സൂര്യയ്ക്കും കാർത്തിക്കും ഒപ്പമെടുത്ത ബാല്യകാല ചിത്രം പങ്കുവച്ച് നടന്‍ ബാല. സൂര്യ നായകനായ കങ്കുവ സംവിധാനം ചെയ്തിരിക്കുന്നത് തന്റെ സഹോദരനാണെന്ന് പറഞ്ഞാണ് ബാല സഹോദരൻ ശിവയും സൂര്യയ്ക്കും കാർത്തിക്കും ഒപ്പം നിൽക്കുന്ന പഴയൊരു ചിത്രം താരം പങ്കുവച്ചത്. അമൂല്യമായ ഫോട്ടോയാണിതെന്നും ശാരീരിക പ്രശ്നങ്ങൾ മൂലമാണ് കങ്കുവയിൽ അഭിനയിക്കാൻ കഴിയാതെ പോയതെന്നും ബാല പറഞ്ഞു.
‘കങ്കുവ റിലീസ് ആയി. എന്റെ ചേട്ടനാണ് സംവിധാനം ചെയ്തിരിക്കുന്നത്. ഭയങ്കര സന്തോഷം. തിയറ്ററിൽ പോയി പടം കണ്ടു. ഒരു പേര്‍സണല്‍ കാര്യം കാണിക്കണമെന്നു തോന്നി. എന്റെ ലിവർ ട്രാൻസ്പ്ലാന്റിന്റെ സമയത്തായിരുന്നു കങ്കുവയുടെ ഷൂട്ട് നടന്നത്. അമൂല്യമായ ഒരു ഫോട്ടോ കാണിക്കാം. 30 വർഷം മുൻപെടുത്തതാണ്. സൂര്യ, കാർത്തി എന്റെ ഏട്ടനും ഞാനുമാണിത്. ഞാനാണ് ഇളയത്. ചരിത്രം ആവർത്തിക്കും. നൂറു ശതമാനം. വളരെ സന്തോഷം. കങ്കുവ പാര്‍ട്ട് ടു വരുന്നുണ്ട്.
ഞങ്ങളൊരുമിച്ച് പടം ചെയ്യുമെന്ന് അന്ന് കരുതിയില്ല. പക്ഷേ, കങ്കുവ പാർട്ട് ഒന്നിൽ ഞാനില്ല. നോക്കാം. വിധി പോലെ വരട്ടെ. നല്ല ഒരു ചിത്രമാണ് കങ്കുവ. ചരിത്ര സിനിമയാണ്. ഒരു ചരിത്ര സിനിമയിൽ അഭിനയിക്കുക എന്നത് എന്റെ ഏറ്റവും വലിയ ആഗ്രഹമാണ്. അത് എന്റെ ചേട്ടനൊക്കെ അറിയാം. പൂർണമായ ശാരീരിക മാനസിക ആരോഗ്യത്തോടെ ഇരിക്കുമ്പോഴെ അത്തരം കഥാപാത്രങ്ങൾ ചെയ്യാൻ പറ്റൂ. നമുക്ക് നോക്കാം. കങ്കുവ 2 വരട്ടെ. വൈകാതെ വരും.’ സോഷ്യല്‍ മീഡിയിയില്‍ പങ്കുവച്ച വിഡിയോയിലൂടെ ബാല പറഞ്ഞു.
അതേസമയം ‘കങ്കുവ’ സിനിമയ്ക്ക് ഗംഭീര പ്രതികരണമാണ് ലഭിക്കുന്നതെന്ന് സംവിധായകൻ ശിവ. കേരളത്തില്‍ നിന്ന് മികച്ച പ്രതികരണമാണെന്നും ആളുകൾ വിളിച്ച് നല്ല അഭിപ്രായമാണ് പറയുന്നതെന്നും ശിവ വ്യക്തമാക്കി. ചെന്നൈയിൽ ചിത്രത്തിൽ ആദ്യ ഷോ കാണാൻ തിയറ്ററിൽ എത്തിയപ്പോൾ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു സംവിധായകൻ. ശിവയും സൂര്യയും ആദ്യമായി ഒന്നിക്കുന്ന സിനിമയാണ് ‘കങ്കുവ’. 2021ൽ രജനികാന്തിനെ നായകനാക്കി ഒരുക്കിയ ‘അണ്ണാത്തൈ’ ആണ് ശിവയുടേതായി അവസാനം തിയറ്ററുകളിലെത്തിയ ചിത്രം.
ബോളിവുഡ് താരം ബോബി ഡിയോള്‍ വില്ലനായ ചിത്രത്തിലെ നായിക ദിഷാ പഠാനിയാണ്. മദന്‍ കര്‍ക്കി, ആദി നാരായണ, സംവിധായകന്‍ ശിവ എന്നിവര്‍ ചേര്‍ന്ന് രചിച്ച ഈ ചിത്രം, 1500 വര്‍ഷങ്ങള്‍ക്ക് മുന്‍പ് നടക്കുന്ന കഥയാണ് പറയുന്നത്. യോഗി ബാബു, പ്രകാശ് രാജ്, കെ എസ് രവികുമാര്‍, ജഗപതി ബാബു, ഹാരിഷ് ഉത്തമന്‍, നടരാജന്‍ സുബ്രമണ്യം, ആനന്ദ് രാജ്, വസുന്ധര കശ്യപ്, റെഡിന് കിങ്സ്ലി, കോവൈ സരള എന്നിവരാണ് മറ്റ് പ്രധാന താരങ്ങള്‍. 1000 വർഷങ്ങൾക്ക് മുമ്പുള്ള കാലഘട്ടത്തിലൂടെ സഞ്ചരിക്കുന്ന കങ്കുവയിൽ യോദ്ധാവായാണ് സൂര്യ എത്തുന്നത്.