ചിയാൻ വിക്രം നായകനായെത്തുന്ന ‘വീര ധീര ശൂരൻ’ ടീസർ എത്തി. എസ്.യു. അരുൺ കുമാർ സംവിധാനം ചെയ്യുന്ന സിനിമയുടെ പാർട്ട് 2 ടീസർ ആണ് റിലീസ് ചെയ്തിരിക്കുന്നത്. ഏറെ ശ്രദ്ധനേടിയ ‘ചിറ്റ’ എന്ന ചിത്രത്തിനു ശേഷം അരുൺകുമാർ സംവിധാനം ചെയ്യുന്ന സിനിമ കൂടിയാണിത്.
സിനിമയിൽ ഗ്യാങ്സ്റ്റർ ആയാണ് വിക്രം എത്തുന്നതെന്നാണ് സൂചന. മൂന്നു മിനുട്ട് ദൈർഘ്യമുള്ള ചിത്രത്തിന്റെ ടൈറ്റിൽ ടീസർ പുറത്തുവന്ന് മണിക്കൂറുകൾക്കുള്ളിൽ സോഷ്യൽ മീഡിയയിൽ തരംഗമായി മാറിയിരുന്നു. രണ്ട് ഭാഗങ്ങളുളള സിനിമായകും വീര ധീര സൂരൻ. പതിവിനു വിപരീതമായി പാർട്ട് 2 ആദ്യം റിലീസ് ചെയ്ത് പിന്നീട് സിനിമയുടെ പ്രീക്വൽ ഇറക്കാനാകും അണിയറക്കാർ പദ്ധതിയിടുന്നത്. എസ്.ജെ. സൂര്യ, മലയാളി താരം സുരാജ് വെഞ്ഞാറമൂട് തുടങ്ങി നിരവധി കലാകാരന്മാർ ഉൾപ്പെടുന്ന വൻ താരനിരയാണ് ചിത്രത്തിലുള്ളത്. സാര്‍പ്പട്ട പരമ്പരൈ ഫെയിം ദുഷാര വിജയനാണ് നായികയായി എത്തുന്നത്.
തെന്നിന്ത്യയിലെ പ്രശസ്ത ഛായാഗ്രാഹകൻ തേനി ഈശ്വറായിരിക്കും സിനിമയ്ക്കായി ക്യാമറ ചലിപ്പിക്കുക. പേരൻപ്, കർണ്ണൻ, മാമന്നൻ തുടങ്ങിയ തമിഴ് ചിത്രങ്ങളുടെയും പുഴു, നൻപകൽ നേരത്ത് മയക്കം, ഓസ്ലർ തുടങ്ങിയ മലയാള സിനിമകളുടെയും ഛായാഗ്രഹണം നിർവഹിച്ചത് തേനി ഈശ്വറായിരുന്നു.