ഡോക്ടറേറ്റിലേക്കുള്ള യാത്രയെക്കുറിച്ചും ആ യാത്രയില്‍ പ്രചോദനമായവരെക്കുറിച്ചും പറഞ്ഞ് എ.എ.റഹീം എം.പിയുടെ ഭാര്യ അമൃത സതീശൻ. താന്‍ ഡോക്ടറേറ്റ് നേടണമെന്നത് അച്ഛന്‍റെ ആഗ്രഹമായിരുന്നെന്നും അതാണ് താന്‍ ഇതിനായി പ്രയത്നിക്കാനുള്ള കാരണമെന്നും അമൃത പറഞ്ഞു. ഇതിനോടൊപ്പം മനോരമ ന്യൂസ് നല്‍കിയ അമൃതയുടെ ഡോക്ടറേറ്റ് വാര്‍ത്തക്ക് കീഴില്‍ മോശമായി പ്രതികരിച്ച ഒരാളുടെ കമന്‍റും പങ്കുവെച്ചിട്ടുണ്ട്. ഇതിനിടയിലും ചില കുല്സിത ശക്തികളെ കാണുന്നുണ്ടെന്നും ഇവരെ വേണ്ടപോലെ പരിഗണിക്കുന്നതായിരിക്കും എന്ന മറുപടിയോടെയാണ് പോസ്റ്റ്.
ഭാര്യ അമൃത ഡോക്ടറേറ്റ് സ്വന്തമാക്കിയ സന്തോഷം എ.എ.റഹീം എംപി ഫെയ്സ്ബുക്കിലൂടെ പങ്കുവച്ചിരുന്നു. ഇതിനെക്കുറിച്ചുള്ള മനോരമ ന്യൂസ് വാര്‍ത്തക്ക് താഴെയായിരുന്നു കമന്‍റ്. 'ഇനി ഏതെങ്കിലും ഹോസ്പിറ്റലില്‍ തിരുകി കയറ്റാം എന്നായിരുന്നു കമന്‍റ്'. ഇതിന് 'ഈ കുട്ടത്തിലെ മാസ്സ് കമന്‍റ് ഇതാണ്' എന്നാണ് അമൃത മറുപടി നല്‍കിയത്.
'ഇനി ഡോക്ടർ അമൃത സതീശൻ. സ്വപ്നം കാണുക എന്നത്,അത് സ്വന്തമാക്കുക എന്നത് ഒട്ടും എളുപ്പമുള്ള കാര്യമല്ല. കേന്ദ്ര സർവകലാശാലയിൽ നിന്നും നിയമത്തിലാണ് ഇന്ന് ഡോക്ടറേറ്റ് സ്വന്തമാക്കിയത്. പ്രിയപ്പെട്ടവൾക്ക് ഹൃദയം നിറഞ്ഞ ആശംസകൾ' എന്നായിരുന്ന റഹീം കുറിച്ചത്.
ഫെയ്സ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം
പ്രിയപ്പെട്ടവരേ, ഏറ്റവും വേഗത്തിൽ ഗവേഷണം തീർക്കണം എന്ന് ആഗ്രഹിച്ചു കൊണ്ടാണ് തുടങ്ങിയത്. പക്ഷെ meningitis തന്ന ഭീകര രോഗ കാലം അതിനെ തുടർന്ന് കഴിഞ്ഞ രണ്ട് പ്രാവശ്യം ശരീരത്തിൽ കത്തി വയ്ക്കേണ്ടി വന്ന സമയം. പിന്നെയും പിന്നെയും കാരണമൊന്നും അറിയാതെ പിന്തുടർന്ന് പിടിച്ചു കൊണ്ടിരുന്ന infections, അങ്ങനെ health disaster പശ്ചാത്തലത്തിൽ നടത്തിയ പഠനത്തിൽ ഞാൻ തന്നെ disaster ആയി മാറിയ 31/2 വർഷം കൂടിയാണ്. പല പല ആശുപത്രികളിൽ പല തവണയായി എനിക്ക് ആശുപത്രിയിൽ കൂട്ടിരുന്നവർ, എന്റെ ഡോക്ടേഴ്സ്, ഇവർക്കൊക്കെ തീസിസിന്റെ ഓരോ ഘട്ടവും അറിയാം. പക്ഷെ ഇത് 4 വർഷത്തിനുള്ളിൽ പൂർത്തിയാക്കാൻ എനിക്ക് രണ്ട് കാരണങ്ങളെ ഉണ്ടായിരുന്നുള്ളൂ അതിൽ ഒന്ന് , അടിസ്ഥാന വിദ്യാഭ്യാസം മാത്രമുള്ള എനിക്ക് അച്ഛനും അമ്മയും എല്ലാമായ എന്റെ അച്ഛൻ ഇത് ആഗ്രഹിച്ചിരുന്നു, രണ്ട് ഞാൻ അച്ഛന്റെ ആഗ്രഹത്തെയും അച്ഛനെയും അതിലുമേറെ സ്നേഹിച്ചിരുന്നു. എന്നാൽ ഈ ആഗ്രഹങ്ങൾക്ക് കൂട്ടിരിക്കാൻ എന്റെ ജീവിതത്തിൽ ഒരു കൂട്ടുകാരൻ ഉണ്ടായതും, ചുറ്റിനും സ്നേഹത്താൽ മാത്രം കോർത്തു പിടിച്ച ധാരാളം മനുഷ്യർ ഉണ്ടായതുമാണ് എന്റെ കരുത്തു. ഈ സന്തോഷത്തിൽ പലരും ഫോണിലൂടെയും മെസ്സേജിലൂടെയും പങ്കു ചേർന്നു. അവരോടൊക്കെയും സ്നേഹം. എന്തായാലും ഗവേഷണത്തിന്റെ അടുത്ത പടിയായി വിദേശ സർവകലാശാലയിലെ ഒരു പിൻ വാതിൽ PDF കൂടി ആഗ്രഹിക്കുന്നുണ്ട്.
NB: ഇതിനിടയിലും ചില കുല്സിത ശക്തികളെ Dr.കാണുന്നുണ്ട്. വേണ്ടപോലെ പരിഗണിക്കുന്നതായിരിക്കും. ഒരു കുല്സിതനെ ചുവടെ ചേർക്കുന്നു