ആത്മീയഗുരു പ്രേമാനന്ദ് മഹാരാജിനെ ഉത്തര്‍പ്രദേശിലെ വൃന്ദാവനത്തിലെത്തി സന്ദര്‍ശിച്ച് വിരാട് കോലിയും അനുഷ്‌ക ശര്‍മയും. മക്കളായ വാമികയ്ക്കും അകായ്ക്കുമൊപ്പമാണ് ഇരുവരും ആത്മീയഗുരുവിനെ സന്ദര്‍ശിച്ചത്. ഇരുവരും ഗുരുവിനെ കാണാന്‍ ആശ്രമത്തിലെത്തിയതിന്‍റെ വിഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലാണ്. പ്രേമാനന്ദ് മഹാജന്റെ ഒഫീഷ്യന്‍ യൂട്യൂബ് ചാനലിലൂടെയാണ് വിഡിയോ പുറത്തുവന്നത്.
അനുഷ്കയും കോലിയും ആത്മീയഗുരുവിനെ കാണാന്‍ വരുന്നതും നമസ്കരിക്കുന്നതും വിഡിയോയിലുണ്ട്. ഗുരുവിന്റെ പരിചാരകൻ ദമ്പതികൾ ആരാണെന്നും മുമ്പ് അവർ എങ്ങനെയാണ് തന്നെ സന്ദർശിച്ചതെന്നും അദ്ദേഹത്തോട് പറയുന്നുണ്ട്. കുട്ടികളും ഇവര്‍ക്കൊപ്പമുണ്ടായിരുന്നു. ഇരുവരും കൂറേ നേരം തമ്മില്‍ ആത്മീയ കാര്യങ്ങളും സംസാരിക്കുന്നുണ്ട്.
ഇത്രയും പ്രശസ്തിയും വിജയവും കണ്ടെത്തിയിട്ടും ദൈവത്തിലുള്ള അവരുടെ ശക്തമായ വിശ്വാസത്തെ പ്രശംസിച്ച ഗുരു അവരുടെ കൊച്ചുകുട്ടികളിലും അതേ ശീലങ്ങൾ വളർത്തി കൊണ്ടുവരണമെന്ന് ആവശ്യപ്പെടുന്നു. അനുഷ്‌കയുടെ ഭക്തി കോലിയേയും സ്വാധീനിച്ചിട്ടുണ്ടെന്നും പ്രേമാനന്ദ് പറയുന്നു. ഭക്തിയേക്കാള്‍ വലുതായി മറ്റൊന്നുമില്ലെന്നായിരുന്നു അനുഷ്‌കയുടെ മറുപടി.
കൃഷ്ണഭക്തരായ ഇരുവരും ഇത്തരത്തില്‍ പ്രാര്‍ഥനകളിലും ആത്മീയപരിപാടികളിലും പങ്കെടുക്കാറുണ്ട്.