ജീവിതത്തില്‍ അപ്രതീക്ഷിതമായി തിരിച്ചടികള്‍ സംഭവിക്കാം. ചിലരെ അത് അഗാധമായ ദുഃഖത്തിലേക്കു നയിക്കാം. ഇത്തരം അവസ്ഥകളില്‍ നിന്നും കരുത്തോടെ ഉയര്‍ത്തെന്നേല്‍ക്കുന്നവരാണ് വിജയികള്‍. 55-മത് അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലിന്‍റെ നാലാം ദിനത്തില്‍ അങ്ങനെ ഒരു വ്യക്തിയെ സദസ് കണ്ടു. അത് വേറാരും ആയിരുന്നില്ല, നടന്‍ ശിവകാര്‍ത്തികേയന്‍. ഇൻ കോൺവർസേഷൻ വിഭാഗത്തില്‍ പങ്കെടുക്കാനെത്തിയ താരം കേള്‍വിക്കാരുടെ മനസില്‍ പ്രചോദനത്തിന്റെ വിത്ത് പാകി.
ഫ്രം സ്മാൾ സ്ക്രീൻ ടു ബിഗ് ഡ്രീംസ് എന്ന വിഷയത്തില്‍ ശിവകാര്‍ത്തികേയന്‍ ജീവിതത്തില്‍ താന്‍ പിന്നിട്ട കയ്പേറിയ ദിനങ്ങള്‍ പങ്കിട്ടു. ആളുകളെ സന്തോഷിപ്പിക്കാന്‍ ഇഷ്ടപ്പെടുന്ന വ്യക്തിയാണ് താനെന്നു നടന്‍ പറഞ്ഞു. അതിനു വേണ്ടി എന്തു ചെയ്യണമെന്നു ആലോചിച്ചു. കോളജ് വിദ്യാഭ്യാസത്തിനിടെ അച്ഛനെ നഷ്ടമായി. ഇത് തന്റെ വ്യക്തിജീവിതത്തെ സാരമായി ബാധിച്ചു. വിഷാദത്തിലേക്ക് വീണു. മറികടക്കാന്‍ എന്തു ചെയ്യണമെന്നറിയില്ലായിരുന്നു. ദുഃഖത്തില്‍ നിന്നും കരകയറാന്‍ വിനോദത്തിലേക്ക് തിരിഞ്ഞു. അങ്ങനെ ആളുകളെ രസിപ്പിക്കാന്‍ തുടങ്ങി.
കാഴ്ചക്കാരുടെ അഭിനന്ദനങ്ങളും സന്തോഷവും തനിക്ക് മരുന്നായി. പിന്നീട് സിനിമയില്‍ മനസ് ഉടക്കി. പതുക്കെ അത് ഒരു പാഷനായി. സിനിമയിലേക്കുള്ള ചവിട്ടുപടിയെന്ന നിലയില്‍ ടെലിവിഷന്‍ അവതാരകനായി. ഏറെവൈകാതെ സിനിമയില്‍ അരങ്ങേറ്റം കുറിക്കാനായി– ശിവകാര്‍ത്തികേയന്‍ പറഞ്ഞു. കയ്യടികളോടെയായിരുന്നു താരത്തിന്റെ വാക്കുകള്‍ ആളുകള്‍ കേട്ടത്. നടി ഖുശ്ബു ആയിരുന്നു അവതാരക.