TOPICS COVERED

ബോക്സ്​ ഓഫീസില്‍ നൂറ് കോടി നേടി ഉണ്ണി മുകുന്ദൻ–ഹനീഫ് അദേനി ചിത്രം ‘മാർക്കോ’. ആഗോള കലക്‌ഷനിലാണ് ചിത്രം നൂറ് കോടിയിലെത്തിയത്. മലയാളത്തില്‍ ഏറ്റവും വലിയ വയലന്‍റ് ചിത്രത്തിന് ആവേശകരമായ വരവേല്‍പ്പാണ് കേരളത്തിനകത്തും പുറത്തുനിന്നുമെത്തുന്നത്. റിലീസ് ചെയ്ത മലയാളം, തെലുങ്ക്, തമിഴ്, ഹിന്ദി ഭാഷകളിലെല്ലാം നിറഞ്ഞ സദസ്സിൽ മാർക്കോ പ്രദർശനം തുടരുകയാണ്. ക്യൂബ്‌സ് എന്‍റർടെയ്ൻമെന്‍റ്സിന്‍റെ ബാനറിൽ ഷെരീഫ് മുഹമ്മദ് നിർമിച്ച് ഹനീഫ് അദേനി തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രം ഡിസംബർ 20നാണ് കേരളത്തിൽ റിലീസിനെത്തിയത്. 

ഉണ്ണി മുകുന്ദനെ കൂടാതെ ജഗദീഷ്, സിദ്ദീഖ്, ആൻസൺ പോൾ, കബീർ ദുഹാൻസിംഗ് (ടർബോ ഫെയിം), അഭിമന്യു തിലകൻ, യുക്തി തരേജ തുടങ്ങിയവരും ഒട്ടേറെ ബോളിവുഡ് താരങ്ങളും ഒട്ടേറെ പുതുമുഖ താരങ്ങളും മലയാളത്തിലെ ചിത്രത്തിന്‍റെ ഭാഗമായിട്ടുണ്ട്.

നൂറ് കോടി ക്ലബിലെത്തുന്ന ഉണ്ണി മുകുന്ദന്റെ രണ്ടാം ചിത്രമാണ് ‘മാർക്കോ’. 2022ൽ പുറത്തിറങ്ങിയ ‘മാളികപ്പുറം’ 100 കോടി നേടിയിരുന്നു. മോഹൻലാൽ, നസ്ലെൻ, പൃഥ്വിരാജ്, ഫഹദ് ഫാസിൽ, ടോവിനോ തോമസ്‌, ദുൽഖർ സൽമാൻ എന്നിവരാണ് മലയാളത്തില്‍ നിന്നും 100 കോടി ക്ലബ്ബില്‍ കയറിയ മറ്റ് നായകനടന്മാര്‍. 

ENGLISH SUMMARY:

Unni Mukundan-Hanif Adeni film 'Marco' earns 100 crores at the box office