ആകാംക്ഷകള്‍ക്ക് വിരാമമിട്ട് 'രാമായണം' ഔദ്യോഗികമായി പ്രഖ്യാപിച്ച് അണിയറ പ്രവര്‍ത്തകര്‍. രണ്‍ബീര്‍ കപൂര്‍ രാമനും സായ് പല്ലവി സീതയുമാകുന്ന രാമായണം രണ്ട് ഭാഗങ്ങളായി തിയറ്ററുകളിലെത്തും. 2026 ദീപാവലിച്ചിത്രമായി ഒന്നാം ഭാഗം എത്തുമെന്നും രണ്ടാം ഭാഗം 2027ല്‍ പുറത്തിറങ്ങുമെന്നും നമിത് മല്‍ഹോത്ര സമൂഹ മാധ്യമക്കുറിപ്പിലൂടെ വ്യക്തമാക്കി. നിതേഷ് തിവാരിയാണ് ഇതിഹാസ ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്‍റെ ഫസ്റ്റ് പോസ്റ്ററിനൊപ്പമാണ് നമിത് വിശദമായ കുറിപ്പും പങ്കുവച്ചത്.
പത്തുവര്‍ഷത്തിലേറെയായി താന്‍ ഈ യാത്രയിലായിരുന്നുവെന്നും ഇന്ന് അത് ഏറ്റവും മനോഹരമായ രൂപം പ്രാപിച്ചതില്‍ സന്തോഷമുണ്ടെന്നും അദ്ദേഹം കുറിച്ചു. ഏറ്റവും ആധികാരികമായി, എല്ലാ പവിത്രതയോടും ദൃശ്യത്തികവോടും കൂടെ ചരിത്രവും സത്യവും സംസ്കാരവും ഗരിമയോടെ സ്ക്രീനിലെത്തിക്കാന്‍ കഴിയുമെന്നാണ് തന്‍റെ പ്രതീക്ഷയെന്നും അതിനായുള്ള അശ്രാന്ത പരിശ്രമത്തിലായിരുന്നു താനെന്നും നമിത് കുറിച്ചു.
കെജിഎഫ് താരം യഷാണ് ചിത്രത്തില്‍ രാവണനായെത്തുക. 80 കോടി രൂപ വാഗ്ദാനം ചെയ്തെങ്കിലും അത് നിരസിച്ച യഷ് ചിത്രത്തിന്‍റെ സഹ നിര്‍മാതാവാകാന്‍ താല്‍പര്യം ചിത്രത്തിന്‍റെ സെറ്റില്‍ നിന്നുള്ള രണ്‍ബീറിന്‍റെയും സായ് പല്ലവിയുടെയും ചിത്രങ്ങള്‍ കഴിഞ്ഞ വര്‍ഷം പുറത്തായിരുന്നു. സണ്ണി ഡിയോള്‍, ലാറ ദത്ത, ഷീബ ഛദ്ദ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തും. രാമന്‍റെ വേഷം അവതരിപ്പിക്കുമ്പോള്‍ പൂര്‍ണത കൈവരിക്കുന്നതിനായി സംസാരശൈലി രണ്‍ബീര്‍ പരിശീലിക്കുന്നതായി നേരത്തെ വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു.