kpac-soosan

‘നടിയായിരുന്ന കാലത്ത് ഉച്ചയൂണിന് പതിവായി കാറിൽ കീർത്തി ഹോട്ടലിൽ വന്ന് ഞാന്‍ കഴിച്ചിട്ടുണ്ട്. പിന്നീട് ജീവിതം മാറി മറിഞ്ഞപ്പോൾ എനിക്കാ ഹോട്ടലിൽ നിന്ന് വേസ്റ്റ് കോരേണ്ടി വന്നു. ഇപ്പോൾ ആ ഹോട്ടലിനു കുറച്ചകലെയിരുന്ന് ലോട്ടറിക്കച്ചവടം നടത്തുന്നു’ കെപിഎസി സൂസന്‍റെ ഈ വാക്കിലുണ്ട് നെഞ്ച് പിളരുന്ന വേദന. നാടകങ്ങളിലെ ഒരുകാലത്തെ സൂപ്പര്‍ നായിക, തട്ടിൽ തിളങ്ങി നിന്ന താരം, അരങ്ങില്‍ നിറഞ്ഞാടിയ ഒരു കലാകാരി. കെപിഎസി നാടകങ്ങളിലും അമച്വര്‍ നാടകങ്ങളിലും പ്രൊഫഷണല്‍ ട്രൂപ്പുകളിലുമായി  നാലായിരത്തോളം നാടകങ്ങളില്‍ വേഷമിട്ട സൂസന്‍ രാജ് ഇന്ന് ലോട്ടറി വിറ്റ് ഒരു നേരത്തെ ആഹാരത്തിനായി ബുദ്ധിമുട്ടുകയാണ്. 

തുടക്ക കാലങ്ങളില്‍ ജഗതി ശ്രീകുമാര്‍, ഒടുവില്‍ ഉണ്ണികൃഷ്ണന്‍, പൂജപ്പുര രവി തുടങ്ങിയവരുടെ കൂടെയായിരുന്നു അഭിനയം. എന്നാല്‍ ഇന്ന് ജീവിതം കൂട്ടിമുട്ടിക്കാനായി ലോട്ടറി ടിക്കറ്റു വിറ്റ് നിത്യവൃത്തിക്കു വഴി തേടുകയാണ് സൂസൻ. ഇപ്പോൾ സംവിധായകൻ പ്രസാദ് നൂറനാട് ആണ് സൂസന്റെ നിലവിലെ അവസ്ഥ പറഞ്ഞുകൊണ്ട് രംഗത്ത് എത്തിയത്.

ആ കുറിപ്പ് ഇങ്ങനെ

തന്റെ മുന്നിലൂടെ നാടക വണ്ടിയും സീരിയൽ താരങ്ങളും സിനിമാതാരങ്ങളും സഞ്ചരിക്കുമ്പോൾ...

‘നടിയായിരുന്ന കാലത്ത് ഉച്ചയൂണിനു പതിവായി കാറിൽ കീർത്തി ഹോട്ടലിൽ വന്ന് കഴിച്ചിട്ടുണ്ട്. പിന്നീട് ജീവിതം മാറി മറിഞ്ഞപ്പോൾ എനിക്കാ ഹോട്ടലിൽ നിന്ന് വേസ്റ്റ് കോരേണ്ടി വന്നു. ഇപ്പോൾ ആ ഹോട്ടലിനു കുറച്ചകലെയിരുന്ന് ലോട്ടറിക്കച്ചവടം നടത്തുന്നു. വിഷമമില്ല. ജീവിതം ഇങ്ങനെയൊക്കെയായിരിക്കും! പരാധീനതകളും വിഷമങ്ങളും ആരോഗ്യ പ്രശ്നങ്ങളുമൊക്കെയുണ്ട്. പക്ഷേ മുന്നോട്ടു ജീവിക്കേണ്ടെ..?’

‘എല്ലാവരും ചോദിക്കുന്നത് നാൽപ്പതുകൊല്ലം നാടകം കളിച്ചിട്ട് എന്തു നേടിയെന്താണ്? കെപിഎസി സൂസൻ ഒന്നും നേടിയില്ല ! നാടകം വിട്ടിട്ട് ഇപ്പോൾ 19 കൊല്ലമായി. നെഞ്ചിന് ഓപ്പറേഷൻ കഴിഞ്ഞു. കാലിനു  കൂടെക്കൂടെ നീരുവയ്ക്കും. നടക്കാൻ പാടാ,.  മരുന്നിനും മറ്റുമായി മാസം പത്തയ്യായിരം വേണം. പരപരാ വെളുക്കണ നേരത്ത് ചെങ്കൽച്ചൂളേലെ വീട്ടീന്ന് ഈ കടയുടെ മുന്നിൽ വന്നിരിക്കും. എന്നെ അറിയുന്ന കുറെ പേരുണ്ട്. അവരു പതിവായി ടിക്കറ്റെടുക്കും. കൂടുതലും ഓട്ടോ തൊഴിലാളികളും ഹോട്ടൽ ജോലിക്കാരുമാണ്. അവരു ഭാഗ്യം പരീക്ഷിക്കുന്നതല്ല, എന്‍റെ ജീവിതം കണ്ട് സഹായിക്കുന്നതാണ്.’

