നയന്‍താരക്ക് പിന്നാലെ ധനുഷിനെതിരെ ആഞ്ഞടിച്ച് പങ്കാളിയും സംവിധായകനുമായ വിഘ്നേഷ് ശിവനും. ധനുഷിന്‍റെ പഴയ പ്രസംഗം കുത്തിപ്പൊക്കിയാണ് വിഘ്നേഷ് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് പങ്കുവച്ചിരിക്കുന്നത്. ആരേയും വെറുക്കേണ്ടതില്ലെന്നും മറ്റുള്ളവരെ ജീവിക്കാന്‍ അനുവദിക്കണമെന്നുമാണ് പ്രസംഗത്തില്‍ ധനുഷ് പറയുന്നത്.
'ഒരാളുടെ മേലുള്ള സ്നേഹം മറ്റൊരാളുടെ മേലുള്ള വെറുപ്പായി മാറരുത്. അങ്ങനെ മാറിയാല്‍ ആ സ്നേഹത്തിന് അര്‍ഥമേയില്ല. ഇന്ന് ലോകം വളരെ മോശം നിലയിലേക്ക് പോയിക്കൊണ്ടിരിക്കുകയാണ്. അത്രയും നെഗറ്റിവിറ്റി. ആര് നന്നായിരുന്നാലും ആര്‍ക്കും ഇഷ്ടപ്പെടില്ല. ജീവിക്കുക, ജീവിക്കാന്‍ അനുവദിക്കുക. ആരേയും വെറുക്കേണ്ട ആവശ്യമില്ല. എന്തിനാണ് മറ്റൊരാളെ വെറുക്കുന്നത്. ഇഷ്ടപ്പെട്ടെങ്കില്‍ ആഘോഷിക്കുക, ഇല്ലെങ്കില്‍ തള്ളിക്കളയുക, സിംപിള്‍. ഇത് വലിയ രാജതന്ത്രം ഒന്നുമല്ല,' ധനുഷ് പ്രസംഗത്തില്‍ പറയുന്നു.
ധനുഷിന്‍റെ വിഡിയോ പങ്കുവച്ച് ആളുകള്‍ക്ക് മാറ്റമുണ്ടാവാനായി താന്‍ പ്രാര്‍ത്ഥിക്കുന്നു എന്നാണ് വിഘ്നേഷ് കുറിച്ചത്. 'ജീവിക്കാന്‍ അനുവദിക്കുക, ഇതെല്ലാം വിശ്വസിക്കുന്ന കടുത്ത ആരാധകര്‍ക്ക് വേണ്ടിയെങ്കിലും. ആത്മാര്‍ത്ഥമായി ദൈവത്തോട് പ്രാര്‍ത്ഥിക്കുന്നു, ആളുകള്‍ക്ക് മാറ്റമുണ്ടാവാനായി, മറ്റുള്ളവരുടെ സന്തോഷത്തില്‍ സന്തോഷം കണ്ടെത്താനായി,' വിഘ്നേഷ് കുറിച്ചു. 2017ല്‍ നടന്ന 'സക്ക പോട് പോട് രാജ' എന്ന ചിത്രത്തിന്‍റെ ഓഡിയോ ലോഞ്ച് വേദിയില്‍ വച്ചുള്ള ധനുഷിന്‍റെ പ്രസംഗമാണ് വിഘ്നേഷ് പങ്കുവച്ചത്.
നെറ്റ്ഫ്ലിക്സിൽ റിലീസ് ചെയ്യാനിരിക്കുന്ന നയൻതാര–വിഘ്നേശ് ശിവൻ വിവാഹമുള്‍പ്പെടെ ആവിഷ്കരിക്കുന്ന ഡോക്യുമെന്‍ററിയുടെ ട്രെയിലറിൽ ധനുഷ് നിര്‍മിച്ച ‘നാനും റൗഡി താൻ' എന്ന സിനിമയുടെ ചില ബിടിഎസ് ദൃശ്യങ്ങൾ ഉപയോഗിച്ചിരുന്നു. ഇതിന്‍റെ പേരിലാണ് ധനുഷ് നയൻതാരയ്ക്ക് പത്ത് കോടിയുടെ കോപ്പിറൈറ്റ് നോട്ടിസ് അയച്ചത്.
മൂന്ന് സെക്കന്റ് ദൃശ്യങ്ങള്‍ക്ക് 10കോടിയുടെ കോപിറൈറ്റ് നോട്ടിസയച്ച ധനുഷിനെതിരെ രൂക്ഷവിമര്‍ശനമുന്നയിച്ച് നയന്‍താര രംഗത്തെത്തിയിരുന്നു. ആരാധകർക്കു മുൻപിൽ കാണിക്കുന്ന നിഷ്കളങ്കമുഖമല്ല യഥാർഥത്തിൽ ധനുഷിനുള്ളതെന്നും വൈരാഗ്യബുദ്ധിയോടെ പെരുമാറുന്ന വ്യക്തിയാണെന്നും നയൻതാര പറയുന്നു. നയൻതാരയെ നായികയാക്കി വിഘ്നേഷ് ശിവൻ സംവിധാനം ചെയ്ത ചിത്രമാണ് നാനും റൗഡി താൻ.