1983-ൽ പുറത്തിറങ്ങിയ പ്രശസ്ത ഹിന്ദി സിനിമ മാസൂം വീണ്ടും സ്ക്രീനിലേക്ക്. അടുത്ത വര്‍ഷം ആദ്യം ചിത്രീകരണം ആരംഭിക്കുന്ന ശേഖർ കപൂറിന്റെ മാസൂമില് ഇന്ദു മല്‍ഹോത്രയായി ഷബാന ആസ്മിയും ദേവേന്ദ്ര കുമാര്‍ മല്‍ഹോത്രയായി നസീറുദ്ദീൻ ഷായും വീണ്ടും സ്കീനിലെത്തും.
ബോളിവുഡിലെ നവതരംഗസിനിമകള്‍ക്ക് തുടക്കം കുറിച്ച ശേഖര്‍ കപൂറിന്റെ മാസൂം. ഭർത്താവിന് മറ്റൊരു സ്ത്രീയുമായി ബന്ധമുണ്ടെന്ന് ഭാര്യ കണ്ടെത്തുമ്പോൾ തകര്‍ന്നു തുടങ്ങുന്ന മധ്യവര്‍ഗകുടുംബത്തില്‍ നിന്ന് വികസിക്കുന്ന സിനിമ. ആ ബന്ധത്തിലുള്ള കുട്ടി പിതാവിനെ തേടി വരുന്നതിലൂടെ തുടരുന്ന കഥ അന്ന് ബോളിവുഡിലെ തരംഗമായി.. താരങ്ങളുടെ തട്ട്പൊളിപ്പന്‍ പ്രകടനം കണ്ട് ശീലിച്ച ആസ്വാദകരെ മാസൂം പിടിച്ച് കുലുക്കി. . ചാര്‍ട്ടേഡ് അക്കൗണ്ടന്റ് ജോലി വിട്ട് സിനിമ ഹരം കൊണ്ട ശേഖർ കപൂറിന് ആദ്യ സിനിമ വലിയ പാഠശാലയായി. അതുതന്നെയാണ് 41 വര്‍ഷത്തിന് ശേഷം വീണ്ടും ശേഖര്‍ കപൂറിനെ മാസൂമിലേക്ക് തിരിച്ചെത്തിക്കുന്നത്.
മാസൂം 2 എന്ന് പേരിടുന്ന ചിത്രത്തില്‍ ഷബാന ആസ്മിയും നസീറുദ്ദീൻ ഷായും തന്നെ താരങ്ങള്‍. സുഹൃത്ത് മനോജ് ബാജ്പേയിയും മകൾ കാവേരിയും മാസൂമിന്റെ രണ്ടാം യാത്രയില്‍ ശേഖര്‍ കപൂറിനൊപ്പമുണ്ട്.
അദ്ദേഹത്തിന്റെ വാക്കുകളില്‍ മസൂം 2 നിശ്ചയിക്കപ്പെട്ടിട്ടുള്ള സിനിമയാണ്. അതിന് ആധാരമായി ശേഖര്‍ കപൂര്‍ പറയുന്നതിങ്ങനെ. 'മസൂം 2'-ന്റെ സ്ക്രിപ്റ്റ് തയ്യാറായി. കഴിഞ്ഞ ദിവസം ദുബായിൽ നിന്ന് വരുന്പോള്‍ സ്ക്രിപ്റ്റ് ഫ്ളൈറ്റ് സീറ്റിൽ മറന്നു. ഭയന്നു പക്ഷേ അത് എന്നിലേക്ക് തന്നെ മടങ്ങിയെത്തി. തിരികെ ലഭിച്ച സ്ക്രിപ്റ്റില്‍ ഫ്ലൈറ്റ് അറ്റൻഡന്റ് ഇങ്ങനെ എഴുതിയിരുന്നു 'മാസൂം' നല്ല സിനിമയായിരുന്നു, ഇതും നല്ലതായിരിക്കും'.... അത് തന്നെയാണ് സിനിമ പ്രേമികളും കാത്തിരിക്കുന്നത്.