കങ്കുവയുടെ വമ്പന്‍ പരാജയത്തിന് പിന്നാലെ സൂര്യയുടെ കര്‍ണന്‍ ഉപേക്ഷിച്ചതായി റിപ്പോര്‍ട്ട്. മഹാഭാരതത്തിലെ കര്‍ണനെ കേന്ദ്രകഥാപാത്രമാക്കി മിതോളജിക്കല്‍ എപിക്ക് ചിത്രത്തില്‍ ജാന്‍വി കപൂറായിരുന്നു ദ്രൗപതിയായി അഭിനയിക്കാനിരുന്നത്. ഈ ചിത്രം ഉപേക്ഷിച്ചതായുള്ള റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവന്നുകൊണ്ടിരിക്കുന്നത്. അമിതമായ ബജറ്റാണ് ചിത്രം ഉപേക്ഷിക്കുന്നതിനു കാരണമായി പറയുന്നത്. രണ്ട് ഭാഗങ്ങളായാണ് കര്‍ണ പ്ലാന്‍ ചെയ്തിരുന്നത്.
ഒരു വര്‍ഷം മുന്‍പേ ചിത്രം വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. രംഗ് ദേ ബസന്തിയും ഭാഗ് മില്‍ഖ ഭാഗും ഉള്‍പ്പെടെ ഒരുക്കിയ രാകേഷ് ഓംപ്രകാശ് മെഹ്‍റ സംവിധാനം ചെയ്യുന്ന ചിത്രം വലിയ പ്രതീക്ഷകളാണ് ഉയര്‍ത്തിയത്. ഫര്‍ഹാന്‍ അഖ്തറും റിതേഷ് സിധ്വാനിയും ചേര്‍ന്ന് നിര്‍മ്മിക്കാനിരിക്കുന്ന ചിത്രമാണിത്. ആനന്ദ് നീലകണ്ഠന്‍റേതാണ് ചിത്രത്തിന്‍റെ രചന. വന്‍ ബജറ്റ് വേണ്ടിവരുന്ന ഈ ചിത്രം ഇന്‍ഡസ്ട്രിയുടെ മോശം അവസ്ഥ പരിഗണിച്ച് മാറ്റിവച്ചിരിക്കുകയാണെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.
എന്നാല്‍ കങ്കുവയുടെ പരാജയത്തിന് പിന്നാലെ ചിത്രം ഉപേക്ഷിച്ചു എന്നാണ് റിപ്പോര്‍ട്ടുകള്‍. സൂര്യ ചിത്രങ്ങള്‍ക്ക് ബോക്സ് ഓഫീസില്‍ എത്രത്തോളം സ്വാധീനം ഉണ്ടാക്കാന്‍ സാധിക്കും എന്നത് നിര്‍മാതാക്കളെ നേരത്തെ തന്നെ അലട്ടിയിരുന്നു. തുടര്‍ന്ന് ബജറ്റ് കുറക്കണമെന്ന് നിര്‍മാതാക്കള്‍ സംവിധായകനോട് ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്ന് സംവിധായകന്‍ മറ്റ് നിര്‍മാതാക്കളെ തേടിയിരുന്നുവെന്നും അടുത്ത വൃത്തങ്ങള്‍ പറയുന്നു.
ഇങ്ങനെ പലവിധ തടസങ്ങള്‍ നേരിട്ടിരുന്ന ചിത്രത്തെ കങ്കുവയുടെ പരാജയം കൂടി ബാധിച്ചിരുന്നു. തിരക്കഥ പൂര്‍ത്തിയായ ചിത്രത്തിന്‍റെ ഷൂട്ടിംഗ് ഷെഡ്യൂള്‍ അടുത്ത വര്‍ഷത്തേക്കായിരുന്നു നിശ്ചയിച്ചിരുന്നത്. ചിത്രത്തിന്‍റെ പ്രി പ്രൊഡക്ഷനായി തന്നെ കോടികള്‍ ചിലവഴിച്ചിരുന്നു.