താരസംഘടനയായ അമ്മയെ നയിക്കാൻ വീണ്ടും മോഹൻലാൽ എത്തില്ല. അമ്മ ഭാരവാഹിയാകാൻ ഇനി ഇല്ലെന്ന് മോഹൻലാൽ താൽക്കാലിക ഭരണസമിതിയെ അറിയിച്ചു . അംഗങ്ങൾക്ക് എതിരായ ലൈംഗിക ആരോപണങ്ങളെ തുടർന്നാണ് ധാർമിക ഉത്തരവാദിത്തം ഏറ്റെടുത്ത് മോഹൻലാൽ പ്രസിഡന്റായ അമ്മ ഭരണസമിതി രാജിവച്ചത്. രണ്ട് മാസത്തിനകം ജനറൽ ബോഡി വിളിച്ചുചേർത്ത് തെരഞ്ഞെടുപ്പ് നടത്തുമെന്നാണ് അറിയിച്ചതെങ്കിലും അമ്മ ജനറൽബോഡിയും തെരഞ്ഞെടുപ്പും ജൂണിൽ മാത്രമെ ഉണ്ടാകൂ. Also Read: ‘അമ്മയിലെ രാജി ഞാന്‍ അംഗീകരിക്കുന്നില്ല; അവരെ കുത്തിന് പിടിച്ചു കൊണ്ടുവരണം’; സുരേഷ് ഗോപി
മോഹൻലാൽ പ്രസിഡന്റായ ഭരണസമിതി രാജിവച്ച ശേഷം താൽക്കാലിക ഭരണസംവിധാനമായി തുടരുമ്പോൾ സംഘടന ഇനിയെങ്ങനെ മുന്നോട്ട് പോകണമെന്ന കാര്യത്തിൽ ആശയക്കുഴപ്പം തുടരുകയാണ്. മോഹൻലാൽ ഉൾപ്പെടുന്ന പഴയ ഭരണസമിതി തിരിച്ചുവരുമെന്ന് മുൻ വൈസ് പ്രസിഡന്റ് ജയൻ ചേർത്തലയും മോഹൻലാലുമായി സംസാരിച്ചുവെന്നും അമ്മ ശക്തമായി തിരിച്ചുവരുമെന്ന് സുരേഷ് ഗോപിയും മാധ്യമങ്ങളോട് പറഞ്ഞെങ്കിലും ഇനിയൊരു തിരിച്ചുവരവിന് മോഹൻലാൽ തയാറല്ല. കഴിഞ്ഞ ജൂണിലാണ് രണ്ടാംവട്ടവും മോഹൻലാൽ പ്രസിഡന്റ് സ്ഥാനത്തേക്ക് എത്തിയത്.
പുതിയ ആളുകൾ വരട്ടേയെന്ന് മോഹൻലാൽ പറഞ്ഞിരുന്നെങ്കിലും ഇടവേള ബാബു ജനറൽ സെക്രട്ടറി സ്ഥാനം ഒഴിയുന്ന സാഹചര്യത്തിൽ തുടരണമെന്ന അംഗങ്ങളുടെ ആവശ്യത്തിന് വഴങ്ങുകയും എതിരില്ലാതെ തെരഞ്ഞെടുക്കപ്പെടുകയുമായിരുന്നു. മോഹൻലാൽ വീണ്ടും സംഘടനയെ നയിക്കണമെന്ന ആവശ്യം ശക്തമാണെങ്കിലും പ്രതിസന്ധിഘട്ടത്തിൽ പ്രസിഡന്റ് എന്ന നിലയിൽ ഒറ്റപ്പെട്ടുപോയത് ചൂണ്ടിക്കാട്ടി ഭാരവാഹിത്വം ഏൽക്കേണ്ടെന്ന് സുഹൃത്തുക്കളും കുടുംബവും മോഹൻലാലിനെ ഉപദേശിച്ചിരുന്നു.
അമ്മ പ്രസിഡന്റ് സ്ഥാനത്തേക്ക് എത്തിയതുമുതൽ നടനും വ്യക്തിയുമെന്ന നിലയിൽ അനാവശ്യവിവാദങ്ങളിലേക്കൊക്കെ മോഹൻലാലിന്റെ പേര് വലിച്ചിഴക്കപ്പെടുന്നുവെന്ന വിലയിരുത്തലും സുഹൃത്തുക്കൾക്കും കുടുംബത്തിനുമുണ്ട്.