ആക്ഷനിലും ആറ്റിറ്റൃൂഡിലും  ആണിനൊപ്പമോ ചിലപ്പോള്‍ അതിനപ്പുറമോ നില്‍ക്കുന്ന നായിക.  പെണ്ണു നടക്കുന്നത് ഭൂമിപോലുമറിയരുതെന്ന് പറഞ്ഞിരുന്നവര്‍ക്ക് മുന്നില്‍  വില്ലന്‍മാരുടെ നെഞ്ചില്‍ ചവിട്ടിനിന്ന് അവള്‍ തോക്കു ചൂണ്ടിയ തന്‍റേടി. അഹങ്കാരിയെന്നും ചിലപ്പോള്‍ തന്‍റേടിയെന്നും  മുദ്രകുത്തപ്പെട്ട കഥാപാത്രങ്ങള്‍. അതിലൂടെ മലയാളത്തില്‍ ഒരു നായികയ്ക്കും കിട്ടാത്ത ആരാധകവൃന്ദം.  കണ്ണീരല്ല കയ്യൂക്കാണ്  പെണ്ണിന്‍റെ  കരുത്തെന്ന്  വെള്ളിത്തിരയില്‍  തെളിയിച്ച  ആ നായിക മറ്റാരുമില്ല  മലയാളത്തിന്‍റെ ആക്ഷന്‍ ക്യൂന്‍.  വാണി വിശ്വനാഥ്.

തിളങ്ങി നന്നകാലത്ത് മക്കള്‍ക്കായി കരിയറില്‍   ബ്രേക്കെടുത്തെങ്കിലും  പ്രേക്ഷകമനസില്‍  വാണിക്ക് ബ്രേക്ക്  ഉണ്ടായതേയില്ല. വാണിയുടെ സിനിമകള്‍ മിനിസ്ക്രീനില്‍  അതേ ആവശേത്തോടെ കണ്ടുകൊണ്ടേയിരുന്നു  പ്രേക്ഷകര്‍.  വര്‍ഷങ്ങള്‍ക്കിപ്പുറം അമ്മയുടെ സിനിമ കണ്ട് മക്കള്‍ തന്നെ ചോദിച്ചു അമ്മക്ക് വീണ്ടും അഭിനയിച്ചുകൂടേ എന്ന്. വാണി അതത്ര കാര്യമായെടുത്തില്ലെങ്കിലും മക്കള്‍  ചോദ്യം ആവര്‍ത്തിച്ചുകൊണ്ടേയിരുന്നു.  ഒടുവില്‍ ഇണങ്ങുന്നൊരു വേഷം വാണിയെ തേടിയെത്തി. എക്കാലത്തെയും പോലെ ഒരു ക്രൈം ത്രില്ലര്‍. കഥകേട്ട് അവര്‍   സമ്മതം മൂളി. അതെ  തിരിച്ചെത്തുകയാണ്  പഴയ മാസ് ഹീറോയിന്‍. ഒരു പതിറ്റാണ്ട് നീണ്ട ഇടവേളയ്ക്ക് ശേഷം. എം.എ നിഷാദിന്‍റെ സംവിധാനത്തില്‍ ഒരു അന്വേഷണത്തിന്‍റെ തുടക്കം എന്ന ചിത്രത്തിലൂടെ.

ക്രൈം ത്രില്ലറാണെങ്കില്‍ വാണി പൊലീസ് ആയിരിക്കും  എന്ന് കരുതിയവര്‍ക്ക് തെറ്റി.  ചിത്രത്തില്‍ വാണിക്ക് പൊലീസ് വേഷമല്ല. പക്ഷേ ആക്ഷനുണ്ടെന്ന്  ഉറപ്പിക്കാം. സ്വാസിക, ദുർഗാ കൃഷ്ണ, ഷൈന്‍ ടോം ചാക്കോ എന്നിവരും  ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നു.മോളിവുഡിന്‍റെ "ആക്ഷൻ ക്വീൻ" സിനിമയില്‍ മാത്രമല്ല ജീവിതത്തിലും ബോള്‍ഡ് ആണെന്ന് തെളിയിച്ച സാഹചര്യങ്ങള്‍ ഉണ്ടായിട്ടുണ്ട്. 