‘എട്ടാം വയസ്സിൽ അഭിനയത്തിന് ആദ്യമായി കിട്ടിയ പ്രതിഫലം 35 രൂപയായിരുന്നു. അന്നു പവന് 100 രൂപ. 40 വർഷം നാടകം കളിച്ച് ഇറങ്ങുമ്പോൾ കൈയിലുണ്ടായിരുന്നത് 7000 രൂപ. വയ്യാതെ കിടന്ന അമ്മയെ നോക്കി. മൂന്നു മക്കളെ പഠിപ്പിച്ചു. കുടുംബം നന്നായി പോറ്റി. പിന്നെ എന്‍റെ കാര്യം.. അതിങ്ങനെയായി. ജീവിതത്തിൽ ആകെയുള്ള സമ്പാദ്യം അരങ്ങാണ്.. അതിന്‍റെ ഓർകളാണ്. അതിനു വിലയുണ്ടോ മക്കളേ..?’

തട്ടിലായിരുന്നു ഒരു കാലത്തു കെപിഎസി സൂസൻ എന്ന സൂസൻ രാജ് തിളങ്ങി നിന്നത്. അരങ്ങിലെ  വെളിച്ചത്തിൽ അതിസുന്ദരി. ചുറ്റും ആരാധകരും  നാടകപ്രേമികളും കലാസ്വാദകരും. 4 പതിറ്റാണ്ടിനൊടുവിലും

സൂസൻ തട്ടിൽ തന്നെ. ലോട്ടറി തട്ടിൽ ടിക്കറ്റു വിറ്റ് നിത്യവൃത്തിക്കു വഴി തേടുന്നു. കുറച്ചു കാലം ഹരിത കർമ സേനാംഗമായി. ആരോഗ്യം മോശമായതിനെ തുടർന്ന് അതു  നിർത്തി.

അന്നു ചുറ്റിലുമുണ്ടായിരുന്ന വെള്ളിവെളിച്ചത്തിനു പകരം ഇന്നു കത്തിയാളുന്ന വെയിലാണ്. ഉച്ചവെയിൽ താങ്ങാനാവാതെ തമ്പാനൂർ അരിസ്റ്റോയിലെ തട്ടിനു കുറച്ചുമാറി ഒരു കടയുടെ വരാന്തയിലിരുന്നാണു കച്ചവടം. നാടക വേദിയിൽ പ്രേക്ഷകർ മനസ്സിൽ സൂക്ഷിക്കുന്ന ഒട്ടേറെ കഥാപാത്രങ്ങൾക്കു ആത്മാവേകി വേദിയിൽ നിറഞ്ഞാടിയ അഭിനേത്രി ജീവിത ദുരിതങ്ങളുടെ നിസ്സാഹയതയിൽ തളർന്നാണ് ചമയങ്ങളഴിച്ചു വച്ചത്. 

‘ഇപ്പോൾ 64 വയസ്സുണ്ട്.. ലോട്ടറി കച്ചവടത്തിന് റോഡുവക്കത്ത് ഇരിക്കേണ്ടി വന്ന നിമിഷം വലിയ വിഷമമായിരുന്നു. ഒരാഴ്ച ആരും കാണാതെ ഞാൻ കരഞ്ഞു. എന്റെ ജീവിതം ഇങ്ങനെ ആയല്ലോ എന്നോർത്തായിരുന്നു സങ്കടം. കരഞ്ഞിട്ടു ഫലമില്ലെന്ന് അറിയാമായിരുന്നു. അതു പതിയെ തന്‍റേടമായി മാറി. വേറെ ഒന്നും അല്ലല്ലോ, ഒരു തൊഴിലല്ലേ? അതു ചെയ്തല്ലേ ജീവിക്കുന്നത്?’

Google News Logo Follow Us on Google News

Choos
ENGLISH SUMMARY:

Susan Raj, a once celebrated actress in Kerala who now sells lottery tickets to survive