ശബരിമല സന്നിധാനത്ത് അജിത് സിനിമയുടെ ടീസര്‍ ആവശ്യപ്പെട്ട് തമിഴ്നാട്ടില്‍ നിന്നെത്തിയ ആരാധകരുടെ മുദ്രാവാക്യംവിളി. മണ്ഡലപൂജയ്ക്ക് നടതുറന്ന ശേഷമാണ് അജിത്തിന്‍റെ ചിത്രം പതിച്ച ബാനറുമായി സംഘം എത്തിയത്. അജിത്തേ കടവുളേ എന്ന് വിളിച്ചാണ് മുദ്രാവാക്യം. പുതിയ സിനിമയായ വിടാമുയര്‍ച്ചിയുടെ ടീസര്‍ ആവശ്യപ്പെട്ടായിരുന്നു ബാനര്‍. റാണിപ്പേട്ടില്‍ നിന്നുള്ള ആരാധകരെന്നാണ് വിവരം. വിഡിയോ പ്രചരിച്ചതോടെ തമിഴ്നാട്ടില്‍ നിന്നടക്കം വലിയ വിമര്‍ശനം ഉയര്‍ന്നു. ക്ഷേത്ര സങ്കേതത്തില്‍ ഇത്തരം പ്രവര്‍ത്തനങ്ങള്‍ അനുവദിക്കരുതെന്നാണ് ആവശ്യം. ദേവസ്വം ബോര്‍ഡും സംഭവം പരിശോധിക്കും.
അജിത് ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ‘വിടാമുയർച്ചി’. അടുത്ത വർഷം പൊങ്കൽ റിലീസായാണ് ചിത്രം തിയേറ്ററുകളിലേക്ക് എത്തുന്നത്. ചിത്രത്തിലെ അജിത്തിന്റെ ലുക്ക് പോസ്റ്ററുകൾ അല്ലാതെ മറ്റു അപ്ഡേറ്റുകൾ ഒന്നും അണിയറപ്രവർത്തകർ പങ്കുവെച്ചിരുന്നില്ല.