വാണി ഒരു അഭിനയത്രിയാകുമെന്നും രാഷ്ട്രീയത്തിൽ പ്രവേശിക്കുമെന്നും അവള്‍ക്ക് 13വയസുള്ളപ്പോള്‍ അച്ഛന്‍ പ്രവചിച്ചിരുന്നു. 1987ല്‍ മംഗല്യ ചാർത്തിലെ സിത്താരയായാണ് സിനിമയിലേക്ക് വാണി കടന്നുവരുന്നത്. മലയാളത്തിന് പുറമേ തെലുങ്ക്, കന്നഡ, തമിഴ്   ചിത്രങ്ങളിലും  വാണി ശ്രദ്ധേയമായ വേഷങ്ങള്‍ കൈകാര്യം ചെയ്തു. ടോളിവുഡ് സൂപ്പർസ്റ്റാറായ ചിരഞ്ജീവിക്കൊപ്പമുള്ള ഘരാന മൊഗുഡു എന്ന ചിത്രം അക്കാലത്തെ വമ്പന്‍ ഹിറ്റായിരുന്നു. കിരീടത്തിന്‍റെ തെലുങ്ക് റീമേക്കിലും വാണി വേഷമിട്ടിരുന്നു. മിഥുൻ ചക്രവർത്തിക്കൊപ്പം ജംഗ് , ഭീഷ്മ എന്നീ ഹിന്ദി ചിത്രങ്ങളിലും അഭിനയിച്ചു.

മലയാളത്തില്‍ ‌ മമ്മൂട്ടി, മോഹന്‍ലാല്‍, സുരേഷ് ഗോപി എന്നിവര്‍ക്കൊപ്പം ശ്രദ്ധേയമായ വേഷങ്ങളില്‍ വാണിയെത്തി. ചിലതില്‍  പ്രതിനായികയെന്ന് തോന്നിപ്പിക്കുന്ന പ്രകടനങ്ങള്‍. ജനാധിപത്യവും ദി കിങ്ങുമെല്ലാം  ഉദാഹരണങ്ങള്‍. 2000-ൽ ടി.വി. ചന്ദ്രൻ സംവിധാനം ചെയ്ത സൂസന്നയിലെ അഭിനയത്തിന് മികച്ച രണ്ടാമത്തെ നടിക്കുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരവും  വാണിയെ തേടിയെത്തി. വനിത പൊലീസ് എന്നാല്‍ വാണിയുടെ മുഖം ഇന്നും പ്രേക്ഷക മനസില്‍ എത്തുമെങ്കിലും വാണി ചെയ്ത മിക്ക പൊലീസ് വേഷങ്ങളിലും ഒരു നെഗറ്റീവ് ഷേഡുണ്ടായിരുന്നു . ആക്ഷന്‍ ഹീറോയിന്‍ ആയി ഒതുങ്ങിയെന്ന് തോന്നിയപ്പോള്‍ സീരിയലില്‍ ശാലീന സുന്ദരിയായി എത്തി അവര്‍ പ്രേക്ഷകരെ പിടിച്ചിരുത്തി.

നായകന്‍മാരെ പ്രണയിച്ച നായികമാരുടെ കാലത്ത്  വില്ലനെ പ്രണയിച്ച്  ജീവിതപങ്കാളിയാക്കി വാണിയെന്ന നായിക. ദ് ഗ്യാങ് എന്ന സിനിമയുടെ  സെറ്റില്‍‍വെച്ചാണ് ബാബുരാജ്–വാണി വിശ്വനാഥ് പ്രണയം ആരംഭിക്കുന്നത്. ആ ചിത്രത്തിന്‍റെ നിര്‍മാതാവായിരുന്നു ബാബുരാജ്.  പ്രതിബന്ധങ്ങളെ തരണം ചെയ്ത് ഒടുവില്‍ വാണിയും ബാബുരാജും 2002ല്‍ വിവാഹിതരായി. അങ്ങിനെ പ്രണയത്തിലും ആക്ഷന്‍ ടച്ച് കാത്തുവച്ച്  വാണി പ്രേക്ഷകരെ വിസ്മയിപ്പിച്ചു. ബാബുരാജിന്‍റെ അഭിനയ ജീവിതത്തില്‍ നാഴികക്കല്ലായ  മനുഷ്യമൃഗം എന്ന സിനിമ നിര്‍മിച്ചതും  വാണി തന്നെ.  2014 ല്‍ സിനിമ ജീവിതത്തിന് ബ്രേക്ക് ഇട്ട വാണി തന്‍റെ  സമയമുഴുവന്‍ മക്കള്‍ക്കായ മാറ്റിവച്ചു .  ഒടുവില്‍ പത്ത് വര്‍ഷത്തിന് ശേഷം  മോളിവുഡിൻ്റെ "ആക്ഷൻ ക്വീൻ" മടങ്ങിയെത്തുകയാണ്. മാസായി.