TOPICS COVERED

മാര്‍ക്കോയിലെ ആദ്യഗാനത്തെ ചൊല്ലിയുള്ള വിവാദം ഇതുവരെ കെട്ടടങ്ങിയില്ല. രവി ബസ്​റൂര്‍ ഈണം നല്‍കിയ ബ്ലഡ് എന്ന ഗാനം ആദ്യം പുറത്തുവന്നത് ഡബ്​സിയുടെ ശബ്​ദത്തിലായിരുന്നു. പാട്ടിന് സ്വീകാര്യത ലഭിച്ചിരുന്നുവെങ്കിലും ഡബ്​സിയുടെ ശബ്ദത്തിനെതിരെ പലരും രംഗത്തെത്തിയിരുന്നു. ഡബ്​സിയുടെ ശബ്ദം പാട്ടിനു ചേരുന്നില്ലെന്ന് വിമര്‍ശനമുയര്‍ന്നു. പിന്നാലെ ഗായകനെ മാറ്റുകയാണെന്ന് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചിരുന്നു. പിന്നാലെ തന്നെ കെജിഎഫ് ഫെയിം സന്തോഷ് വെങ്കിയുടെ ശബ്​ദത്തില്‍ പാട്ട് വീണ്ടും പുറത്തിറക്കി. 

ഇപ്പോഴിതാ വിഷയത്തില്‍ പ്രതികരണവുമായി സന്തോഷ് വെങ്കി തന്നെ രംഗത്തെത്തിയിരിക്കുകയാണ്. നിർമാതാവിന് അയച്ചുകൊടുക്കാൻ തയാറാക്കിയ ഒരു റഫ് വേർഷൻ മാത്രമായിരുന്നു തന്‍റേതെന്നും അത് അവർ ഉപയോഗിക്കുമെന്ന് സത്യമായും അറിയില്ലായിരുന്നുവെന്നും സന്തോഷ് വെങ്കിലി ഒടിടി പ്ലേയോട് പ്രതികരിച്ചു. 

'ഞാൻ ഒരിക്കലും ഡബ്സിക്ക് പകരമല്ല. ഒരു ദശാബ്ദത്തിലേറെയായി എനിക്ക് രവി ബസ്റൂറുമായി പരിചയമുണ്ട്. ഞങ്ങൾ വളരെ നല്ല സുഹൃത്തുക്കളാണ്. ഞാൻ അദ്ദേഹത്തിനു വേണ്ടി നിരവധി ഗാനങ്ങൾ ആലപിച്ചിട്ടുണ്ട്. ബ്ലഡ് എന്ന ഈ ട്രാക്ക് സത്യത്തിൽ നിർമാതാവിന് അയച്ചുകൊടുക്കാൻ തയ്യാറക്കിയ ഒരു റഫ് വേർഷൻ മാത്രമായിരുന്നു. അതിന്റെ യഥാർഥ പതിപ്പ് മറ്റൊരു ഗായകൻ പാടുമെന്നായിരുന്നു പറഞ്ഞിരുന്നത്. എന്റെ വേർഷൻ അവർ ഉപയോഗിക്കുമെന്ന് സത്യമായും അറിയില്ലായിരുന്നു.

പ്രേക്ഷകരിൽ നിന്നു ലഭിച്ച പ്രതികരണങ്ങളുടെ പശ്ചാത്തലത്തിലാണ് അത്തരമൊരു തീരുമാനത്തിലേക്ക് അണിയറപ്രവർത്തകർ എത്തിയത്. പാട്ട് റെക്കോർഡ് ചെയ്യാൻ ഡബ്സി ബെംഗളൂരുവിൽ വന്നപ്പോൾ ഞാൻ അവിടെ ഉണ്ടായിരുന്നു. ചില ഭാഗങ്ങൾ പാടാൻ അദ്ദേഹം പ്രയാസപ്പെട്ടു. എങ്കിലും പാട്ട് മികച്ച രീതിയിലാകും വരെ അദ്ദേഹം പരിശ്രമിച്ചു. എന്തായാലും സംഭവിച്ചത് നിർഭാഗ്യകരമാണ്. ഒരിക്കലും അദ്ദേഹത്തിന് പകരമല്ല ഞാൻ പാടിയതെന്നു തീർത്തു പറയുകയാണ്,' സന്തോഷ് വെങ്കി ഒടിടി പ്ലേയോട് പറഞ്ഞു

ENGLISH SUMMARY:

Santosh Venki responded to the ongoing controversy related the Blood song of Marco