തിയേറ്ററില്‍ തേരോട്ടം തുടരുകയാണ് ശിവകാര്ത്തികേയന് ചിത്രം അമരന്. മേജര്‍ മുകുന്ദ് വരദരാജന്റെ ജീവിതം അടിസ്ഥാനമാക്കി എടുത്ത ചിത്രം പ്രേക്ഷകരും നിരൂപകരും ഒരുപോലെയാണ് സ്വീകരിച്ചത്. ലക്കി ഭാസ്കര്‍, കെഎ, ബ്രദര്‍, ബ്ലഡി ബെഗ്ഗര്‍ എന്നീ ചിത്രങ്ങള്‍ ക്ലാഷിനുണ്ടായിട്ടും കളക്ഷനില്‍ അമരന് തന്നെയാണ് മുന്നില്‍.
ഇപ്പോഴിതാ ബോക്സ് ഓഫീസില്‍ 200 കോടി തികച്ചിരിക്കുകയാണ് അമരന്. റിലീസ് ചെയ്ത് പത്താം ദിവസമാണ് അമരന് ഈ നേട്ടം സ്വന്തമാക്കിയിരിക്കുന്നത്. തമിഴ്നാട്ടില്‍ വിജയ്, രജനികാന്ത്, കമല്‍ ഹാസന്, വിക്രം എന്നിവര്‍ മാത്രമാണ് 200 കോടി ക്ലബില്‍ ഇടംപിടിച്ചിരിക്കുന്നത്.
തമിഴ്നാട്ടില്‍ നിന്ന് മാത്രം 100 കോടി ചിത്രം വാരിയിരുന്നു. 16 കോടിയായിരുന്നു ചിത്രത്തിന്റ ഓപ്പണിങ് കളക്ഷന്‍. ആദ്യ ആഴ്ചയില്‍ തന്നെ തമിഴ്നാട്ടില്‍ നിന്നും 89 കോടി സ്വന്തമാക്കിയിരുന്നു.
രാജ്കുമാർ പെരിയസാമിയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. സായ് പല്ലവിയാണ് ചിത്രത്തില്‍ നായികയായത്. സായിയുടെ പ്രകടനം ഏറെ ശ്രദ്ധ നേടിയിരുന്നു. കമൽഹാസന്റെ രാജ് കമൽ ഫിലിംസാണ് ചിത്രം നിർമിച്ചിരിക്കുന്നത്. സായി പല്ലവിയുടെ സഹോദരന്റെ വേഷത്തിൽ മലയാളി താരം ശ്യാം മോഹനും അഭിനയിച്ചിരുന്നു.