ദുല്‍ഖറിന്‍റെ ലക്കി ഭാസ്​കര്‍ തിയേറ്ററുകളില്‍ നിറഞ്ഞോടുമ്പോള്‍ 80കളിലെ മുംബൈ നഗരവും ബാങ്കും ഭാസ്​കറിന്‍റെ വീടും തെരുവുകളുമെല്ലാം ഒരുക്കിയ പ്രൊഡക്ഷൻ ഡിസൈനർ വിനേഷ് ബംഗ്ലാന്‍റെ മികവിനു കൂടിയാണ് കയ്യടികള്‍ ഉയരുന്നത്. കുറുപ്പ്, ലക്കി ഭാസ്കര്‍ ഇനി വരാനിരിക്കുന്ന കാന്താര 2, കാളിയന്‍ മുതലായ ഇദ്ദേഹത്തിന്‍റെ വര്‍ക്കുകളില്‍ നല്ലൊരു ശതമാനവും പിരിയഡ് ചിത്രങ്ങളാണ്.  മികച്ച കലാസംവിധാനത്തിനുള്ള സംസ്ഥാന, ദേശീയ ചലച്ചിത്ര പുരസ്​കാരങ്ങളും വിനേഷ് ബംഗ്ലാന്‍ നേടിയെടുത്തത് കമ്മാര സംഭവം എന്ന പിരിയഡ് ചിത്രത്തിലൂടെ തന്നെ. പിരിയഡ് സിനിമകളോട് തനിക്ക് പ്രത്യേക താല്‍പര്യം തന്നെ ഉണ്ടെന്നാണ് ഇദ്ദേഹം പറയുന്നത്. പിരിയഡ് സിനിമകള്‍ ഒരു ശീലമാക്കിയ പ്രൊഡക്ഷന്‍ ഡിസൈനറിന് ലക്കി ഭാസ്​കര്‍ എത്രത്തോളം വെല്ലുവിളി ഉയര്‍ത്തി? വിനേഷ് ബംഗ്ലാന്‍ മനോരമ ന്യൂസിനോട് സംസാരിക്കുന്നു, ഒപ്പം പുതിയ ചിത്രങ്ങളുടെ വിശേഷങ്ങളും.

ലക്കി ഭാസ്​കറിലേക്ക്

ദുല്‍ഖറാണ് ചിത്രത്തിലേക്ക് എന്നെ സജസ്​റ്റ് ചെയ്​തത്. കുറുപ്പിന്റെ വർക്ക് ചെയ്തതിന്‍റെ പരിചയത്തില്‍ വിളിക്കുകയായിരുന്നു. കുറുപ്പിനു വേണ്ടി മുമ്പ് ബോംബെ നഗരം റിക്രിയേറ്റ് ചെയ്തിരുന്നു. ഒരു സ്ഥലത്തെപ്പറ്റി അത്രയും റഫർ ചെയ്ത്, അതേ സ്ഥലം തന്നെ വീണ്ടും പുനർനിർമ്മിമ്പോൾ ജോലി കുറച്ചുകൂടി എളുപ്പമായിരുന്നു. റഫറൻസ് ഒക്കെ കുറച്ചുകൂടി ഈസിയായി.

80കളിലെ മുംബൈ

പ്ലാൻ ചെയ്തതിലും നേരത്തെയാണ് ലക്കി ഭാസ്​കറിന്‍റെ ഷൂട്ട് തുടങ്ങിയത്. നായകന്റെ വീടും പരിസരത്തുള്ള തെരുവും 18 ദിവസം കൊണ്ടാണ് പൂർത്തിയാക്കിയത്. ബാങ്കും പരിസരവും കുറച്ചുകൂടി സമയമെടുത്താണ് ചെയ്തത്. സെറ്റ് നിർമ്മിക്കുന്നതിനേക്കാൾ വെല്ലുവിളി ഉയർത്തുന്നത് അക്കാലത്തെ ഉപകരണങ്ങള്‍ കൊണ്ടുവരുക എന്നുള്ളതാണ്. അതിനായി നേരത്തെ തന്നെ മുംബൈ, കൊൽക്കത്ത, ബാംഗ്ലൂർ, ചെന്നൈ, അഹമ്മദാബാദ് പോലുള്ള സ്ഥലങ്ങളിൽ ഒക്കെ സമാന്തരമായി അസിസ്റ്റൻസിനെ വിട്ട് പ്രോപ്​സിനായി വേണ്ടതെല്ലാം ശേഖരിച്ചിരുന്നു. ആവശ്യമുള്ള സാധനങ്ങളുടെ നിർമ്മാണം സമാന്തരമായി നടക്കുന്നുണ്ടായിരുന്നു.

