സംവിധായകൻ ശ്രീകുമാര്‍ മേനോന് എതിരെ നടി മഞ്ജു വാരിയർ നൽകിയ പരാതിയിൽ റജിസ്റ്റര്‍ ചെയ്ത കേസ് ഹൈക്കോടതി റദ്ദാക്കി. ‘ഒടിയന്‍’ സിനിമയ്ക്കു ശേഷമുള്ള സൈബര്‍ ആക്രമണത്തിലായിരുന്നു പരാതി. സമൂഹമാധ്യമങ്ങളിലൂടെ അപവാദപ്രചാരണം നടത്തിയെന്നായിരുന്നു ആരോപണം. തൃശൂര്‍ ടൗണ്‍ ഈസ്റ്റ് പൊലീസ് റജിസ്റ്റര്‍ ചെയ്ത കേസിലെ തുടര്‍ നടപടികളാണു റദ്ദാക്കിയത്. ഹൈക്കോടതി ആവശ്യപ്പെട്ടിട്ടും 4 വര്‍ഷത്തോളം മഞ്ജു നിലപാട് അറിയിച്ചിരുന്നില്ല. തുടര്‍ന്നാണ് നടപടി.
സമൂഹമാധ്യമങ്ങളിലൂടെ ശ്രീകുമാര്‍ ദുഷ്പ്രചാരണം നടത്തിയെന്നും തന്നെ മോശക്കാരിയാണെന്നു വരുത്താന്‍ ശ്രമിച്ചുവെന്നുമാണു കേസിൽ മഞ്ജു മൊഴി നൽകിയത്. ശ്രീകുമാർ അപകടത്തിൽപ്പെടുത്തുമെന്നു ഭയപ്പെടുന്നതായി മഞ്ജു ഡിജിപിക്കു നേരത്തേ പരാതി നൽകിയിരുന്നു. താൻ ഒപ്പിട്ടു നൽകിയ ലെറ്റർ ഹെഡും മറ്റു രേഖകളും ദുരുപയോഗിക്കുന്നതായും ആരോപിച്ചു. പൊലീസ് ആസ്ഥാനത്ത് നേരിട്ടെത്തിയാണു മഞ്ജു പരാതി കൈമാറിയത്. മറുപടിയുമായി ശ്രീകുമാർ മേനോൻ ഫെയ്സ്ബുക് പോസ്റ്റിട്ടിരുന്നു.