TOPICS COVERED

വിമര്‍ശനങ്ങള്‍ക്കിടെ ആദ്യവിവാഹത്തെപ്പറ്റി തുറഞ്ഞു പറഞ്ഞ് ടെലിവിഷൻ താരവും വോയ്‌സ് ആർട്ടിസ്റ്റുമായ ക്രിസ് വേണുഗോപാൽ. സ്വാതന്ത്ര്യമില്ലാത്ത ഒരു വിവാഹബന്ധമായിരുന്നു ആദ്യത്തേതെന്നും വളരെ ബുദ്ധിമുട്ടിയാണ് അത്തരമൊരു ബന്ധത്തില്‍ നിന്നും പുറത്തുവന്നതെന്നും ക്രിസ് പറഞ്ഞു. ഒരു യുട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ക്രിസ് തന്‍റെ ആദ്യവിവാഹത്തെ പറ്റിയുള്ള വിവരങ്ങള്‍ വെളിപ്പെടുത്തിയത്.

ആദ്യവിവാഹത്തിലെ ഭാര്യ ഇപ്പോഴും സമൂഹമാധ്യമങ്ങളില്‍ നിന്ന് ക്രിസിന്‍റെ പേര് ഒഴിവാക്കിയിട്ടില്ലെന്നും അവരെ വഞ്ചിച്ചാണ് പുതിയ വിവാഹം കഴിച്ചിരിക്കുന്നതെന്നുമാണ് ചര്‍ച്ചകള്‍ ഉയര്‍ന്നിരുന്നത്. പിന്നാലെയാണ് ക്രിസിന്‍റെ വിശദീകരണം. ധാരാളം പ്രശ്നങ്ങള്‍ നേരിട്ടതാണ് ആദ്യവിവാഹമെന്നും  സ്വന്തം കുടുംബത്തോടൊപ്പം നില്‍ക്കാന്‍ പോലും ആദ്യ ഭാര്യ സമ്മതിച്ചിരുന്നില്ലെന്നും ക്രിസ് വ്യക്തമാക്കി. കുടുംബത്തോടൊപ്പം നില്‍ക്കാന്‍ പാടില്ലെന്ന് സമ്മതിച്ചു കൊടുക്കാന്‍ തനിക്ക് ആയില്ലെന്നും കാരണം അച്ഛനെയും അമ്മയെയും നോക്കണ്ടത് താനാണെന്നും ക്രിസ് കൂട്ടിച്ചേര്‍ത്തു. 

മാതാപിതാക്കളുടെ കാര്യം മാത്രമല്ല, വീട്ടിലേക്ക് മറ്റ് ആരെങ്കിലും വരാനോ, വീട്ടില്‍ നിന്നു പുറത്തു പോകാനോ പാടില്ല, ഫോണ്‍ ചെയ്യാന്‍ പോലും പാടില്ല തുടങ്ങിയ നിബന്ധനകളാണ് ഭാര്യ വച്ചിരുന്നതെന്നും വീട്ടിലെ വളര്‍ത്തുമൃഗം പോലെയായി താനാനെന്നും ക്രിസ് പറഞ്ഞു. ഗ്ലാസിനകത്ത് അടച്ചിട്ടു വളര്‍ത്തുന്ന ജീവിയൊന്നുമല്ല താന്‍, ഒരുപാട് വിഷമിച്ചിട്ടാണ് ആ ജീവിതത്തില്‍ നിന്നു പുറത്ത് വന്നത്. 

2019ല്‍ വിവാഹമോചനത്തിന് കേസ് കൊടുത്തു. 2022 ലാണ് ആ കേസ് തീര്‍ന്നത്. പീന്നീട് 9 മാസത്തിനു ശേഷം ഒരാള്‍ ജീവിതത്തിലേക്ക് കടന്നുവരണമെന്ന് ആഗ്രഹിച്ചത്. എന്നാല്‍ നിര്‍ഭാഗ്യവശാല്‍ ആള്‍ മരണപ്പെട്ടു. അതും കഴിഞ്ഞ് 1200 ദിവസങ്ങൾക്ക് ശേഷമാണ് ഈ വിവാഹത്തിലേക്ക് എത്തുന്നതെന്നും ക്രിസ് പറഞ്ഞു. 

തന്നെ പറ്റി വിഡിയോ ഇടുന്നവരെ കുറിച്ചാണ് ക്രിസ് വിഡിയോയില്‍ പരാമര്‍ശിച്ചിരിക്കുന്നത്. താന്‍ വിവാഹിതനായിരുന്നു, എന്നാല്‍ വിവാഹമോചനവും നേടിയിരുന്നു എന്നാണ് ക്രിസ് പറയുന്നത്. ഈ വിഡിയോ ഒക്കെ ഇടുന്ന ആൾക്കാരോട് പറയാനുള്ളത് എന്നോട് ചോദിച്ചാൽ ഞാൻ വളരെ വ്യക്തമായി കാര്യങ്ങൾ പറഞ്ഞു കൊടുക്കാം അല്ലാതെ എന്തെങ്കിലും ഒക്കെ പറഞ്ഞ് വിഡിയോ ഇട്ട് ഒരാളുടെ ജീവിതത്തിൽ കരി വാരി തേക്കുന്നത് എന്തിനാണ്. ഞാൻ ഒന്നും പറയുന്നില്ല. പക്ഷേ ജീവിതം കൊണ്ട് അവർക്ക് അതിന്റെ ശിക്ഷ കിട്ടും എന്ന് ഞാൻ കരുതുന്നു. 

കഴിഞ്ഞ ദിവസമാണ് ക്രിസ് വേണുഗോപാലും സീരിയൽ താരമായ ദിവ്യ ശ്രീധറും വിവാഹിതരായത്. ഇരുവരുടെയും വിവാഹം സമൂഹ മാധ്യമങ്ങളിൽ ഏറെ ചർച്ചയായിരുന്നു. ഇരുവരുടെയും രണ്ടാം വിവാഹമാണിത്. വിവാഹവിശേഷങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായപ്പോൾ ഒപ്പം വിവാദങ്ങളും തലപൊക്കിയിരുന്നു. 

‘പത്തരമാറ്റ്’ എന്ന സീരിയലിലെ മുത്തച്ഛനായി എത്തിയ ക്രിസ് വേണുഗോപാല്‍ ഒരു റേഡിയോ ജോക്കിയായിരുന്നു. സീരിയലിലെ രംഗപ്രവേശത്തിന് മുന്നേ അനൗൺസറായും നിരവധി പരസ്യചിത്രങ്ങളുടെ ഗാഭീര്യം നിറഞ്ഞ ശബ്ദമായും എല്ലാം പ്രേക്ഷകരിലേക്ക് എത്തിയ താരമാണ് ക്രിസ്. ഡോക്ടറേറ്റും എൽഎൽബിയും നേടിയ അദ്ദേഹത്തിന് റേഡിയോ, ടെലിവിഷൻ രം​ഗത്ത് വർഷങ്ങളുടെ അനുഭവ സമ്പത്തുമുണ്ട്. മോട്ടിവേഷനൽ സ്പീക്കറും എഴുത്തുകാരനും വോയിസ് കോച്ചും ഹിപ്നൊ തെറാപിസ്റ്റുമാണ് ഇദ്ദേഹം. സൈക്കോളജിയിൽ എംഎസ്എസി പൂർത്തിയാക്കിയതാണ്.

ENGLISH SUMMARY:

Chris Venugopal opened up about his first marriage