ഓള്‍ വി ഇമാജിന്‍ അസ് ലൈറ്റിലെ ദിവ്യ പ്രഭയുടെ ന്യൂഡ് രംഗം ആഘോഷമാക്കി നാണം കെട്ട് മലയാളി സമൂഹം. സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളിലും ഗ്രൂപ്പുകളിലും പ്രചരിക്കുന്ന സിനിമയിലെ സെക്കന്‍റുകള്‍ മാത്രമുള്ള ദൃശ്യത്തിന്‍റെ ലിങ്ക് ചോദ്യം ഇപ്പോള്‍ തകൃതിയായി നടക്കുകയാണ്. അശ്ലീല ചുവയുള്ള കമന്‍റുകള്‍ ദിവ്യ പ്രഭയടെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളുടെ കമന്‍റ് ബോക്സില്‍ പോലുമെത്തി. ഇതിനൊപ്പം മലയാളിയുടെ സംസ്കാരം ദിവ്യ പ്രഭയെ പഠിപ്പിക്കാന്‍ ഒരു കൂട്ടം സദാചാര പൊലീസും ഇറങ്ങിയിട്ടുണ്ട്.
മലയാളികളെ ആകെ നാണം കെടുത്തുന്ന പെരുമാറ്റത്തിനെതിരെ സോഷ്യല്‍ മീഡിയയില്‍ നിന്നും വലിയ വിമര്‍ശനവും വരുന്നുണ്ട്. സിനിമയുടെ തീമോ പ്രത്യേക രംഗത്തിന്‍റെ ആവശ്യകതയോ പോലും അന്വേഷിക്കാതെയാണ് അശ്ലീല കമന്‍റുകളെന്നും സ്ത്രീകളുടെ ശരീരത്തിന്‍റെ കാര്യം വരുമ്പോള്‍ സദാചാര കുരു പൊട്ടിയൊലിക്കുന്നുവെന്നും വിമര്‍ശനമുണ്ട്.
പായല്‍ കപാഡിയ സംവിധാനം ചെയ്ത ചിത്രം അന്താരാഷ്ട്ര വേദിയായ കാന്‍ ഫിലിം ഫെസ്റ്റിവലിലെ പുരസ്കാരനേട്ടത്തെക്കാള് വലിയ ആഘോഷമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ നടക്കുന്നത്. കനി കുസൃതി, അസീസ് നെടുമങ്ങാട്, ഹൃദു ഹാരുണ്‍ എന്നിവരും ചിത്രത്തില്‍ പ്രധാനകഥാപാത്രങ്ങളായി എത്തിയിരുന്നു.