സിങ്കം എഗെയ്നിലെ അര്‍ജുന്‍ കപൂറിന്‍റെ പ്രകടനത്തെ പുകഴ്ത്തി അജയ് ദേവ്ഗണ്. മുമ്പ് ഒരുപാട് പേര് അദ്ദേഹത്തെ പരിഹസിച്ചിരുന്നുവെന്നും എന്നാല്‍ സിങ്കം എഗെയ്നിലെ പ്രകടനത്തിലൂടെ അത് തെറ്റാണെന്ന് അര്‍ജുന്‍ തെളിയിച്ചുവെന്നും അജയ് ഒരു അഭിമുഖത്തില്‍ പറഞ്ഞു.
'ഒരു നടനെന്ന നിലയിൽ അർജുൻ ആഗ്രഹിച്ച സ്വീകാര്യത ഇപ്പോൾ ലഭിക്കുകയാണ്. നേരത്തെ നിരവധി പേർ അദ്ദേഹത്തെ പരിഹസിച്ചിരുന്നു. അർജുൻ തൻ്റെ പ്രകടനത്തിലൂടെ അത് തെറ്റാണെന്ന് തെളിയിച്ചു. അർജുനെ സംബന്ധിച്ചിടത്തോളം, സിങ്കം എഗെയ്‌നിൻ്റെ വിജയം ശരിയായ ഘട്ടത്തിലായിരുന്നു,' അജയ് ദേവ്ഗൺ പറഞ്ഞു.
കുറേക്കാലമായി സിനിമകളിൽ പോലീസിനെ എപ്പോഴും നെഗറ്റീവായി ആണ് കാണിച്ചിരുന്നതെന്നും അജയ് അഭിമുഖത്തില്‍ അഭിപ്രായപ്പെട്ടു. ഒരു മികച്ച പോലീസ് ഉദ്യോഗസ്ഥൻ എങ്ങനെയായിരിക്കണമെന്ന് കാണിച്ച ആദ്യ ചിത്രങ്ങളിലൊന്നാണ് 'സിങ്കം', 'ഗംഗാജൽ' എന്നിവ. അതിനുശേഷം പോലീസിനെ കുറിച്ച് പോസിറ്റീവ് സിനിമകൾ ചെയ്യുന്നത് പ്രവണതയായി മാറി. ഇപ്പോൾ തങ്ങൾ എല്ലാവരും ശരിക്കും സന്തോഷത്തിലാണെന്നും അജയ് ദേവ്ഗൺ പറഞ്ഞു.
രോഹിത് ഷെട്ടി കോപ്പ് യൂണിവേഴ്സിലെ അഞ്ചാമത്തെ ചിത്രമാണ് സിങ്കം എഗെയ്ന്. അജയ് ദേവ്ഗണിനൊപ്പം കരീന കപൂർ, അക്ഷയ് കുമാർ, രൺവീർ സിംഗ്, ദീപിക പദുക്കോൺ, ടൈഗർ ഷ്റോഫ്, ജാക്കി ഷ്റോഫ് തുടങ്ങിയവരും ചിത്രത്തിലെത്തിയിരുന്നു.