട്ടായിരുന്നു ഉണ്ടായിരുന്നത്. ഉച്ചയ്ക്ക് മുന്‍പ് ഷൂട്ട് തീര്‍ക്കണം. കമല്‍ഹാസന്‍ സര്‍ അന്ന് മൂന്നുമണിയോടെ സെറ്റിലേക്ക് വരും. അദ്ദേഹം വരുന്നതിനു മുന്‍പ് ഷൂട്ട് തീര്‍ത്ത് വസ്ത്രം മാറി നില്‍ക്കണം എന്നതുമാത്രമായിരുന്നു മനസ്സില്‍. അദ്ദേഹത്തിന്‍റെ മുന്നില്‍ എനിക്ക് അഭിനയിക്കാന്‍ കഴിയില്ല എന്നതു തന്നെ കാര്യം’ എന്നാണ് സൂര്യ ഒരു അഭിമുഖത്തില്‍ പറഞ്ഞിരിക്കുന്നത്.