കശ്മീരിലെ ഷോപ്പിയാനിൽ 2014-ലെ ഭീകരാക്രമണത്തിൽ വീരമൃത്യു വരിച്ച മേജർ മുകുന്ദ് വരദരാജിന്റെ ജീവിതം അടിസ്ഥാനമാക്കിയുള്ള തമിഴ് ചിത്രം ‘അമരൻ’ തമിഴ്നാട്ടിലെ സ്കൂളുകളിലും കോളജുകളിലും പ്രദർശിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി. പുതിയതലമുറയിൽ ദേശസ്നേഹം വളർത്താൻ സിനിമ ഉപകരിക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പ്രദർശിപ്പിക്കണമെന്ന് ബി.ജെ.പി. ആവശ്യപ്പെടുന്നത്. സിനിമയെ എതിർക്കുന്നവർ രാജ്യത്തിന്റെ ഐക്യത്തിനും സുരക്ഷയ്ക്കും എതിരാണെന്ന് ബി.ജെ.പി. സംസ്ഥാന വക്താവ് എ.എൻ.എസ്. പ്രസാദ് ആരോപിച്ചു.
സംസ്ഥാനത്തുടനീളം സിനിമ പ്രദർശിപ്പിക്കാൻ സർക്കാർ ക്രമീകരണം ചെയ്യണമെന്നും ആവശ്യപ്പെട്ടു. അതേസമയം സിനിമ കശ്മീരിനെയും മുസ്‌ലിം വിഭാഗത്തെയും മോശമായി ചിത്രീകരിക്കുന്നവെന്നാണ് എസ് ഡി പി ഐയുടെ ആരോപണം.മറ്റ് മതവിഭാഗങ്ങളിൽ മുസ്‌ലിം വിരുദ്ധത പടർത്തുകയാണ് സിനിമയുടെ ലക്ഷ്യമെന്നും ഇവർ ചൂണ്ടിക്കാട്ടി.
രാജ്കുമാർ പെരിയസാമി സംവിധാനം ചെയ്ത ‘അമരൻ’ കഴിഞ്ഞമാസം 31നാണ് റിലീസ് ചെയ്തത്. പ്രേക്ഷകരിൽ നിന്ന് മികച്ച പ്രതികരണമാണ് സിനിമയ്ക്ക് ലഭിച്ചത്. മേജർ മുകുന്ദ് വരദരാജായി ശിവകാർത്തികേയൻ എത്തുമ്പോൾ ഭാര്യ ഇന്ദു റെബേക്ക വർഗീസ് ആയാണ് സായി പല്ലവി എത്തുന്നത്.