ഷാറുഖ് ഖാന്റെ മകൻ ആര്യൻ ഖാൻ സംവിധായകനാകുന്നു. നെറ്റ്ഫ്ലിക്സും റെഡ് ചില്ലീസും ഒന്നിച്ച് നിർമ്മിക്കുന്ന സീരിസാണ് ആര്യൻ ഖാന്റെ ആദ്യ സംവിധാന സംരംഭം. മകൻ സംവിധായകനാകാൻ ഒരുങ്ങുന്ന കാര്യം ഷാരൂഖ് ഖാൻ തന്നെയാണ് ഔദ്യോഗികമായി അറിയിച്ചിരിക്കുന്നത്. ഷാരൂഖ് ഖാന്റെ ഭാര്യ ഗൗരി ഖാനാണ് നിർമ്മാണം.
ആര്യൻ ഖാൻ സംവിധാന രംഗത്തെത്തുന്നു എന്ന അഭ്യൂഹങ്ങൾ നേരത്തെ തന്നെ പ്രചരിച്ചിരുന്നു. എന്നാൽ ഇപ്പോഴാണ് അതിൽ ഔദ്യോഗിക സ്ഥിരീകരണമുണ്ടായത്. ഇതു സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ വരും ദിവസങ്ങളിൽ പുറത്തുവിടുമെന്നാണ് റിപ്പോർട്ട്. ലോസ് ആഞ്ചലസിൽ നടക്കുന്ന പരിപാടിയിൽ നെറ്റ്ഫ്ലിക്സ് സീരിസിനെനെപ്പറ്റി പ്രഖ്യാപനമുണ്ടാകുമെന്ന് ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയ്യുന്നു.
ബോളിവുഡുമായി ബന്ധപ്പെട്ടുള്ള ജീവിത കഥകളാണ് നെറ്റ്ഫ്ലിക്സ് സീരിസിന്റെ പ്രമേയം. കഭീ ഖുശി ഖഭീ ഘം എന്ന ചിത്രത്തിൽ ബാത താരമായെത്തിയ ആര്യൻ ഖാൻ രണ്ട് ഹോളിവുഡ് ചിത്രങ്ങളുടെ ഹിന്ദി റിലീസുകളിൽ ഡബ്ബിങ് ആർട്ടിസ്റ്റായി പ്രവർത്തിച്ചിട്ടുണ്ട്.
നെറ്റ്ഫ്ലിക്സ് സീരീസിന്റെ പേരിനെപ്പറ്റിയോ അഭിനേതാക്കളെക്കുറിച്ചോ ഒരു വിവരവും പുറത്തുവിട്ടിട്ടില്ല. മകൻ ആദ്യമായി സംവിധാനം ചെയ്യുന്ന സീരീസിൽ ഷാരൂഖ് ഖാൻ എത്തുമോ എന്നാണ് സമൂഹ മാധ്യമങ്ങളിൽ നിറയുന്ന ചോദ്യം. അപ്രതീക്ഷിത അതിഥികളും സിനിമയിൽ ഉണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ.
‘‘പ്രേക്ഷകർക്കായി ഒരു പുതിയ കഥ അവതരിപ്പിക്കുന്ന പ്രത്യേക ദിനമാണിത്. ആര്യൻ ഖാൻ നെറ്റ്ഫ്ലിക്സിലൂടെ ഒരു പുതിയ യാത്രയ്ക്കു തുടക്കം കുറിക്കുകയാണ്. മുന്നോട്ട് പോയി ആളുകളെ രസിപ്പിക്കുക ആര്യൻ’’– ഷാറുഖ് ഖാൻ പറയുന്നു.