ഇക്കാലത്തെ സീരിയലുകള്‍ക്ക് സെന്‍സറിങ് ആവശ്യമാണെന്നും പലതും എന്‍ഡോസള്‍ഫാന്‍ പോലെ മാരകമാണെന്നും പറഞ്ഞ നടനും ചലച്ചിത്ര അക്കാദമി ചെയര്‍മാനുമായ പ്രേംകുമാറിനെതിരെ നടന്‍ ധര്‍മജന്‍ ബോള്‍ഗാട്ടി. താനും മൂന്ന് മെഗാസീരിയല്‍ എഴുതിയ ആളാണെന്നും തനിക്കത് അഭിമാനമാണെന്നും ധര്‍മജന്‍ പറയുന്നു. സീരിയലിനെ എന്‍ഡോസള്‍ഫാന്‍ എന്നുവിശേഷിപ്പിച്ച പ്രേംകുമാറും സീരിയലിലൂടെ തന്നെ വന്ന ആളാണെന്നും ധര്‍മജന്‍. ഒരു സ്ഥാനം കിട്ടി എന്നുവെച്ചു തലയിൽ കൊമ്പൊന്നും ഇല്ലല്ലോ, പാവപെട്ടവർ ജീവിച്ചു പൊക്കോട്ടെ ചേട്ടാ..എന്നുകൂടി പറഞ്ഞാണ് പ്രേംകുമാറിനെതിരായ ധര്‍മജന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ് അവസാനിക്കുന്നത്.
സിനിമയും സീരിയലും വെബ്സീരീസുമെല്ലാം ഒരു വലിയ ജനസമൂഹത്തെയാണ് കൈകാര്യം ചെയ്യുന്നതെന്നും അത് പാളിപ്പോയാൽ ഒരു ജനതയെ തന്നെ അപചയത്തിലേക്ക് നയിക്കുമെന്ന തിരിച്ചറിവ് കല സൃഷ്ടിക്കുന്നവർക്ക് ഉണ്ടാകണമെന്നുമായിരുന്നു പ്രേംകുമാര്‍ സീരിയലുകളെക്കുറിച്ച് പറഞ്ഞത്. സെന്‍സറിങ് ആവശ്യമാണെന്നും എന്‍ഡോസള്‍ഫാന്‍ പോലെ മാരകവിഷമാണ് ചില സീരിയലുകളില്‍ നിറയുന്നതെന്നും പ്രേംകുമാര്‍ കൊച്ചിയില്‍ പറഞ്ഞു. മാധ്യമങ്ങളോട് സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ വിമര്‍ശനം.
അതേസമയം പ്രേംകുമാറിനെ വിമര്‍ശിച്ച ധര്‍മജന്‍ ബോള്‍ഗാട്ടിക്കെതിരെ വലിയ തോതിലുള്ള പ്രതിഷേധമാണ് ഉയരുന്നത്. പ്രേംകുമാര്‍ പറഞ്ഞത് സത്യമാണെന്നും സീരിയലുകള്‍ കുടുംബസമാധാനം തകര്‍ക്കുന്ന തരത്തിലുള്ളവയാണെന്നും സോഷ്യല്‍മീഡിയ അഭിപ്രായപ്പെടുന്നു. എന്‍ഡോസള്‍ഫാന്‍ എന്നല്ല സയനൈഡ് എന്നാണ് വിശേഷിപ്പിക്കേണ്ടതെന്നും ചില കമന്റുകളുണ്ട്. യാതൊരു ലോജിക്കും ഇല്ലാത്ത കഥകളാണ് പടച്ചുവിടുന്നതെന്നും പല സീരിയലുകളും വിമര്‍ശനമര്‍ഹിക്കുന്നവയാണെന്നും ഭൂരിപക്ഷം പറയുന്നു.