ധനുഷിനെതിരായ പോര് മുറുകുന്നതിനിടെ നയന്‍താരയുടെ പുതിയ ചിത്രം പ്രഖ്യാപിച്ചു. സാരിയും ബ്ലൗസും ധരിച്ച് ഉലക്കയും കയ്യിലേന്തി തിരിഞ്ഞുനില്‍ക്കുന്ന നയന്‍താരയെ ആണ് പുറത്തുവിട്ട പോസ്റ്ററില്‍ കാണുന്നത്. തീപന്തം പിടിച്ചൊരു സംഘവും നയന്‍സിനെതിരെ നില്‍ക്കുന്നുണ്ട്. ചിത്രത്തിന്റെ ടൈറ്റിലും ടീസറും നാളെ രാവിലെ 10.15നു പുറത്തുവിടും. 'മൃഗങ്ങള്‍ക്കെതിരെ യുദ്ധം' എന്നാണ് പോസ്റ്ററിന്റെ ക്യാപ്ഷന്‍. ഡ്രംസിറ്റിക്സ് പ്രൊഡക്ഷന്‍സും മൂവിവേഴ്സ് സ്റ്റുഡിയോയും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.
ധനുഷിനെതിരായ തുറന്ന് പോരിനിടക്കാണ് നയന്‍താരയുടെ പുതിയ ചിത്രത്തിന്റെ അപ്ഡേറ്റ് പുറത്തുവന്നിരിക്കുന്നത്. നയന്‍സിന്റെ ജീവിതം ആസ്പദമാക്കി നിര്മിക്കിുന്ന നെറ്റ്ഫ്ളിക്സ് ഡോക്യുമെന്ററിയില്‍ ധനുഷ് നിര്‍മിച്ച നാനും റൗഡി താന്‍ എന്ന ചിത്രത്തില്‍ നിന്നുമുള്ള മൂന്ന് സെക്കന്റ് വിഡിയോ ഉള്‍പ്പെടുത്തിയിരുന്നു. ഇതിന് പത്ത് കോടി കോപ്പിറൈറ്റ് ആവശ്യപ്പെട്ട് ധനുഷ് രംഗത്തെത്തിയതോടെയാണ് തര്‍ക്കം പുറംലോകമറിഞ്ഞത്.
ആരാധകർക്കു മുൻപിൽ കാണിക്കുന്ന നിഷ്കളങ്കമുഖമല്ല യഥാർഥത്തിൽ ധനുഷിനുള്ളതെന്നും വൈരാഗ്യബുദ്ധിയോടെ പെരുമാറുന്ന വ്യക്തിയാണെന്നും നയൻതാര പുറത്തുവിട്ട പ്രസ്താവനയില്‍ പറഞ്ഞിരുന്നു. പാര്‍വതി തിരുവോത്ത്, ശ്രുതി ഹാസന്, നസ്രിയ നസീം, ഐശ്വര്യ ലക്ഷ്മി, അനുപമ പരമേശ്വരന് ഉള്‍പ്പെടെ ധനുഷിനൊപ്പം മുമ്പ് അഭിനയിച്ച നായികനടിമാരെല്ലാം നയന്‍സിനെ പിന്തുണച്ച് രംഗത്തെത്തിയിരുന്നു. നയൻതാരയെ നായികയാക്കി വിഘ്നേഷ് ശിവൻ സംവിധാനം ചെയ്ത ചിത്രമാണ് നാനും റൗഡി താൻ.