Image: Instagram

കടുത്ത സൈബര്‍ ആക്രമണങ്ങളും പരിഹാസങ്ങളും തന്നെ മാനസികമായി തകര്‍ത്തുകളഞ്ഞിരുന്നുവെന്ന് വെളിപ്പെടുത്തി ബോളിവുഡ് താരം അനന്യ പാണ്ഡെ. ആരെങ്കിലും നോക്കിയാല്‍ പോലും പൊട്ടിക്കരയുകയും സെറ്റുകളില്‍ പോകാനുള്ള മാനസികാവസ്ഥ നശിച്ച നിലയിലുമായിരുന്നു താനെന്നും അനന്യ അഭിമുഖത്തില്‍ വെളിപ്പെടുത്തി. 'നെപ്പോ ബേബി'യെന്ന വിളി മാനസമാധാനം കെടുത്തിയിട്ടുണ്ടോയെന്ന ചോദ്യത്തിന് താന്‍ നേരിട്ട അധിക്ഷേപങ്ങള്‍ എണ്ണിപ്പറഞ്ഞായിരുന്നു താരത്തിന്‍റെ മറുപടി. 

സമൂഹമാധ്യമങ്ങളിലെ ആളുകളുടെ പോസ്റ്റുകള്‍ തന്‍റെ ഉറക്കം കളഞ്ഞിരുന്നുവെന്നും തെറപ്പിയിലൂടെയാണ് ജീവിതം തിരിച്ചുപിടിച്ചതെന്നും അനന്യ പറയുന്നു. ആളുകള്‍ മോശമായി എഴുതുന്നത് വായിക്കുമ്പോള്‍ വികാരങ്ങളെ നിയന്ത്രിക്കാന്‍ കഴിഞ്ഞിരുന്നില്ല. ആദ്യമൊക്കെ ഓരോന്നും വായിച്ചുപോകുമ്പോള്‍ ഇത് മനസമാധാനം കളയാന്‍ പര്യാപ്തമായതാണെന്ന ചിന്ത ഉണ്ടായിരുന്നില്ല. കമന്‍റുകള്‍ വായിച്ച്, അത് വിട്ടുകളയുകയായിരുന്നു. പക്ഷേ മനസിനുള്ളില്‍ എവിടെയോ അത് പറ്റിയിരിക്കുകയുകയും പിന്നീടൊരവസരത്തില്‍ കടുത്ത നിരാശയിലേക്കും സങ്കടത്തിലേക്കും തള്ളിവിടുകയുമായിരുന്നു. തെറപ്പി ആരംഭിച്ചതോടെ വികാരങ്ങളെ നിയന്ത്രിക്കാനും സമൂഹ മാധ്യമങ്ങളിലൂടെയുള്ള അധിക്ഷേപങ്ങളെ ഉള്ളിലേക്ക് എടുക്കാതിരിക്കാനും കുറച്ചൊക്കെ താന്‍ പഠിച്ചെന്നും അനന്യ പറയുന്നു. 

'അഭിനയം ആരംഭിച്ച സമയത്ത് ആരോ വ്യാജ ഐഡിയുണ്ടാക്കി ഇന്‍സ്റ്റഗ്രാമില്‍ അവാസ്തവമായ കാര്യങ്ങള്‍ പോസ്റ്റ് ചെയ്തുവന്നു. ഒപ്പം പഠിച്ചതാണെന്ന് അവകാശപ്പെട്ടാണ് അപവാദം പ്രചരിപ്പിച്ചത്. ആദ്യം ഞാനോര്‍ത്തത് ഇതൊന്നും ആരും വിശ്വസിക്കില്ലെന്നാണ്. പക്ഷേ ആളുകള്‍ അതൊക്കെ വിശ്വസിച്ചു. ചിലപ്പോഴൊക്കെ എനിക്കീ സമൂഹ മാധ്യമങ്ങള്‍ ഉപേക്ഷിച്ച് ഓടിക്കളയാന്‍ തോന്നും. കൂനിയെന്നും, പരന്ന മാറിടമുള്ളവളെന്നും, കോഴിക്കാല് പോലെയാണെന്നും കരടിയെ പോലെ രോമം നിറഞ്ഞതാണ് എന്നുമെല്ലാം സ്കൂളില്‍ പഠിക്കുമ്പോള്‍ ആളുകള്‍ എന്നെ പരിഹസിച്ചിരുന്നു'. ഇതിന്‍റെ മറ്റൊരു രൂപമാണ് സോഷ്യല്‍ മീഡിയക്കാലത്ത് നടക്കുന്നതെന്നും താരം കൂട്ടിച്ചേര്‍ത്തു. ബോളിവുഡ് നടനും നിര്‍മാതാവുമായ ചങ്കി പാണ്ഡെയുടെയും ഭാവന പാണ്ഡെയുടെയും മകളാണ് അനന്യ. 

ENGLISH SUMMARY:

Ananya Panday opens up about mental health, body-shaming, and tackling trolls after being bullied on social media. I would read a comment and ignore it, but weeks later, it could still be there in your subconscious, and things like that really pile up. With therapy, I was able to consolidate my feelings and articulate my thoughts a little better, she adds