fahad-vinayakan

ഒക്ടോബര്‍ മുപ്പതിനായിരുന്നു സംഗീത സംവിധായകന്‍ സുഷിന്‍ ശ്യാം വിവാഹിതനായത്. ക്ഷേത്രത്തില്‍‌ വളരെ ലളിതമായാണ് ചടങ്ങുകള്‍ നടത്തിയത്. ഉത്തരയായിരുന്നു വധു. വിവാഹത്തില്‍ ഏറ്റവും അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. ഇക്കൂട്ടത്തില്‍ നടന്‍ ഫഹദ് ഫാസിലും ഭാര്യ നസ്രിയയുമുണ്ടായിരുന്നു.

വിവാഹചിത്രങ്ങള്‍ പുറത്തുവന്നതോടെ ഫഹദിനെതിരെ സമൂഹമാധ്യമത്തില്‍ ചില പോസ്റ്റുകള്‍ പ്രത്യക്ഷപ്പെട്ടു. വര്‍ഗീയത വാരിവിളമ്പുന്ന പോസ്റ്റുകള്‍ പലരും കണ്ടില്ലെന്ന് നടിച്ച് അവഗണിക്കുകയാണ് ചെയ്തത്. എന്നാല്‍ വിഷയത്തില്‍ പ്രതികരണവും ഫഹദിന് പിന്തുണയുമറിയിച്ച് രംഗത്തെത്തിയിരിക്കുകയാണ് നടന്‍ വിനായകന്‍. 

ഫഹദിനെതിരെ വര്‍ഗീയ പോസ്റ്റിട്ടയാളോട് ‘ഹിന്ദുക്കളുടെ മൊത്തം അട്ടിപ്പേറവകാശം നിനക്കാരാടാ പതിച്ചു തന്നത്’ എന്നാണ് വിനായകന്‍ ചോദിക്കുന്നത്. ‘നിന്റെ കുടുംബത്തിന്റെ സനാതന ധർമമല്ല ഈ ലോകത്തിന്റെ സനാതന ധർമം. ജയ് ഹിന്ദ്’ എന്നാണ് പോസ്റ്റ് അവസാനിക്കുന്നത്.

വിനായകന്‍റെ ഫേസ്ബുക്ക് കുറിപ്പ്;

ഇത് പറയാൻ നീയാരാടാ... 

വര്‍ഗീയവാദി കൃഷണരാജെ 

ഹിന്ദുക്കളുടെ മൊത്തം അട്ടിപ്പേറവകാശം നിനക്കാരാടാ പതിച്ചു തന്നത്.... 

നീ ആദ്യം സിന്ധ്, ഹിന്ദ്,  ഇന്ത്യ, ഇന്ത്യൻ 

എന്താണെന്നു അറിയാൻ ശ്രമിക്ക് 

അല്ലാതെ 

നിന്റെ തായ് വഴി കിട്ടിയ 

നിന്റെ കുടുംബത്തിന്റെ 

സനാതന ധർമമല്ല 

ഈ ലോകത്തിന്റെ 

സനാതന ധർമം.

ജയ് ഹിന്ദ് ✊

‘സഖാക്കൾ ദേവസ്വം ഭരിച്ചാൽ ഇതാണ് ഹിന്ദുവിന്റെ അവസ്ഥ’ എന്ന തുടക്കത്തോടെ വര്‍ഗീയ ഭിന്നതയുളവാക്കുന്ന തരത്തിലുള്ള പോസ്റ്റായിരുന്നു സമൂഹമാധ്യമത്തില്‍ പ്രത്യക്ഷപ്പെട്ടത്. ആ പ്രൊഫൈലിന്‍റെയും പോസ്റ്റിന്‍റെയും സ്ക്രീന്‍ഷോട്ട് അടക്കം വിനായകന്‍ പങ്കുവച്ചിട്ടുണ്ട്. വിനായകന്‍റെ നിലപാടിനെ പ്രശംസിച്ച് ഒട്ടനവധി കമന്‍റുകളാണ് വരുന്നത്. ‘ഹിന്ദുന്റെ പേരും പറഞ്ഞു നാട്ടിൽ പ്രശ്നം ഉണ്ടാകുന്നവരുമായി മനസമാധാനമായി ജീവിക്കുന്ന സാധാരണ ഹിന്ദുവിന് യാതൊരു ബന്ധം ഇല്ല’ എന്നാണ് ഒരാള്‍ കമന്‍റ് ചെയ്തത്. ‘ഇതാണ് നിലപാട്’ എന്നാണ് ഭൂരിഭാഗം കമന്‍റുകളും.

ENGLISH SUMMARY:

Vinayan's social media post, in which he supports Fahad Faasil and Nazriya's temple visit goes viral on social media.