ബലാത്സംഗ കേസില്‍ ക്ലീൻചിറ്റ് കിട്ടിയതിന് പിന്നാലെ ഫെയ്സ്ബുക്കിലൂടെ നന്ദി പറഞ്ഞ് നിവിന്‍ പോളി. ‘എന്നിലര്‍പ്പിച്ച വിശ്വാസത്തിനും ഒപ്പം നിന്നതിനും നിങ്ങളോരോരുത്തരുടേയും പ്രാത്ഥനകള്‍ക്കും ഹൃദയത്തില്‍ നിന്ന് നന്ദി’ എന്നാണ് താരം കുറിച്ചത് . കേസ് അന്വേഷിച്ച കോതമംഗലം ഊന്നുകൽ പൊലീസാണ് നിവിൻ പോളിക്ക് കുറ്റകൃത്യത്തിൽ പങ്കില്ലെന്നും പ്രതിപ്പട്ടികയിൽനിന്ന് ഒഴിവാക്കുകയാണെന്നും വ്യക്തമാക്കി കോതമംഗലം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ റിപ്പോർട്ട് സമര്‍പ്പിച്ചത്.
പീഡിപ്പിച്ചതായി പരാതിപ്പെട്ട സ്ത്രീയുടെ മൊഴിയില്‍ പറയുന്ന സ്ഥലത്ത് ആ സമയം നിവിന്‍ ഉണ്ടായിരുന്നില്ല. അതുകൊണ്ട് കേസിലെ ആറാം പ്രതിയായ നിവിൻ പോളിയെ പ്രതിപ്പട്ടികയിൽനിന്ന് ഒഴിവാക്കുന്നെന്നാണു റിപ്പോർട്ടിലുള്ളത്. എറണാകുളം റൂറൽ ഡിവൈഎസ്പി ടി.എം.വർഗീസാണ് അന്വേഷണം പൂര്‍ത്തീകരിച്ച് നിവിന്‍ കുറ്റക്കാരനല്ലെന്ന് വ്യക്തമാക്കി കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയത്.
സിനിമയില്‍ അവസരം നല്‍കാമെന്നു വാദ്ഗാനം ചെയ്ത് നിവിന്‍ പോളി ഉള്‍പ്പെടെ 6 പേര്‍ കൂട്ടബലാത്സംഗം ചെയ്തെന്നായിരുന്നു അതിജീവിതയുടെ പരാതി . ഈ കേസിൽ ആറാം പ്രതിയായിരുന്നു നിവിൻ പോളി. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തു വന്നതിനു പിന്നാലെയുണ്ടായ വെളിപ്പെടുത്തലിന്‍റെ ഭാഗമായായിരുന്നു യുവതിയുടെയും ആരോപണം. 2023 ഡിസംബര്‍ 14,15 തീയതികളില്‍ ദുബായിൽ വച്ചാണ് സംഭവം നടന്നത്. മൊബൈല്‍ ഫോണില്‍ പീഡന ദൃശ്യങ്ങള്‍ പകര്‍ത്തിയെന്നും അതു പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തിയതായും യുവതി പറഞ്ഞിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തില്‍ കൂട്ടബലാത്സംഗം, സ്ത്രീത്വത്തെ അപമാനിക്കല്‍ തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയിരുന്നത്.