ഗോവന്‍ രാജ്യാന്തര ചലച്ചിത്രമേളയിൽ മലയാളത്തിന്റെ പ്രതീക്ഷയായി നവാഗതരുടെ സിനിമ തണുപ്പ്. ഈ വര്‍ഷം മുതല്‍ ആരംഭിച്ച നവാഗതസംവിധായകന്റെ സിനിമയ്ക്കുള്ള മല്‍സരവിഭാഗത്തിലാണ് രാഗേഷ് നാരായണന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്ത തണുപ്പ് മല്‍സരിക്കുക. മലയാളത്തില്‍നിന്നുള്ള ഏക എന്‍ട്രിയാണിത്.
അന്യന്റെ സ്വകാര്യതയിലേക്ക് ഒളിഞ്ഞുനോക്കാനുള്ള മനുഷ്യന്റെ ഗൂഢമായ പ്രവണതയെ ഗൗരവമായി ചര്‍ച്ച ചെയ്യുന്ന സിനിമയാണ് തണുപ്പ്. കേരളത്തിലെ മലയോരഗ്രാമത്തിന്റെ പശ്ചാത്തലത്തില്‍ ആഗോളപ്രമേയം ചര്‍ച്ച ചെയ്യുന്ന സിനിമ ഇതിനോടകം നിരവധി അംഗീകാരങ്ങള്‍ നേടിക്കഴിഞ്ഞു. ഡോ. ലക്ഷ്മി, അനു അനന്തന്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍മിച്ച സിനിമയിൽ പുതുമുഖങ്ങളാണ് ഏറെയും. ലോക സിനിമാ വേദിയിലേക്ക് തണുപ്പ് തിരഞ്ഞെടുക്കപ്പെട്ടതിൽ വലിയ സന്തോഷമുണ്ടെന്ന് സംവിധായകൻ രാഗേഷ് നാരായണൻ.
മലയാളത്തിൽ നിന്ന് മത്സര വിഭാഗത്തിലുള്ള ഏക ചിത്രമാണ് തണുപ്പ്.ബൂങ്ക്, റസാക്കര്‍, ഗരത് ഗണപതി, മിക്ക ബന്നഡ ഹക്കി എന്നിവയാണ് മറ്റുസിനിമകള്‍. ഈമാസം 20 മുതല്‍ 28 വരെയാണ് ഗോവയില്‍ രാജ്യാന്തര ചലച്ചിത്രമേള നടക്കുന്നത്.