സോഷ്യല്‍ മീഡിയയില്‍ കഴിഞ്ഞ ദിവസം ബേസില്‍ ജോസഫിന്‍റെ വിഡിയോ ആയിരുന്നു വൈറല്‍. കേരള സൂപ്പര്‍ ലീഗ് മല്‍സരത്തിലെ സമ്മാനദാന ചടങ്ങിനിടെ ഒരു കളിക്കാരന് ബേസില്‍ കൈ കൊടുക്കാന്‍ നീട്ടിയപ്പോള്‍ അത് കാണാതെ താരം പൃഥ്വിരാജിന് കൈ കൊടുക്കുകയായിരുന്നു. ബേസിലിന് പറ്റിയ ഈ അമളി സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു. ബേസിലിനെ ട്രോളി ടൊവിനോ തോമസും സഞ്ചു സാംസണും രംഗത്തെത്തി.
സമ്മാനദാനത്തില്‍ അമളി പറ്റിയെങ്കിലും കപ്പ് താനെടുത്തുവെന്ന് പറഞ്ഞ് ശക്തമായ തിരിച്ചടി ബേസിലും കൊടുത്തിരുന്നു. കൈ കിട്ടിയില്ലെങ്കിലും കപ്പ് താനെടുത്തു എന്നാണ് ബേസില്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്. കേരള സൂപ്പര്‍ ലീഗില്‍ ബേസിലിന്‍റെ കാലിക്കറ്റ് എഫ്സി കിരീടം നേടിയിരുന്നു. ഇതിന്‍റെ ചിത്രങ്ങളാണ് താരം സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചത്. പോസ്റ്റിനൊപ്പം ടൊവിനോയേയും സഞ്ചുവിനേയും ബേസില്‍ ടാഗ് ചെയ്തിട്ടുമുണ്ടായിരുന്നു.
കപ്പ് കിട്ടിയ സന്തോഷത്തില്‍ എയറില്‍ നിന്നും തിരിച്ചിറങ്ങിയ ബേസിലിനെ വീണ്ടും എയറിലാക്കിയിരിക്കുകയാണ് കേരള പൊലീസിന്‍റെ ഫേസ്ബുക്ക് പേജ്. ബേസില്‍ പ്ലിങ്ങിയ ഫോട്ടോയ്ക്കൊപ്പം കുട്ടികള്‍ക്കായുള്ള പദ്ധതിയായ ചിരി പരിചയപ്പെടുത്തിയിരിക്കുകയാണ് കേരള പൊലീസ്.
'ചിരി'പദ്ധതി, കുട്ടികളിലെ മാനസികസമ്മര്‍ദ്ദം ലഘൂകരിക്കാനായി പോലീസ് ആരംഭിച്ച പദ്ധതിയാണ് ചിരി. ചിരിയുടെ 9497900200 എന്ന ഹെല്‍പ് ലൈന്‍ നമ്പരിലേക്ക് കുട്ടികള്‍ക്ക് മാത്രമല്ല അധ്യാപകരും മാതാപിതാക്കളും കുട്ടികളുടെ പ്രശ്നങ്ങളുമായി വിളിക്കാം,' എന്നാണ് പേജില്‍ കുറിച്ചിരിക്കുന്നത്. മാനസികസമ്മര്‍ദത്തിന്‍റെ സ്ഥാനത്ത് ബേസിലും ചിരി ഹെല്‍പ്ലൈനിന്‍റേയും കുട്ടികളുടെയും സ്ഥാനത്ത് പൃഥ്വിരാജും ഫുട്ബോള്‍ താരവുമാണ് നില്‍ക്കുന്നത്. ഇതോടെ വീണ്ടും ബേസിലിനെ എയറിലാക്കിയോ എന്നാണ് സോഷ്യല്‍ മീഡിയയുടെ ചോദ്യം. കേരള പൊലീസിന്‍റെ പോസ്റ്റ് മാനസിക സമ്മര്‍ദം കുറയ്ക്കാനാണെങ്കിലും ഇതുകണ്ട് ബേസിലിന്‍റെ സമ്മര്‍ദം കൂടിയെന്നും കമന്‍റുകളുണ്ട്.