‘കങ്കുവ’ സിനിമയെ പിന്തുണച്ച് ജ്യോതികയുടെ പോസ്റ്റ്. സൂര്യയെന്ന നടന്റ ഭാര്യയായല്ല, മറിച്ച് ഒരു സിനിമാ സ്നേഹി ആയാണ് താന്‍ എഴുതുന്നതെന്ന് ജ്യോതിക പറയുന്നു. ചിത്രത്തിന്റെ നല്ലവശങ്ങളെയൊന്നും കാണാതെ കണ്ണുമടച്ചുള്ള നെഗറ്റീവ് റിവ്യൂ ആണ് പുറത്തുവരുന്നതെന്നും ചിത്രത്തിന്റെ കഥയോ പശ്ചാത്തലമോ അണിയറ പ്രവര്‍ത്തകരുടെ അധ്വാനമോ ഒന്നും വകവക്കാതെയുള്ള റിവ്യൂ തന്നെ അത്ഭുതപ്പെടുത്തിയെന്നും താരം പറയുന്നു.
ജ്യോതികയുടെ പോസ്റ്റ്;
‘ സൂര്യയുടെ ഭാര്യയായല്ല ,ജ്യോതികയെന്ന സിനിമാ സ്നേഹിയായാണ് ഞാന്‍ ഇതെഴുതുന്നത്, ഒരു നടനെന്ന രീതിയില്‍ സൂര്യാ, താങ്കളെയോര്‍ത്ത് ഞാന്‍ അഭിമാനിക്കുന്നു, ചിത്രത്തിലെ ആദ്യത്തെ അരമണിക്കൂര്‍ ശബ്ദം വലിയ അലോസരം സൃഷ്ടിച്ചു എന്നത് ശരിയാണ്, മൂന്ന് മണിക്കൂര്‍ സിനിമയില്‍ വെറും അരമണിക്കൂര്‍ മാത്രമാണ് അത്തരമൊരു ബുദ്ധിമുട്ട് അനുഭവപ്പെടുന്നത്. ബാക്കി തീര്‍ത്തും പ്രേക്ഷകന് സിനിമാറ്റിക് അനുഭവം നല്‍കുന്ന സിനിമ തന്നെയാണ് കങ്കുവ. കാമറയും സിനിമാ നിര്‍മാണ രീതിയും മികച്ചതാണ്, മാത്രമല്ല തമിഴ് സിനിമയില്‍ ഇതേവരെ കാണാത്ത അനുഭവം തന്നെയാണ് ചിത്രം നല്‍കുന്നത്.
മാധ്യമങ്ങളും മറ്റ് ചില ഗ്രൂപ്പുകളും പറയുന്ന നെഗറ്റീവ് റിവ്യൂസ് കണ്ട് എനിക്ക് അമ്പരപ്പാണ് തോന്നിയത്. എങ്ങനെയാണ് ഈ രീതിയില്‍ മോശമായി സംസാരിക്കാന്‍ സാധിക്കുന്നത്? ചിത്രത്തിന്റെ വളരെ ചെറിയ ഭാഗങ്ങളെ വലുതാക്കി കാണിച്ച് പോസിറ്റീവ് വശങ്ങളെയെല്ലാം മാറ്റിനിര്‍ത്തിയാണ് റിവ്യൂസ് എല്ലാം വരുന്നത്. ഞാന്‍ മുന്‍പ് കണ്ട പല അര്‍ത്ഥശൂന്യമായ ബിഗ്ബജറ്റ് സിനിമകളെക്കുറിച്ചൊന്നും ഇത്തരത്തിലുള്ള റിവ്യൂസ് കണ്ടിട്ടില്ല. കങ്കുവയിലെ സ്ത്രീആക്ഷന്‍ സീക്വന്‍സുകളും പ്രണയവും വഞ്ചനയുമെല്ലാം വളരെ മനോഹരമായാണ് ചിത്രീകരിച്ചിരിക്കുന്നത്. ഇതൊന്നും റിവ്യൂവേഴ്സ് പരിഗണിച്ചതായി തോന്നിയില്ല.
റിലീസ് ദിവസം ആദ്യ ഷോ പൂര്‍ത്തിയാകും മുന്‍പ് തന്നെ നെഗറ്റീവ് റിവ്യൂസ് വന്നത് അങ്ങേയറ്റം അദ്ഭുതം തോന്നിച്ച കാര്യമാണ്. അതും പല ഗ്രൂപ്പുകള്‍ ഒരുമിച്ചുള്ള അജന്‍ഡയായി തോന്നി. കഥയും മേക്കിങ് സ്റ്റൈലും ത്രീഡി സാങ്കേതികവിദ്യയുമെല്ലാം തീര്‍ത്തും കയ്യടി നേടേണ്ടുന്ന രീതിയിലായിട്ടും അതില്ലാതെ പോയത് സങ്കടകരമാണ്. ടീം കങ്കുവയ്ക്ക് അഭിമാനിക്കാമെന്നും ചില ഗ്രൂപ്പുകള്‍ നല്‍കുന്ന ഈ നെഗറ്റീവ് റിവ്യൂ കൊണ്ടൊന്നും നിങ്ങളെ ഇല്ലാതാക്കാനാവില്ലെന്നും ജ്യോതിക എഴുതുന്നു.
പോസ്റ്റിനു താഴെ ജ്യോതികയെ പിന്തുണച്ച് കമന്റുകള്‍ നിറയുന്നുണ്ട്. ചിത്രത്തിന്റെ രണ്ടാംഭാഗം പ്രേക്ഷകരെ പിടിച്ചിരുത്തുന്ന ഒട്ടേറെ ഘടകങ്ങളുണ്ടെന്നും ചിലര്‍ പറയുന്നു. ജ്ഞാനവേല്‍ രാജ നിര്‍മിച്ച് ശിവ സംവിധാനം ചെയ്ത ചിത്രമാണ് കങ്കുവ.