സിനിമാ ചിത്രീകരണം ഒരു സ്റ്റുഡിയോയിൽ തന്നെ ആയതുകൊണ്ട് സമാന്തരമായി നടക്കുന്ന സെറ്റ് വർക്കുകൾ പോയി നോക്കാനും എളുപ്പമായിരുന്നു. ഒരു സ്ഥലത്ത് നിന്ന് മറ്റൊരു സ്ഥലത്തേക്കുള്ള ഫ്​ളൈറ്റ് പിടിച്ച് പോകുന്നത് വച്ച് നോക്കുമ്പോൾ സ്റ്റുഡിയോയിലെ  ജോലി എളുപ്പമാണ്. ബാങ്ക്, ബാങ്കിന്‍റെ ഇന്റീരിയർ, വീട്, തെരുവ് എല്ലാം ഹൈദരബാദിലെ അലൂമിനിയം ഫാക്​റ്ററി എന്ന സ്റ്റുഡിയോയിൽ ആണ് സെറ്റ് ചെയ്തത്. സിനിമയിൽ 90% ത്തോളം സെറ്റ് തന്നെയാണ്.

മഗത ബാങ്ക് ഉയര്‍ത്തിയ വെല്ലുവിളി

ഇത് സൗത്ത് മുംബൈയിലെ കൊളാബയിൽ നടക്കുന്ന സിനിമയാണ്. കൊളാബയിൽ ഇപ്പോഴും ബ്രിട്ടീഷുകാരുടെ സമയത്തുള്ള കെട്ടിടങ്ങൾ ആണുള്ളത്. അവിടെ ബാങ്ക് പോലുള്ള സ്ഥാപനങ്ങൾ പ്രവര്‍ത്തിക്കുന്നത് ഇത്തരം കെട്ടിടങ്ങളിലാണ്. അവിടുത്തെ എൻജിനീയറിങ് ഒരു പഴയ കൊളോണിയൽ സ്ട്രക്ചറിൽ ആണ്. അതുകൊണ്ടാണ് ബാങ്ക് ആ സ്റ്റൈലിൽ ചിത്രീകരിക്കാമെന്ന് വിചാരിച്ചത്. നോർത്ത് മുംബൈയോ ബാന്ദ്രയോ അന്ധേരിയോ ഒക്കെ ആയിരുന്നുവെങ്കില്‍ സിനിമയിൽ കാണുന്നതുപോലെ ഒരു മുംബൈ ആയിരിക്കില്ല നിര്‍മിക്കാന്‍ പറ്റുക. അവിടെ പുതിയ രീതിയിലുള്ള കെട്ടിടങ്ങളാണ്.

മലയാളവും തെലുങ്കും

മലയാളം സിനിമകളെക്കാള്‍ വലിയൊരു സ്​പേസിലാണ് തെലുങ്ക് സിനിമ റിലീസ് ചെയ്യുന്നത്. അതുകൊണ്ടുതന്നെ ബജറ്റും കൂടും. എന്നാൽ സമയം ഏറ്റവും കൂടുതൽ കിട്ടുന്നത് മലയാളത്തിലാണ്. ഒരു സിനിമ ചെയ്യാനാണെങ്കിലും സെറ്റ് വർക്കിന് ആണെങ്കിലും ഏറ്റവും കൂടുതൽ സമയം കിട്ടുക മലയാളത്തിൽ ആയിരിക്കും.

കാന്താര 2, കാളിയന്‍

കാന്താര ടുവിനെപ്പറ്റി ഇപ്പൊ ഒന്നും പറയാനില്ല. 2 വർഷത്തെ കമ്മിറ്റ്​മെന്‍റാണ് സിനിമയുമായുള്ളത്. എന്തായാലും അധികം വൈകാതെ റിലീസ് ചെയ്യും. നല്ലൊരു ഇന്ത്യൻ സിനിമ ആയിരിക്കും വരിക. പൃഥ്വിരാജിന്‍റെ കാളിയന്‍ നേരത്തെ തുടങ്ങി വെച്ചതാണ്. പിന്നെ സമയത്തിന്റെ ഒരു പ്രശ്നം കാരണം കുറച്ച് സമയത്തേക്ക് നിർത്തിവെച്ചിരിക്കുന്നതാണ്. ഉടനെ തന്നെ സ്റ്റാർട്ട് ചെയ്യും.

മറ്റ് പ്രൊജക്​റ്റുകള്‍

പൃഥ്വിരാജിന്‍റെ വിലായത്ത് ബുദ്ധ, ഫഹദ് ഫാസില്‍–വടിവേലു ചിത്രം മാരീശന്‍, രശ്മിക മന്ദാനയുടെ റെയിന്‍ബോ, മലയാളത്തിൽ ശ്രീനാഥ് രാജേന്ദ്രന്റെ ബ്ലൂ, ദുല്‍ഖര്‍ നിര്‍മിക്കുന്ന നസ്​ലിന്‍–കല്യാണി ചിത്രം എന്നിവയാണ് ഇനി വരാനിരിക്കുന്ന ചിത്രങ്ങള്‍.

ENGLISH SUMMARY:

Interview with Vinesh Banglan, Production Disigner of Lucky Baskher movie